SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.06 AM IST

ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് വർഷം: ബനാന - ഹണി പാർക്ക് എന്ന് തുറക്കും..!

honey-park

  • കാടുപിടിച്ച് വൻ പദ്ധതി

തൃശൂർ: കർഷകർക്കും ആദിവാസികൾക്കും ഒരുപോലെ ഗുണകരമായ പീച്ചി കണ്ണാറയിലെ ബനാന - ഹണി പാർക്ക് ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുവർഷം കഴിഞ്ഞും കാടുപിടിച്ച നിലയിൽ. കൃഷി വകുപ്പിന്റെ മോഡൽ ഹോർട്ടികൾച്ചർ നഴ്‌സറിയുടെ പത്തേക്കർ സ്ഥലത്ത് നിർമ്മിച്ച പാർക്ക് 2021 ഫെബ്രുവരിയിലായിരുന്നു ഉദ്ഘാടനം ചെയ്തത്.

തേൻ, വാഴപ്പഴം എന്നിവയിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിട്ട് 30 കോടി ചെലവഴിച്ചായിരുന്നു നിർമ്മാണം. എന്നാൽ, തെരുവുനായകളുടെ വിഹാരകേന്ദ്രമാണിപ്പോൾ. പാമ്പുശല്യം വർദ്ധിക്കുന്നുവെന്ന ഭീതിക്കിടെ പാർക്കിന് സമീപമുള്ളവരും ആശങ്കയിലാണ്. കന്നുകാലികൾ മേഞ്ഞുനടക്കുന്ന ബനാന - ഹണി പാർക്കിലെ വിശാലമായ കെട്ടിടങ്ങളും നാശത്തിന്റെ വക്കിലാണ്.

തൃശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു കെട്ടിടങ്ങളുടെ നിർമ്മാണച്ചുമതല. വിശാലമായ കെട്ടിടങ്ങളിൽ ഒരു കോടി രൂപയുടെ ഉപകരണങ്ങൾ താത്കാലികമായി സ്ഥാപിച്ചായിരുന്നു കൊവിഡ് കാലത്ത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. 2023ൽ കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിച്ച് ബനാന - ഹണി പാർക്ക് കൈമാറാനുള്ള നീക്കവും പാളിയതോടെയാണ് പാർക്കിന് ദീർഘനാളായി താഴുവീണത്.

റവന്യൂ വകുപ്പിന്റെ ചെക്ക്

ബനാന - ഹണി പാർക്കിന്റേത് ഉൾപ്പെടെ 60 ഹെക്ടർ സ്ഥലം സൗജന്യ നിരക്കിൽ കാബ്‌കോയ്ക്ക് പാട്ടത്തിന് നൽകാമെന്ന് ധാരണയുണ്ടായെങ്കിലും റവന്യൂ വകുപ്പ് അഞ്ച് ശതമാനം മാർക്കറ്റ് നിരക്ക് വേണമെന്ന് ശഠിച്ചതാണ് ഒടുവിൽ പ്രതിസന്ധിയായത്. തിരുവനന്തപുരം ആനയറയിലെ ഒരേക്കർ സ്ഥലം കമ്പനിക്ക് ഉടമസ്ഥാവകാശത്തിൽ നൽകുന്നത് ധനവകുപ്പും എതിർത്തു. കാബിനറ്റിന് മുൻപിൽ നിരവധി തവണ വന്നെങ്കിലും പാട്ടനിരക്കിൽ തീരുമാനമാകാത്തതിനാൽ കാബ്‌കോ കമ്പനിയുടെ സർക്കാർ നടത്തേണ്ട മൂലധന നിക്ഷേപവും മുടങ്ങി.

33 ശതമാനം ഓഹരിത്തുകയോ തത്തുല്യ ഭൂമിയോ നൽകാൻ ധനവകുപ്പ് വിസമ്മതിച്ചതിനാൽ നബാർഡിൽ നിന്നും ലഭിക്കേണ്ട ഓഹരി മൂലധനവും മുടങ്ങിയിരുന്നു. 66 ശതമാനം ഓഹരി നൽകാനുള്ള സ്വകാര്യ സംരംഭകരും ഇതോടെ പിൻവാങ്ങി. 55,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിനുള്ളിൽ കോടികൾ മുടക്കി സ്ഥാപിച്ച യന്ത്രങ്ങൾ ഇനി പ്രവർത്തിക്കുമോയെന്നതും ആശങ്കയാണ്.

ഇരുട്ടിലായി ആദിവാസികളുടെ

വരുമാനവർദ്ധനവ്

കാട്ടിലെ തേനെടുത്ത് ഉപജീവനം നടത്തുന്ന ആദിവാസി വിഭാഗങ്ങളുടെ വരുമാന വർദ്ധനവിന് ഉതകുന്ന പദ്ധതിയാണ് ബനാന - ഹണി പാർക്കിന് താഴുവീണതോടെ ഇരുട്ടിലായത്. കാട്ടുതേൻ ഉൾപ്പെടെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റാനായാൽ ആദിവാസികൾക്ക് വരുമാന നേട്ടം ഉറപ്പായിരുന്നു. പാണഞ്ചേരി പഞ്ചായത്തിൽ മാത്രം പൂഞ്ചിറ, മണിയൻകിണർ, ഒളകര, താമരവെള്ളച്ചാൽ തുടങ്ങി അഞ്ച് ഊരുകളുണ്ട്. അതിരപ്പിള്ളി, വാഴച്ചാൽ, കൊടകര മേഖലകളിലുള്ള ജില്ലയിലെ ആദിവാസി വിഭാഗങ്ങൾക്കും ജില്ലയിലെമ്പാടുമുള്ള വാഴക്കർഷകർക്കും പാർക്ക് ഉപകരിക്കുമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL