കോന്നി : ആവോലിക്കുഴിയിൽ അജ്ഞാത ജീവിയുടെ ആക്രണത്തിൽ പശുക്കിടാവ് ചത്തു. ആവോലിക്കുഴി, മണ്ണിൽപുത്തൻ വീട്ടിൽ ബിന്ദുവിന്റെ പശുക്കിടാവാണ് ചത്തത്. ഇന്നലെ രാവിലെയാണ് സംഭവം വീട്ടുകാർ അറിയുന്നത്. ആക്രമിച്ചത് ഏത് ജീവിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
കടുവയാണ് ആക്രമിച്ചതെന്നാണ് പ്രദേശവാസികളുടെ സംശയം. മുൻപ് ഈ മേഖലയിൽ കടുവയുടെയും പുലിയുടെയും ചെന്നായയുടെയും സന്നിദ്ധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. പ്രദേശത്ത് ക്യാമറ സ്ഥാപിക്കുമെന്ന് വനപാലകർ അറിയിച്ചു. കോന്നി ഫോറസ്റ്റ് റേഞ്ചിലെ ഞള്ളൂർ (ഉത്തരകുമരംപേരൂർ ) ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വനമേഖലയോടു ചേർന്ന ജനവാസ മേഖലയാണ് പ്രദേശം. മുൻപ് കോന്നി പഞ്ചായത്തിലെ ആറാം വാർഡായ അതുമ്പുംകുളത്ത് തണ്ണിത്തോട് റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് ശേഷം പല തവണ ആവോലിക്കുഴി, അതുമ്പുംകുളം മേഖലകളിൽ പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
കോന്നി റോഡിലെ അതുമ്പുംകുളം ജംഗ്ഷന് സമീപം വരെയും സമീപത്തെ ചെങ്ങറ സമരഭൂമിയിലും പതിവായി കാട്ടാന ശല്യമുണ്ട്. ആവോലിക്കുഴിയിലെ ജനവാസ മേഖലയിൽ അടുത്തിടെ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |