SignIn
Kerala Kaumudi Online
Thursday, 04 June 2026 5.59 AM IST

കാലവർഷം സജീവമാകുന്നു: മുപ്പതോളം പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീതിയിൽ

മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം

തൃശൂർ : കാലവർഷം ശക്തമാകുന്നതോടെ ജില്ലയിലെ മുപ്പതോളം പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീതിയിൽ. ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം മാസങ്ങൾക്ക് മുമ്പ് നടത്തിയ പരിശോധനയിലായിരുന്നു കണ്ടെത്തൽ. ഇതോടെ ഇരുന്നൂറലേറെ കുടുംബങ്ങളാണ് ആശങ്കയിൽ. ഉരുൾപൊട്ടൽ, സോയിൽ പൈപ്പിംഗ്, മണ്ണിടിച്ചിൽ, പുഴകൾ കരകവിഞ്ഞൊഴുകൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്ക് സാധ്യതയുള്ള പ്രദേശങ്ങളാണ് ഇവ. ഇത്തവണ ചെറിയ കുന്നിൻ പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴ ശക്തമായാൽ ജിയോളജി വിഭാഗവുമായി സഹകരിച്ച് കൂടുതൽ പ്രദേശങ്ങളിൽ പരിശോധന നടത്തുമെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പറഞ്ഞു.


മുന്നൊരുക്കവുമായി ജില്ലാ ഭരണകൂടം

ജില്ലയിൽ കാലവർഷം സജീവമായതോടെ ജാഗ്രതാ നിർദ്ദേവുമായി ജില്ലാ ഭരണകൂടം. അടിയന്തര മുന്നൊരുക്കങ്ങളും ജാഗ്രതാ നടപടികളും ശക്തമാക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണായി ജില്ലാ കളക്ടർ അറിയിച്ചു.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, വെള്ളക്കെട്ട്, നദീതീരങ്ങളിലും തീരദേശ മേഖലയിലും അപകടസാദ്ധ്യതകൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.

വെള്ളക്കെട്ട് ഒഴിവാക്കും

നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് പരിഹരിക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കി ഡ്രെയിനേജ് തടസ്സങ്ങൾ നീക്കാൻ തദ്ദേശസ്ഥാപനങ്ങൾ, പൊതുമരാമത്ത്, ദേശീയപാത, മറ്റ് വകുപ്പുകൾ എന്നിവർക്ക് നിർദ്ദേശം നൽകി. റോഡിലെ കുഴികൾ, അപകട സാധ്യതകൾ, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ സുരക്ഷാ ബോർഡുകൾ എന്നിവ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും നിർദേശിച്ചു.

കിണർ ഇടിഞ്ഞുതാഴ്ന്നു


ശക്തമായ മഴയിൽ കാഞ്ഞിരക്കോട് 15 കോൽ താഴ്ചയുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു. തോട്ടുപാലത്തിന് സമീപം സുക് താരയിൽ സേതുവിന്റെ വീടിനോട് ചേർന്ന കിണറാണ് ഇടിഞ്ഞത്. ഇന്നലെ രാവിലെ ആറുമണിയോടെയാണ് സംഭവം. സമീപത്ത് സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറും രണ്ട് ഇരുചക്ര വാഹനങ്ങളും മോട്ടോറും കിണറ്റിൽ വീണു. വീടിന്റെ ഷീറ്റ് മേഞ്ഞ ഭാഗവും തറയും ഭാഗികമായി തകർന്നു. അയൽവാസി വടക്കൻ വീട്ടിൽ ഷീനയുടെ വീടിനും കേടുപാടുകൾ സംഭവിച്ചു. കൊണ്ടാഴി മേഖലയിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെയും കാലാവസ്ഥ വകുപ്പിന്റെയും ഔദ്യോഗിക മുന്നറിയിപ്പുകൾ മാത്രം വിശ്വസിക്കണം. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്
( ശിഖ സുരേന്ദ്രൻ, ജില്ലാ കളക്ടർ )

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL