
ചാലക്കുടി: ആദ്യകാലങ്ങളിൽ വനത്തിലെ കൂപ്പുകളിൽ പണിയെടുക്കാൻ പോകുന്ന തൊഴിലാളികളും ആദിവാസികളുമായിരുന്നു ഉൾക്കാടുകളിൽ ആനകളെ മുഖാമുഖം കണ്ടിരുന്നത്. അക്കാലത്ത് തൊഴിലാളികളുടെ ടെന്റുകളിൽ കാട്ടാനകൾ എത്തിയിരുന്നത് ചാരവും ഉപ്പും മാത്രം ലക്ഷ്യം വച്ചായിരുന്നു. ആഹാരം കഴിഞ്ഞ് മടങ്ങുന്ന ഇവ മനുഷ്യർക്ക് കാര്യമായ ശല്യം ഉണ്ടാക്കിയിരുന്നില്ല. അടച്ചുറപ്പില്ലാത്ത പഴയകാല ആദിവാസി ഊരുകളിൽ വിശപ്പകറ്റാൻ എത്തുന്ന ആനകളെ പന്തം കാട്ടിയും പടക്കം പൊട്ടിച്ചും എളുപ്പത്തിൽ തുരത്താൻ ആളുകൾക്ക് സാധിച്ചിരുന്നു. എന്നാൽ ഇന്ന് കാലം മാറി ആനകളുടെ ജീവിത - സ്വഭാവ രീതികളും മാറി. കാട്ടിലെ ഭക്ഷണത്തിന്റെ ദൗർലഭ്യമാണ് ഇവയെ നാട്ടിലെത്തിക്കാൻ പ്രേരിപ്പിക്കുന്നത്. പുഴയിലെ വെള്ളം കുടിയും വീട്ടുപറമ്പുകളിലെ ചക്ക,ഏത്തവാഴ എന്നിവയും ആനകൾക്ക് ഇഷ്ട വിഭവമായി. കാടിനകത്ത് ഈറ്റയും മറ്റു പഴങ്ങളും മാത്രം കഴിച്ചു ജീവിച്ചവർ ആഹാരത്തിന്റെ പുതിയ മെനു തേടി നാട്ടിലിറങ്ങിത്തുടങ്ങി. ഇതിനിടെ കാടുകയറിയുള്ള പൈനാപ്പിൾ കൃഷിയിലും ഇവ ആകർഷിക്കപ്പെട്ടു. മനുഷ്യന്റെ ഇഷ്ട വിഭവങ്ങളാണ് കുറേക്കാലമായി ആനകളുടെ പ്രിയ വിഭവം. ഇവയുടെ സ്വഭാവത്തിലും പ്രകടമായ മാറ്റങ്ങളുണ്ടായി.
ഗുണ്ടുകൾ പൊട്ടിച്ചാൽ പോലും ഭയപ്പെടാതെ വീട്ടുമുറ്റത്തുതന്നെ നിലയുറപ്പിക്കുന്ന അവസ്ഥയാണ്. വൈദ്യുത ഫെൻസിംഗുകൾ ഉണക്ക മരങ്ങൾ മറിച്ചിട്ട് നിഷ്പ്രയാസം തകർക്കുന്ന കരിവീരന്മാരുടെ ബുദ്ധി മനുഷ്യരെപ്പോലും അമ്പരപ്പിക്കുകയാണ്.
ആക്രമണവാസന കൂടി
എന്തു ശബ്ദം കേട്ടാലും ചിന്നം വിളിച്ച് ഓടുന്ന ആനകൾ ഇപ്പോഴില്ല.പഴയതുപോലെ പന്തം കൊളുത്തിയോ, പാട്ട കൊട്ടിയോ, സാധാരണ വന്യജീവി പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചോ ഇവയെ തുരത്താൻ കഴിയില്ലെന്ന് മലയോരവാസികൾ പറയുന്നു. ഓടിച്ചു വിടുമ്പോൾ തിരിഞ്ഞെത്തി ആക്രമിക്കൽ സ്ഥിരമായതോടെ ജനങ്ങൾ പ്രതിരോധത്തിലാണ്. പരമ്പരാഗത പ്രതിരോധ രീതികളെല്ലാം പരാജയപ്പെടുന്ന സാഹചര്യത്തിൽ ഈ രംഗത്ത് ഇനി ആധുനികവും സാങ്കേതികമായി മുന്നിട്ടുനിൽക്കുന്നതുമായ 'ന്യൂജെൻ' പ്രതിരോധ സംവിധാനങ്ങൾ തന്നെ നടപ്പിലാക്കേണ്ടതുണ്ടെന്ന് ഇവർ പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് നാട്ടുകാർക്ക് രാത്രികാലങ്ങളിൽ വന്യജീവികളെ ഭയക്കാതെ നടക്കാമായിരുന്നു. ഇപ്പോൾ പകൽ വിജനമായ വഴിയിലൂടെ സഞ്ചരിച്ചാൽ ആനകളുടെ ആക്രമണം ഉണ്ടാകുന്ന അവസ്ഥയാണ്.
സുരേന്ദ്രൻ മേപറമ്പൻ
വൈശ്ശേരിയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |