
പ്രതികളുടെ എണ്ണം കൂടുന്നു
തൃശൂർ: ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ അടക്കമുള്ള നടപടികൾ ശക്തമായതോടെ വിയ്യൂർ സെൻട്രൽ ജയിലിലടക്കം കുറ്റവാളികളുടെ എണ്ണം വർദ്ധിക്കുന്നു. വിയ്യൂർ സെൻട്രൽ ജയിൽ, ഇരിങ്ങാലക്കുട സ്‌പെഷ്യൽ സബ്‌ജയിൽ, ചാവക്കാട് സബ്‌ജയിൽ എന്നിവിടങ്ങളിൽ ശേഷിയേക്കാൾ അധികം തടവുകാരെ പാർപ്പിക്കുന്നത് ജയിൽ നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. 553പേരെ പാർപ്പിക്കാൻ ശേഷിയുള്ള വിയ്യൂർ സെൻട്രൽ ജയിലിൽ ഇന്നലത്തെ കണക്ക് പ്രകാരം 1155 പേരുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന ഈ തിരക്കിനനുസരിച്ച് ജീവനക്കാരില്ലാത്തത് ജയിലധികൃതർക്ക് തലവേദനയാണ്. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട് കാപ്പ നിയമപ്രകാരം അറസ്റ്റുചെയ്ത 117പേരും ഇതിലുണ്ട്. 110പേർക്ക് ശേഷിയുള്ള ഇരിങ്ങാലക്കുട സ്‌പെഷ്യൽ സബ്‌ജയിലിൽ 142പേരും 23പേർക്ക് ശേഷിയുള്ള ചാവക്കാട് സബ് ജയിലിൽ 55 റിമാൻഡ് തടവുകാരുമാണുള്ളത്. മാത്രമല്ല, എണ്ണം വർദ്ധിച്ചതോടെ ജയിലിൽ പകർച്ചവ്യാധി ഭീഷണിയും ഉയരുന്നു. അസുഖമുള്ളവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റണമെന്ന ചട്ടം സ്ഥലപരിമിതി മൂലം പാലിക്കാനാകുന്നില്ല. സെൻട്രൽ ജയിലിൽ നിന്ന് പ്രതിദിനം 20 മുതൽ 30 വരെ തടവുകാരെ ആശുപത്രികളിൽ കൊണ്ടുപോകേണ്ടതുണ്ടെങ്കിലും ആവശ്യത്തിന് വാഹനങ്ങളില്ല. 15 വർഷം തികഞ്ഞ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന നിയമം വന്നതോടെ വാഹനങ്ങൾ കട്ടപ്പുറത്തായി. പ്രതികളെ ഓട്ടോയിലാണ് ആശുപത്രികളിലെത്തിക്കുന്നത്. പുതുതായെത്തുന്ന 40 ശതമാനത്തിലേറെയും രാസലഹരി കേസുകളിൽ ഉൾപ്പെട്ടവരാണ്. പോക്‌സോ കേസുകളിൽ ഉൾപ്പെട്ടവരും നിരവധിയുണ്ട്. ജാമ്യം ലഭിക്കാൻ കാലതാമസമെടുക്കുന്നതാണ് തിരക്ക് വർദ്ധിക്കാൻ കാരണം. അന്യസംസ്ഥാന തൊഴിലാളികളായ തടവുകാരിൽ 70 ശതമാനത്തിലേറെ പേർ ലഹരി കേസിൽ റിമാൻഡിലായവരാണെന്നാണ് റിപ്പോർട്ട്.
ജില്ലയിലെ ജയിലുകളിലുൾക്കൊള്ളാവുന്ന
അന്തേവാസികളുടെ എണ്ണവും നിലവിലെ എണ്ണവും
വിയ്യൂർ - 553- 1155
അതി സുരക്ഷ ജയിൽ -535- 293
വനിതാ ജയിൽ -66-65
ജില്ലാ ജയിൽ - 294-226
ഇരിങ്ങാലക്കുട സ്‌പെഷ്യൽ സബ് ജയിൽ - 110-142
സബ് ജയിൽ വിയ്യൂർ -55-47
സബ് ജയിൽ ചാവക്കാട് -23-55
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |