SignIn
Kerala Kaumudi Online
Saturday, 22 August 2026 3.29 AM IST

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു

j

ചെന്നൈ: ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി (94) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

തേനാംപേട്ടിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ സിനിമാ പ്രവർത്തകരുൾപ്പടെയുള്ള പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.

2022ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.

പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്തു.1950ൽ പുറത്തിറങ്ങിയ 'സൗകാർ' എന്ന തെലുങ്ക് ചിത്രത്തിലെ നായിക കഥാപാത്രമായ സുബ്ബ്ലുവിലൂടെ ശ്രദ്ധേയായി. തുടർന്ന്

'സൗകാർ ജാനകി' എന്ന് അറിയപ്പെടുകയായിരുന്നു. ആദ്യചിത്രത്തിൽ എൻ.ടി.രാമറാവു ആയിരുന്നു നായകൻ.

1964ൽ പുറത്തിറങ്ങിയ 'സ്‌കൂൾ മാസ്റ്റർ' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. 'സൂര്യമാനസ'ത്തിൽ മമ്മൂട്ടിയുടെ പുട്ടുറുമീസ് എന്ന കഥാപാത്രത്തിന്റെ അമ്മയായി. പപ്പു എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു.

ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരത്ത് കന്നഡ ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. ശങ്കരമഞ്ചി ജാനകി എന്നാണ് യഥാർത്ഥ പേര്. വളരെ ചെറുപ്പത്തിൽ തന്നെ കുടുംബം വിവാഹം കഴിപ്പിച്ചു. 1947ലായിരുന്നു ശങ്കരമഞ്ചി ശ്രീനിവാസ റാവുവുമായുള്ള വിവാഹം. ഗർഭിണിയായിരിക്കുമ്പോഴാണ് മെട്രിക്കുലേഷൻ പരീക്ഷയെഴുതിയത്.ആകാശവാണി മദ്രാസിൽ (ഓൾ ഇന്ത്യ റേഡിയോ) ജോലി ചെയ്തിരുന്നു. ഗുവാഹാട്ടി സർവകലാശാലയിൽ നിന്ന് ബിരുദം നേടി. യജ്ഞപ്രഭ കോടി, വെങ്കട രമണ ശങ്കരമഞ്ചി എന്നീ പെൺമക്കളും സച്ചി റാവു എന്ന മകനുമുണ്ട്.

1952ലെ 'വളയപതി' എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. 1959ൽ കന്നഡ സിനിമയിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ 'മഹിഷാസുര മർദ്ദിനി'യിൽ ഡോ. രാജ് കുമാറിനൊപ്പം അഭിനയിച്ചു. 1954ലെ 'ദേവകന്യക'യാണ് കന്നഡയിലെ ആദ്യ ചിത്രം.

1991ൽ തമിഴിൽ ദൂരദർശൻ സംപ്രേഷണം ചെയ്ത 'ഊരറിന്ത രഹസ്യം' എന്ന പരമ്പരയിലൂടെ ടെലിവിഷൻ രംഗത്തെത്തി.
ആർ. കണ്ണൻ സംവിധാനം ചെയ്ത 2020ലെ തമിഴ് പാരഡി ചിത്രമായ 'ബിസ്‌കോത്ത്' നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത 2023ലെ തെലുങ്ക് ചിത്രമായ 'അന്നി മഞ്ചി ശകുനമുലേ', എന്നിവയാണ് അവസാനമായി അഭിനയിച്ച ചിത്രങ്ങൾ. തമിഴ് നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JANAKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360