SignIn
Kerala Kaumudi Online
Saturday, 27 June 2026 7.35 PM IST

മിസ് യൂ....സമയം, ചായക്കട ചർച്ച

  • പ്രചാരണച്ചൂടിലേക്ക്

തൃശൂർ: കൊവിഡ് നിയന്ത്രണം വീർപ്പുമുട്ടിച്ച കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഓർമ്മകൾ മായും മുൻപേ, മറ്റൊരു തിരഞ്ഞെടുപ്പ് കാലം കൂടി. ഇക്കുറി വില്ലൻ കൊവിഡല്ല, മറിച്ച് സമയപരിമിതിയാണ്. പ്രചാരണത്തിന് ഒരു മാസം പോലുമില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് വോട്ടെടുപ്പിലേക്ക് വെറും 25 ദിവസം മാത്രം. പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥി നിർണയം കൂടി വൈകിയതോടെ, പ്രചാരണത്തിന് ലഭിക്കുന്നത് 20 ദിവസമാണ്. ദേശീയ സംസ്ഥാന നേതാക്കളെ എത്തിച്ചുള്ള വൻ പ്രചാരണ റാലികൾക്ക് ആരും ഇതുവരെ മുതിർന്നിട്ടില്ല. കേരളത്തിലെ തിരഞ്ഞെടുപ്പ് ദിനത്തിൽ തന്നെയാണ് അസം, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലും വോട്ടെടുപ്പ്. തമിഴ്‌നാട്ടിലും ബംഗാളിലും 23നാണ് പോളിംഗ്. അതുകൊണ്ട് ദേശീയ നേതാക്കളുടെ ഷെഡ്യൂൾ തയ്യാറാക്കുകയെന്നതും വിഷമകരമാകും. ഇതിനിടെ സ്ഥാനാർത്ഥികളുടെ വോട്ട് പര്യടനം, പ്രമുഖരെ കാണൽ തുടങ്ങിയ പരിപാടികളും ഷെഡ്യൂൾ ചെയ്യേണ്ടതുണ്ട്.


ഗ്യാസിനും പങ്കുണ്ട് തിരഞ്ഞെടുപ്പിൽ

പാചകവാതക ക്ഷാമം മൂലം തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന രാഷ്ട്രീയ ചർച്ചാകേന്ദ്രമായ ചായക്കടകൾക്ക് പൂട്ടുവീഴുന്നത് സ്ഥാനാർത്ഥികളെ ആശങ്കയിലാഴ്ത്തുന്നു. പാചകവാതക പ്രതിസന്ധി മൂലം പല നാട്ടിൻപുറത്തെ ചായക്കടകളും അടഞ്ഞു കിടക്കുകയാണ്. ഒരു ചായക്കടയിൽ പത്ത് മിനിറ്റ് നേരം ഒരു സ്ഥാനാർത്ഥി ചെലവഴിച്ചാൽ അന്നാട്ടിലെ 20 വീടുകളിൽ കയറുന്നതിന് തുല്യമാണ്. പാചക വാതക പ്രതിസന്ധിയെ തുടർന്ന് ചായക്കടകൾ നിശബ്ദമാകുമ്പോൾ നാട്ടിൻപുറത്തെ ചർച്ചാവേദികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അന്യമാകുകയാണ്.

ഓർമ്മയുണ്ടോ ആ കൊവിഡ് കാലം

റോഡ് ഷോയ്ക്കും റാലികൾക്കും നിയന്ത്രണം, വീടുകൾ കയറിയുള്ള പ്രചാരണത്തിന് ആളുകളുടെ എണ്ണം പരിമിതം, വലിയ ആൾക്കൂട്ടം ഒഴിവാക്കാൻ പ്രത്യേക നിർദ്ദേശം... ഇങ്ങനെയൊക്കെയായിരുന്നു 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലം. പോളിംഗ് ബൂത്തുകളിൽ വോട്ടർമാർക്ക് മാസ്‌കും സാനിറ്റൈസറും ഗ്ലൗസും പ്രത്യേകം നൽകി. പി.പി.ഇ കിറ്റ് ധരിച്ച് ക്വാറന്റൈനിൽ കഴിഞ്ഞ കൊവിഡ് ബാധിതർക്ക് വോട്ട് ചെയ്യാനും അവസരം ഒരുക്കി. 80 വയസിന് മുകളിൽ പ്രായമുള്ളവർക്കായി വീട്ടിലെത്തിയുള്ള തപാൽ വോട്ടും നടപ്പാക്കി. 2021 മേയ് 2ന് വോട്ടെണ്ണൽ കഴിഞ്ഞ് ആഹ്‌ളാദ പ്രകടനത്തിനും ജാഥകൾക്കും നിരോധനമായിരുന്നു. ശേഷം മേയ് പകുതിയോടെ കൊവിഡ് കേസ് ഉയർന്ന് ലോക്ക് ഡൗണായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL