
നെടുമങ്ങാട്: നടവഴി വെള്ളത്തിലാക്കിയ,അശാസ്ത്രീയ ചെക്ക് ഡാം നിർമ്മാണത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്.നെടുമങ്ങാട് നഗരസഭ പരിധിയിൽപ്പെട്ട ഉളിയൂർ പാലത്തിനടിയിൽ കല്ലമ്പാറ ആറിന് കുറുകെയാണ് പ്രദേശവാസികളെ ദുരിതത്തിലാക്കി അനധികൃത ചെക്ക് ഡാം നിർമ്മിച്ചത്.മാലിന്യം തടഞ്ഞുനിറുത്തി കോരി മാറ്റാനാണ് ചെക്ക് ഡാം നിർമ്മിച്ചതെന്ന് അധികൃതർ പറയുന്നു.വർഷങ്ങളായി പ്രദേശവാസികൾ ആശ്രയിക്കുന്ന പ്രധാന നടവഴി കൈയേറിയാണ് തടയണ നിർമ്മിച്ചിരിക്കുന്നത്.
ചെക്ക് ഡാം നിർമ്മാണത്തോടെ ജലനിരപ്പ് ഉയരുകയും വെള്ളം നടവഴിയിലേക്ക് കയറുകയുമായിരുന്നു.മുട്ടൊപ്പം വെള്ളം പൊങ്ങിയതോടെ ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.റോഡിലെത്തണമെങ്കിൽ ഏറെദൂരം ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് ഇവർ.പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ചെക്ക്ഡാമിൽ അടിഞ്ഞുകൂടുന്നത്.മാലിന്യം കലർന്ന ജലത്തിലൂടെ നടന്നുപോകുന്നത് പകർച്ചവ്യാധികൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്നും ആശങ്കയുണ്ട്.പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കച്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരരംഗത്ത് ഇറങ്ങിയിരിക്കുകയാണ് നാട്ടുകാർ.
ക്യാപ്ഷൻ: ഉളിയൂരിൽ ചെക്ക് ഡാം വന്നതോടെ നടവഴി വെള്ളം കയറിയ നിലയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |