SignIn
Kerala Kaumudi Online
Saturday, 22 August 2026 3.29 AM IST

പരീക്ഷാ ക്രമക്കേട് , ജാർഖണ്ഡിൽ യുവജന രോഷം

READ ENGLISH VERSION
p

ന്യൂഡൽഹി: ജൻസി പ്രക്ഷോഭത്തെ തുടർന്ന് ജാർഖണ്ഡ് സ്റ്രാഫ് സെലക്ഷൻ കമ്മിഷൻ-കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ റദ്ദാക്കിയ സർക്കാർ നടപടിയും ഇന്നലെ ഹൈക്കോടതി സ്റ്റേ ചെയ്തതോടെ വീണ്ടും യുവജനങ്ങൾ തെരുവിലേക്ക്. ചൈൽഡ് ഡെലപ്പ്മെന്റ് പ്രൊജക്‌ട് ഓഫീസർ പരീക്ഷ റദ്ദാക്കിയതും സ്റ്റേ ചെയ്തു.

ജാർഖണ്ഡ് പി.എസ്.സി കമ്പൈൻഡ് സിവിൽ സർവീസസ് പരീക്ഷ,ഫുഡ് സേഫ്റ്റി ഓഫീസർ റിക്രൂട്ട്മെന്റും തുടങ്ങിയവ റദ്ദാക്കിയ സർക്കാർ നടപടി ഇതേ ബെഞ്ച് വ്യാഴാഴ്ച സ്റ്റേ ചെയ്‌തിരുന്നു.

കോടതിയിൽ സർക്കാർ ശക്തമായ വാദങ്ങൾ ഉന്നയിക്കാതെ ക്രമക്കേടിലൂടെ നിയമനം ലഭിച്ചവർക്ക് അനുകൂല വിധി നേടിക്കൊടുത്തുവെന്നാണ് ആക്ഷേപം. പ്രക്ഷോഭകർ കേസിൽ കക്ഷി ചേരുന്നതിനെ സർക്കാർ എതിർക്കുകയും ചെയ്തിരുന്നു.

സർവീസിൽ പ്രവേശിച്ചവർ അടക്കം സമ‌ർപ്പിച്ച ഹ‌ർജികളിലാണ് ജസ്റ്റിസ് ദീപക് റോഷന്റെ നടപടി.

ഇന്നലെ റാഞ്ചിയിൽ അടക്കം തെരുവിലിറങ്ങി മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കോലം കത്തിച്ചു. വിദ്യാ‌ർത്ഥികൾ വീണ്ടും സമരത്തിന് എത്തുമെന്ന ആശങ്കയിൽ റാഞ്ചിയിലെ ജയ്‌പാൽ സിംഗ് മുണ്ടെ സ്റ്റേഡിയത്തിൽ കാവൽ ശക്തമാക്കി. ഇവിടെ സമരം നടത്തുന്നത് 60 ദിവസത്തേക്ക് വിലക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.

അതിനിടെ, ജാർഖണ്ഡ് കമ്പൈൻഡ് സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണങ്ങൾ സി.ബി.ഐ അന്വേഷണത്തിന് വിടണമെന്ന് സുപ്രീംകോടതിയിൽ പൊതുതാത്പര്യഹ‌ർജി ഫയൽ ചെയ്തു. സാമൂഹ്യപ്രവർത്തകനായ ഹരിശരൺ ദേവ്ഗനാണ് ഹർജിക്കാരൻ.

ഛത്തീസ് ഗഡിൽ പരീക്ഷ റദ്ദാക്കി

ബി.ജെ.പി ഭരിക്കുന്ന ഛത്തീസ് ഗഡിൽ ചോദ്യപേപ്പർ ചോ‌ർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കി. റായ്‌പൂരിലെ ഇന്ദിരാ ഗാന്ധി അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന ബി.എസ്.സി അഗ്രികൾച്ചർ സെക്കൻഡ് സെമസ്റ്റർ എന്റൊമോളജി ചോദ്യപേപ്പറാണ് ചോർന്നത്. വാട്സാപ്പിൽ പ്രചരിച്ച ചോദ്യപേപ്പറിലെ 70% ചോദ്യങ്ങളും യഥാർത്ഥ ചോദ്യപേപ്പറിലുണ്ടായിരുന്നുവെന്ന് കണ്ടെത്തി പരീക്ഷ റദ്ദാക്കുകയായിരുന്നു. സെപ്‌തംബ‌ർ ആദ്യവാരം വീണ്ടും പരീക്ഷ നടത്തും. പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വിഷ്‌ണു ദിയോ സായ് പ്രതികരിച്ചു. വിദ്യാർത്ഥികൾ വൻപ്രതിഷേധവുമായി രംഗത്തിറങ്ങി. എൻ.എസ്.യുവും എ.ബി.വി.പിയും പ്രകടനം നടത്തി.

അടിമുടി എ.ഐ സഹായം

യു.ജി.സി നെറ്റ് ചോദ്യപേപ്പർ തയ്യാറാക്കിയത് എ.ഐയുടെ സഹായത്തോടെയാണെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. അക്കാഡമിക് വിദഗ്ദ്ധരെ ഉപയോഗിച്ചില്ലെന്നാണ് സൂചന. റിപ്പോർട്ടുകൾ എൻ.ടി.എ നിഷേധിച്ചു. ഇക്കഴിഞ്ഞ ജൂൺ 30നായിരുന്നു പരീക്ഷ. ചോദ്യപേപ്പറിൽ വ്യാപക തെറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇംഗ്ലീഷ്,​കൊമേഴ്സ്,​സോഷ്യോളജി പരീക്ഷകൾ റദ്ദാക്കിയിരുന്നു. അതേസമയം, ഉത്തരസൂചികയിലെ തെറ്രുകൾ ബോദ്ധ്യപ്പെട്ടാൽ പരീക്ഷാർത്ഥികൾ അടയ്‌ക്കുന്ന പണം റീഫണ്ട് ചെയ്യുമെന്ന് എൻ.ടി.എ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360