SignIn
Kerala Kaumudi Online
Sunday, 09 August 2026 8.54 AM IST

'ജെൻസി നമ്മുടെ കുട്ടികളാണ്, പ്രതിഷേധങ്ങൾക്കിടെ അവരെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു'; രാജിക്ക് ശേഷം ആദ്യമായി പ്രതികരിച്ച് ധർമ്മേന്ദ്ര പ്രധാൻ

dharmmendra-pradhan
Dharmmendra Pradhan

ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടുകൾക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ ചിലർ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്ന് കേന്ദ്ര മുൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഇതാണ് തൽസ്ഥാനത്തുനിന്ന് രാജിവയ്‌ക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഭുവനേശ്വറിലെ ജിഎം സർവകലാശാലയിൽ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അഭിസംബോദ്ധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലായ് 25നാണ് ധർമ്മേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവച്ചത്. രാജിയെക്കുറിച്ച് ആദ്യമായാണ് അദ്ദേഹം പൊതുജനങ്ങൾക്കുമുന്നിൽ വിശദീകരിക്കുന്നത്. 'ജെൻസി നമ്മുടെ കുട്ടികളാണ്. ചിലർ അവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എനിക്ക് അവരോട് വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം രണ്ട് കോടി കുട്ടികൾ ജനിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 20 കോടി കുട്ടികൾ ജനിച്ചു. അവർക്ക് വലിയ സ്വപ്‌നങ്ങളുണ്ട്. ഇന്ത്യയെ വിശ്വഗുരുവാക്കാൻ അവർക്ക് കഴിയും. മന്ത്രിസ്ഥാനം എനിക്ക് പ്രധാനപ്പെട്ടതായിരുന്നില്ല'- പ്രധാൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് മന്ത്രിസഭയിൽനിന്ന് രാജിവയ്‌ക്കാൻ താൻ തയ്യാറാണെന്ന് സ്വമേധയാ അറിയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

റൈരാഖോളിൽ നടന്ന മറ്റൊരു പരിപാടിയിലും ധർമ്മേന്ദ്ര പ്രധാൻ സംസാരിച്ചു. ബിജെഡി അദ്ധ്യക്ഷൻ നവീൻ പട്‌നായിക്കിനെ അദ്ദേഹം വിമർശിച്ചു. വിമാനത്താവളത്തിന് സമീപം ബിജെഡി യുവജന-വിദ്യാർത്ഥി വിഭാഗങ്ങൾ ധർമ്മേന്ദ്ര പ്രധാനെതിരെ പ്രതിഷേധിച്ചിരുന്നു. 'ധർമ്മേന്ദ്ര പ്രധാൻ ഗോ ബാക്ക്' എന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രതിഷേധം. ഞാൻ കർഷകന്റെ മകനാണ് പോകാൻ പറഞ്ഞാലും ഞാൻ തിരിച്ചുവരുമെന്നായിരുന്നു ധർമ്മേന്ദ്ര പ്രധാന്റെ പ്രതികരണം. തന്നെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താൻ നവീൻ പട്‌നായിക് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHARMMENDRA PRADHAN, PROTEST, NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360