
കോലഞ്ചേരി: പഞ്ചസാരയ്ക്കും മുട്ടയ്ക്കും വില വർദ്ധിച്ചതോടെ ജില്ലയിലെ ബേക്കറി വ്യവസായം കടുത്ത പ്രതിസന്ധിയിൽ. കേക്ക്, ബിസ്കറ്റ്, ലഡു, ജിലേബി തുടങ്ങിയ ഉത്പന്നങ്ങളുടെ ഉത്പാദനച്ചെലവ് കുത്തനെ ഉയർന്നു. പാചകവാതക വിലവർദ്ധനയുടെ ആഘാതത്തിൽനിന്ന് കരകയറും മുമ്പേയാണ് ഈ ഇരട്ടപ്രഹരം. കിലോയ്ക്ക് 44 രൂപയായിരുന്ന പഞ്ചസാരയുടെ മൊത്തവില 50 രൂപ കടന്നു. മുട്ടയുടെ മൊത്തവിലയും 7.50 പിന്നിട്ടു. ഇതോടെ മുട്ടയും പഞ്ചസാരയും പ്രധാന ചേരുവകളായ ബേക്കറി ഉത്പന്നങ്ങളുടെ വില കൂട്ടാതെ പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയിലാണ് വ്യാപാരികൾ. ജന്മദിനം, വിവാഹം, മറ്റ് ആഘോഷങ്ങൾ എന്നിവയിൽ കേക്കും മധുരപലഹാരങ്ങളും ഒഴിവാക്കാൻ കഴിയാത്തതിനാൽ വിലവർദ്ധനയുടെ ഭാരം നേരിട്ട് സാധാരണക്കാരിലേക്കും എത്തും. ഉത്പാദനച്ചെലവ് ഇനിയും ഉയർന്നാൽ ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കേണ്ടിവരുമെന്ന് ബേക്കറി ഉടമകൾ പറയുന്നു.
പഞ്ചസാരയ്ക്ക് വില്ലനായി
എഥനോൾ ഉത്പാദനം
പഞ്ചസാരവില ഉയരാൻ എഥനോൾ ഉത്പാദനവും കാരണമാകുന്നതായി മൊത്തവ്യാപാരികൾ പറയുന്നു. ഇ20 പെട്രോളിനായി ആവശ്യമായ എഥനോൾ ആഭ്യന്തരമായി ഉത്പാദിപ്പിക്കണമെന്ന കേന്ദ്രനയത്തിന്റെ ഭാഗമായി മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കരിമ്പ് പഞ്ചസാരയ്ക്കും എഥനോളിനുമായി ഉപയോഗിക്കപ്പെടുന്നു. ജൂലായ് മുതൽ സെപ്റ്റംബർ വരെ ഈ സംസ്ഥാനങ്ങളിൽ കരിമ്പിന്റെ വിളവെടുപ്പ് സീസണല്ലാത്തതിനാൽ സംഭരിച്ച കരിമ്പാണ് നിലവിൽ ഉപയോഗിക്കുന്നത്. പഞ്ചസാര നിർമ്മാണത്തിനും എഥനോൾ ഉത്പാദനത്തിനുമുള്ള കരിമ്പിന്റെ ലഭ്യതയിലെ സമ്മർദ്ദമാണ് വില ഉയരാൻ കാരണം
മുട്ടവില കൂട്ടിയത്
കോഴിത്തീറ്റ വില
മുട്ടവില ഉയരുന്നതിന് പിന്നിൽ കോഴിത്തീറ്റയുടെ വിലവർദ്ധനയാണ് പ്രധാന കാരണം. 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 2300 രൂപ വരെ വിലയായി. ഒറ്റയടിക്ക് 500 രൂപയോളമാണ് വർദ്ധിച്ചത്. ഇതോടെ കോഴിയിറച്ചിയുടെ വിലയിലും വർദ്ധനയുണ്ട്. വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള നാടൻ മുട്ടയ്ക്ക് 10 രൂപ വരെയായി. കോഴിത്തീറ്റ വിലവർദ്ധനയ്ക്കു പുറമേ തമിഴ്നാട്ടിലെ നാമക്കലിൽനിന്നുള്ള മുട്ടവരവ് കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി. മുട്ടവില ഉയർന്നതിന്റെ ചൂട് ഹോട്ടലുകളിലും എത്തി. ഡബിൾ കോഴി മുട്ട ഓംലെറ്റിന് ചിലയിടങ്ങളിൽ 40 രൂപ വരെ ഈടാക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |