SignIn
Kerala Kaumudi Online
Friday, 28 August 2026 1.51 AM IST

അനധികൃത ഇറച്ചിവെട്ട് തകൃതി​, നടപടി​യി​ല്ല

ചാത്തന്നൂർ: ജി​ല്ലയി​ൽ അനധികൃത ഇറച്ചിവെട്ട് കേന്ദ്രങ്ങളും വില്പന കേന്ദ്രങ്ങളും വ്യാപകമായി​ട്ടും യാതൊരു നടപടി​യുമി​ല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വരുമാനത്തിൽ പ്രതിവർഷം ലക്ഷങ്ങളുടെ നഷ്ടമാണ് ഇതി​ലൂടെ ഉണ്ടാകുന്നത്.

ഉത്സവ നാളുകളി​ൽ താത്കാലികമായി കെട്ടിയുയർത്തുന്ന അറവ് ശാലകൾ സ്ഥിരമായി കാണുന്ന കാഴ്ചയാണ്. അനധികൃതമായി മൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കുന്ന അറവ് ശാലകളും ആയിരക്കണക്കിന് ഇറച്ചി വില്പന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നതായി
അധികൃതർ തന്നെ സമ്മതിക്കുന്നുമുണ്ട്.
തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു മാർക്കറ്റുകളിൽ ഇറച്ചി വ്യാപാരത്തി​നുള്ള ലേലം നടത്തിയിട്ട് വർഷങ്ങൾ കഴി​ഞ്ഞു. സ്വന്തമായി കശാപ്പ് ശാല ഇല്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതു മാർക്കറ്റുകളിൽ ഇറച്ചി വില്പന
ലേലം നടത്തരുതെന്ന നിയമം വന്നതാണ് വി​ഷയം. കൊല്ലം ജില്ലയിൽ കശാപ്പ് ശാല പ്രവർത്തിച്ചിരുന്നത് കൊല്ലം കോർപ്പറേഷനിലും പരവൂർ നഗരസഭയി​ലും മാത്രമാണ്. ഇവിടെ വെട്ടി സീൽ ചെയ്‌ത് വിടുന്ന ഇറച്ചിയാണ് മാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്. രണ്ട് കശാപ്പ് ശാലകളും നിലവിൽ പ്രവർത്തനക്ഷമമല്ല. ഇതിന്റെ മറപിടിച്ചാണ് അനധികൃത ഇറച്ചിവെട്ട് വ്യാപകമാകുന്നത്.
പരവൂരിലെ തീരപ്രദേശങ്ങളിൽ മാത്രം അഞ്ച് അനധികൃത അറവ് ശാലകളുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇറച്ചി വില്പനയ്ക്കുള്ള ലേല നടപടികൾ ആരംഭിച്ചാൽ സ്വന്തമായി കശാപ്പ് ശാലയില്ല എന്ന കാരണത്താൽ മേഖലയി​ലുള്ളവർ കോടതിയെ സമീപിക്കും. കശാപ്പ് ശാലകൾ സ്ഥാപിക്കാൻ തദേശസ്വയം ഭരണ സ്ഥാപനങ്ങൾ സ്ഥലം കണ്ടെത്തിയാൽ പരിസ്ഥിതിയുടെയും ആരോഗ്യ പ്രശ്നങ്ങളുടെയും
പേര് പറഞ്ഞ് വി​ഷയമുണ്ടാവും.

ലക്ഷങ്ങളുടെ അഴി​മതി​


കശാപ്പ് ശാല സ്ഥാപിക്കാതിരിക്കാൻ വേണ്ടി ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. കശാപ്പ് ശാലകളുടെ അഭാവം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കുന്നു. വെട്ടാനായി എത്തിക്കുന്ന മൃഗങ്ങളെ വെറ്ററി​നറി സർജൻ പരിശോധിച്ച് അസുഖങ്ങളില്ലെന്നും ആരോഗ്യമുള്ളതാണെന്നും സ്ഥരീകരി​ക്കണം. എന്നാൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് വൃത്തി​ഹീനമായ വി​ധത്തി​ൽ ഇറച്ചി​ വി​ല്പന നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL