SignIn
Kerala Kaumudi Online
Friday, 28 August 2026 1.40 AM IST

അപകടങ്ങളുടെ വിളനിലമായി കിഴക്കേകോട്ട

തിരുവനന്തപുരം: ജില്ലയിലെ ഏറ്റവും തിരക്കേറിയ കിഴക്കേകോട്ടയിൽ അപകടങ്ങൾ അവസാനിക്കുന്നില്ല. കഴിഞ്ഞദിവസം പഴവങ്ങാടി ക്ഷേത്രത്തിന് സമീപത്തുവച്ച് അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടമായ ഏണിക്കര സ്വദേശി പ്രേംകുമാറാണ് അവസാനത്തെ ഉദാഹരണം. അപകടങ്ങൾ ഒഴിവാക്കാൻ പല പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും അവ കടലാസിൽ മാത്രം ഒതുങ്ങുകയാണ്.

കഴിഞ്ഞ കോർപ്പറേഷൻ ഭരണസമിതി കിഴക്കേകോട്ടയിലെ ഗാന്ധിപാർക്കിന് സമീപം നിർമ്മിച്ച ആകാശ നടപ്പാത ജനങ്ങൾ ഉപയോഗിക്കാറില്ല. പ്രായമായവരും സ്ത്രീകളും പടികൾ കയറി റോഡ് മുറിച്ചുകടക്കാൻ വിസമ്മതിക്കുന്നു. അതിനാൽ തമ്പാനൂരിൽ റെയിൽവേ സ്റ്റേഷനിലേതുപോലെ എസ്കലേറ്റർ സംവിധാനങ്ങൾ നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. മാത്രവുമല്ല, ഇന്ന് അവ സാമൂഹിക വിരുദ്ധർ ഉൾപ്പടെ ദുരുപയോഗം ചെയ്യുന്നതായും പരാതിയുണ്ട്. ലഹരി ഇടപാടുകൾ വരെ ഇവിടെ നടക്കുന്നെന്നാണ് ആക്ഷേപം.അതിൽ പൊലീസ് നിരീക്ഷണവും ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. കിഴക്കേകോട്ടയിലെ അപകട പരമ്പര ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ ജൂലായ് 4ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ അധികൃതർ അവഗണിക്കുന്നതാണ് തുടർ അപകടങ്ങൾക്ക് കാരണം.

മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനം ഒരുക്കുമെന്ന് നഗരസഭ അറിയിച്ചിരുന്നു. എന്നാൽ സ്ഥലം കണ്ടെത്താൻ സാധിക്കാതെ പദ്ധതി ചുവപ്പ് നാടയിൽ കുരുങ്ങി

കിഴക്കേകോട്ടയിൽ അനധികൃത പാർക്കിംഗിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് നഗരസഭയുടെ ആവശ്യം. എന്നാൽ വി.ഐ.പി വാഹനങ്ങൾ ട്രാഫിക്ക് നിയമങ്ങൾ തെറ്റിക്കുന്നതായി പരാതി

തുടരെ അപകടങ്ങൾ

2024 ഡിസംബറിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് ബസുകൾക്കിടയിൽപ്പെട്ട് ഞെരുങ്ങി കേരള ബാങ്കിലെ ജീവനക്കാരൻ ഉല്ലാസിന് ജീവൻ നഷ്ടമായ സംഭവത്തിൽ ഇന്നും ഞെട്ടൽമാറിയിട്ടില്ല. കോവളം ഭാഗത്തുനിന്ന് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കിഴക്കേകോട്ടയിലെത്തി യൂടേൺ എടുക്കുന്നതിനിടെയായിരുന്നു അപകടം. ആളുകൾ ബഹളം വച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ഫോർട്ട് പൊലീസ് സ്ഥലത്തെത്തി, പൊലീസ് വാഹനത്തിൽ ഉല്ലാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എന്നാൽ ഇത്രയും അപകട ഭീതി ഉയർത്തുന്ന കിഴക്കേകോട്ടയിൽ ആവശ്യത്തിനുവേണ്ട നടപടി മാത്രമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL