
ചെന്നൈ: ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റിന്റെ സർക്കാർ നിയമന ഉത്തരവ് മുഖ്യമന്ത്രി വിജയ് റദ്ദാക്കി. നിയമനത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും പൊളിറ്റിക്കൽ വിങ് സെക്രട്ടറിയായുമാണ് റിക്കി പണ്ഡിറ്റിനെ നിയമിച്ചിരുന്നത്. അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ ടിവികെയുടെ സഖ്യകക്ഷികൾ പരസ്യമായി രംഗത്തെത്തിയിരുന്നു. നിയമനം മതേതരത്വത്തിനും ശാസ്ത്രീയ ബോധത്തിനും വിരുദ്ധമാണെന്നാണ് കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ തുടങ്ങിയ രാഷ്ട്രീയ കക്ഷികൾ വിമർശനം ഉന്നയിച്ചത്. ഇന്നലെയാണ് നിയമനം സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. ഇതിനുപിന്നാലെ വിവാദങ്ങൾ ഉയരുകയായിരുന്നു.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം, ടിവികെയുടെ വിജയം, വിജയ് മുഖ്യമന്ത്രിയാകുമെന്ന കാര്യം എന്നിവ കൃത്യമായി പ്രവചിച്ച ജ്യോത്സ്യനാണ് റിക്കി പണ്ഡിറ്റ്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത വിശ്വസ്തനായിരുന്നു ഇദ്ദേഹം. 2014-ലെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിത ജയിലിൽ പോകില്ലെന്ന പ്രവചനം പാളിയതിനെത്തുടർന്ന് അവരുമായി അകൽച്ചയിലായി. ടിവികെയുടെ സജീവ വക്താവായി പ്രവർത്തിക്കുന്ന റിക്കി പണ്ഡിറ്റ്, വിജയ്‌യുടെ രാഷ്ട്രീയ തീരുമാനങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |