
ഹൈദരാബാദ്: തെലങ്കാന നാഗർകർണൂലിൽ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഇന്നലെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മന്ത്രിമാരും അപകടസ്ഥലം സന്ദർശിച്ചു. രേവന്ത് റെഡ്ഡി രക്ഷാപ്രവർത്തനത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു.
കുടുങ്ങിയവരിൽ നാല് പേര് എവിടെയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇവരെ രക്ഷിക്കാനായിട്ടില്ല. മറ്റ് നാല് പേർ എവിടെയാണ് കുടുങ്ങി കിടക്കുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അവരെ ഉടൻ കണ്ടെത്താനാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, തൊഴിലാളികളെ ജീവനോടെ രക്ഷിക്കാനുള്ള സാദ്ധ്യത വളരെക്കുറവാണെന്ന് സർക്കാർ അറിയിച്ചു. ആംബുലൻസുകൾ ഉൾപ്പെടെ എത്തിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തും. കൂടുതൽ രക്ഷാപ്രവർത്തകരെയും യന്ത്ര സാമഗ്രികളും ഇന്നലെ എത്തിച്ചിരുന്നു. കൂടുതൽ അവശിഷ്ടങ്ങളും ചെളിയും നീക്കം ചെയ്തുവരുന്നു. അതിനിടെ
അപകടസ്ഥലത്ത് വെള്ളം കയറുകയും ചെളി അടിഞ്ഞുകൂടുകയും ചെയ്തതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്ന് സൈന്യം കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു.
ഫെബ്രുവരി 22നാണ് നാഗർകൂർണൂൽ ജില്ലയിലെ ദൊമലപെന്റയിൽ നിർമ്മാണം പുരോഗമിക്കുന്ന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നത്. രണ്ട് എൻജിനിയർമാർ അടക്കം എട്ട് തൊഴിലാളികളാണ് കുടുങ്ങിയത്. കുറച്ചുനാളുകളായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാതിരുന്ന തുരങ്കത്തിൽ വീണ്ടും നിർമ്മാണം ആരംഭിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |