SignIn
Kerala Kaumudi Online
Wednesday, 29 July 2026 4.00 AM IST

അതിരപ്പിള്ളിയിൽ വീട്ടുപറമ്പിലെ കൂട്ടിൽ പുലി കുടുങ്ങി

leopard

ചാലക്കുടി: അതിരപ്പിള്ളി വെട്ടിക്കുഴിയിലെ വീട്ടുപറമ്പിൽ വനപാലകർ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. മണിക്കൂറുകളുടെ പ്രയത്‌നത്തിനൊടുവിൽ മൂന്ന് വയസുള്ള പെൺപുലിയെ പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫീസ് പറമ്പിലേക്ക് മാറ്റി. മുഖത്ത് പരിക്കുള്ള പുലിയെ ചികിത്സയ്ക്കുശേഷം പറമ്പിക്കുളം ടൈഗർ റിസർവ് വനത്തിലെത്തിക്കും. വെട്ടിക്കുഴിയിലെ പണ്ടാരംപാറ പ്രദേശത്തെ ചക്കാലക്കൽ റോയിയുടെ വീട്ടുപറമ്പിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഒന്നരമാസം മുമ്പാണ് റോയിയുടെ വീട്ടുപറമ്പിൽ കെണിക്കൂട് സ്ഥാപിച്ചത്. ഇയാളുടെ വീടിന് തൊട്ടരികിലെ കോഴിക്കൂട്ടിൽ നിന്ന് ഏതാനും കോഴികളെ പുലി വകവരുത്തിയിരുന്നു. അന്ന് രാത്രി റോയ്, കോഴിക്കൂട്ടിൽ നിന്നിരുന്ന പുലിയെ കണ്ടു. അതിനുമുമ്പ് ഇയാളുടെ വളർത്തുനായയെ പിടിച്ചുകൊണ്ടുപോയിട്ടുമുണ്ട്.

പുലിശല്യം രൂക്ഷമായതോടെയാണ് നാട്ടുകാരുടെ ആവശ്യപ്രകാരം കെണിക്കൂട് സ്ഥാപിച്ചത്. എന്നാൽ,​ വീട്ടിലെത്തിയ പുലിയല്ല ഇതെന്ന് റോയ് പറയുന്നു. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് പുലി കൂട്ടിലകപ്പെട്ട വിവരം ഇയാൾ അറിഞ്ഞത്. നാട്ടുകാരും സ്ഥലത്തെത്തി. പലവട്ടം കൂടിനകത്തുനിന്ന് പുറത്തുകടക്കാൻ മുന്നോട്ടുകുതിച്ച പുലിയുടെ മുഖത്ത് കമ്പികൾ കൊണ്ട് മുറിവുമുണ്ടായി. കോടനാട് ആന സംരക്ഷണകേന്ദ്രത്തിലെ ഡോ. ഒ.വി.മിഥുൻ പുലിയെ നിരീക്ഷിക്കാൻ സ്ഥലത്തെത്തി. ചാലക്കുടി ഡി.എഫ്.ഒ എം.വെങ്കിടേശൻ, പരിയാരം റെയ്ഞ്ച് ഓഫീസർ ജോബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പുലിയെ ഇവിടെനിന്ന് മാറ്റിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL