
ലക്‌നൗ: കൂറ്റൻ വാട്ടർ ടാങ്കറിനുമുകളിൽ കയറി റീൽ ചിത്രീകരിക്കാനുള്ള കുട്ടികളുടെ ശ്രമം കലാശിച്ചത് ദുരന്തത്തിൽ. ഗോവണി തകർന്ന് ഒരു കുട്ടി മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർ പ്രദേശിലെ സിദ്ധാർത്ഥ് നഗറിൽ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. അഞ്ച് ആൺകുട്ടികളാണ് 60അടി ഉയരമുള്ള വാട്ടർ ടാങ്കറിനുമുകളിലെത്തിയത്. തിരിച്ച് ഓരോരുത്തരായി ഇറങ്ങവേ ഗോവണി ഒടിഞ്ഞ് മൂന്ന് കുട്ടികൾ വീണു. ഒരു കുട്ടി മരിച്ചു. രണ്ട് കുട്ടികൾ ചികിത്സയിൽ. കമ്പിയിൽ തൂങ്ങിക്കിടന്ന് രണ്ട് പേർ മുകളിലേക്ക് കയറി. 16 മണിക്കൂറിനൊടുവിൽ ഇന്നലെ പുലർച്ചെ വ്യോമസേനാ ഹെലികോപ്ടറിൽ രണ്ടുപേരെയും എയർ ലിഫ്റ്ര് ചെയ്തു. 28 വർഷത്തോളമായി ഉപയോഗ ശൂന്യമാണ് വാട്ടർടാങ്ക്. 16ഉം 17ഉം വയസുള്ള സിദ്ധാർത്ഥ് , പവൻ, കല്ലു, ഷനി, ഗോലു എന്നിവരാണ് ടാങ്കിൽ കയറിയത്. സിദ്ധാർത്ഥാണ് മരിച്ചത്. ഷനി, ഗോലു എന്നിവർ ഗുരുതരാവസ്ഥയിലാണ്.
മുൾമുനയിൽ
രക്ഷാപ്രവർത്തനം
കുട്ടികൾ കുടുങ്ങിയ വാർത്ത പരന്നതോടെ, ജില്ലാ ഭരണകൂടവും പൊലീസ് സംഘങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
കനത്ത മഴയും ടാങ്കിന്റെ അടിഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതും കുടുങ്ങിക്കിടന്നവർക്കായുള്ള രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. ഹൈഡ്രോളിക് ക്രെയിൻ വിളിച്ചെങ്കിലും ചതുപ്പ് നിറഞ്ഞ സ്ഥലത്തെത്താനായില്ല. ക്രെയിന് എത്താനായി 150 മീറ്റർ റോഡ് നിർമ്മാണം ആരംഭിച്ചെങ്കിലും ഇന്നലെ പുലർച്ചെ മൂന്നോടെ ശക്തമായ മഴ കാരണം പണി നിറുത്തിവച്ചു. തുടർന്ന് വ്യോമസേനയുടെ സഹായം തേടുകയായിരുന്നു. 5.20 ഓടെ വ്യോമസേനയുടെ എം.ഐ 17 വി 5 ഹെലികോപ്ടറെത്തി രണ്ടു കുട്ടികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഫയർ ഡിപ്പാർട്ട്‌മെന്റും ഇന്ത്യൻ എയർ ഫോഴ്സും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് കുട്ടികളെ രക്ഷപ്പെടുത്തിയതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. രണ്ട് കുട്ടികളെയും കുടുംബത്തിന് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |