
വിജയശ്രീ എസ്. കൈമൾ
(നിക്ഷേപകാര്യ വിദഗ്ദ്ധ,
ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)
ഓഹരികളിലൂടെയും ബോണ്ടുകളിലൂടെയും വൈവിധ്യവത്കരണം ആഗ്രഹിക്കുന്ന ഉയർന്ന നിക്ഷേപ ശേഷിയുള്ള വ്യക്തികൾക്ക് അനുയോജ്യമായ ഒരു നിക്ഷേപരീതിയാണ് പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സർവ്വീസ്. നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യങ്ങൾ, റിസ്‌ക് എടുക്കാനുള്ള ശേഷി, നിക്ഷേപ കാലാവധി എന്നിവ വിലയിരുത്തി പരിചയസമ്പന്നരായ ഫണ്ട് മാനേജർമാരാണ് ഈ പോർട്ട്‌ഫോളിയോ തയ്യാറാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. ഇതിലൂടെ ഓരോ നിക്ഷേപകനും ദീർഘകാല സമ്പത്ത് സൃഷ്ടിക്കുകയാണ് പി.എം.എസിന്റെ പ്രധാന ലക്ഷ്യം. നിലവിൽ സെബി നിർദ്ദേശിച്ചിരിക്കുന്ന പി.എം.എസിലേക്കുള്ള കുറഞ്ഞ തുക 50 ലക്ഷമാണ്. പ്രധാനമായും മൂന്ന് വിഭാഗം പി.എം.എസ് നിലവിലുണ്ട്.
ഡിസ്‌ക്രീഷണറി പി.എം.എസ്:
ഫണ്ട് മാനേജർക്ക് ആണ് പൂർണമായും നിക്ഷേപ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം. വിപണിയിലെ വ്യതിയാനങ്ങൾക്കനുസരിച്ച് ഓഹരികൾ വാങ്ങുവാനും വിൽക്കുവാനും ഫണ്ട് മാനേജർക്ക് സാധിക്കുന്നു. ഇവരുടെ വിദഗ്ദ്ധമായ ഗവേഷണവും പരിചയവും സമയോചിതമായ മാറ്റങ്ങൾ വരുത്തി നിക്ഷേപകന് കൂടുതൽ വരുമാനം ഉണ്ടാക്കുവാനും ദീർഘകാല സമ്പത്ത് സ്വരൂപിക്കാനും സാധിക്കുന്നു.
നോൺഡിസ്‌ക്രീഷണറി പി.എം.എസ്:
പോർട്ട്‌ഫോളിയോ മാനേജർ നിക്ഷേപ നിർദ്ദേശങ്ങളും ശുപാർശകളും നൽകും. എന്നാൽ ഓരോ വാങ്ങൽ വില്പന തീരുമാനവും നിക്ഷേപകന്റെ മുൻകൂർ അനുമതി ലഭിച്ചതിന് ശേഷമാണ് നടപ്പിലാക്കുന്നത്.
അഡ്വൈസിംഗ് പി.എം.എസ്:
പോർട്ട്‌ഫോളിയോ മാനേജറുടെ ഗവേഷണത്തിന്റെയും നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ നിക്ഷേപകൻ തീരുമാനം എടുക്കുകയും, നിക്ഷേപകൻ തന്നെ വാങ്ങൽ വില്പനകൾ നടത്തുകയും ചെയ്യുന്നു.
പ്രധാന ഗുണങ്ങൾ
വിശദമായ ഗവേഷണത്തിലൂടെ തിരഞ്ഞെടുക്കുന്ന പരിമിതമായ ഓഹരികളിലെ നിക്ഷേപം
ഇടപാടുകളിലെ സുതാര്യത
വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ അപ്പപ്പോൾ തന്നെ ചെയ്യുന്നു
പരിചയസമ്പന്നരായ ഫണ്ട് മാനേജർമാരുടെയും വിദഗ്ദ്ധരുടെയും സേവനം ലഭ്യമാകുന്നു
നിക്ഷേപ വൈവിധ്യവത്കരണം ദീർഘകാലടിസ്ഥാനത്തിൽ സമ്പത്ത് സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നു
ആർക്കൊക്കെ നിക്ഷേപിക്കാം?
50 ലക്ഷം നിക്ഷേപിക്കാൻ താത്പര്യമുള്ള വ്യക്തികൾ, പ്രവാസികൾ, സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, കമ്പനികൾ എന്നിവർക്കെല്ലാം ഇതിൽ നിക്ഷേപിക്കാവുന്നതാണ്.
നിക്ഷേപ ചിലവുകൾ എങ്ങനെ?
ചെലവുകൾ ഏത് തരത്തിൽ കൊടുക്കാം എന്ന് നിക്ഷേപകന് തീരുമാനിക്കാം. പൊതുവായി രണ്ടു തരത്തിലുള്ള ചിലവുകളാണ് വരുന്നത്: ഒന്ന്, ഒരു നിശ്ചിത ശതമാനം വർഷവും ഈടാക്കും. രണ്ടാമത്തേത് നിശ്ചിത ശതമാനത്തിന് പുറമെ ഒരു നിശ്ചിത പ്രകടനത്തിന് അതീതമായി പോർട്ട്‌ഫോളിയോ പെർഫോം ചെയ്താൽ ഒരു തുക നിക്ഷേപകരിൽ നിന്ന് ഈടാക്കാം.
കുറിപ്പ്: ഒരു പി.എം.എസ് പരിമിതമായ ഓഹരികളിൽ നിക്ഷേപിക്കുന്നത് കൊണ്ട് തന്നെ ഉയർന്ന വരുമാന സാദ്ധ്യതയുണ്ട്. അത് പോലെ തന്നെ താരതമ്യേന റിസ്‌കും കൂടുതലാണ്. സ്വന്തം റിസ്‌ക് പരിധിയും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് അനുയോജ്യമായ പി.എം.എസ് തിരഞ്ഞെടുക്കുന്നതിലാണ് വിജയകരമായ നിക്ഷേപത്തിന്റെ രഹസ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |