SignIn
Kerala Kaumudi Online
Monday, 11 May 2026 4.58 PM IST

ഭൂമി തട്ടിപ്പ് കേസ്: റെയ്ഡ് ഭയന്ന് ഒമ്പതാം നിലയിൽ നിന്ന് അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ താഴേക്കെറിഞ്ഞു

Increase Font Size Decrease Font Size Print Page
edraid

മൊഹാലി: ഇ ഡി ഉദ്യോഗസ്ഥർ ഫ്ളാറ്റിലേക്ക് എത്തുന്നതിനിടെ ഒൻപതാം നിലയിൽ നിന്ന് നോട്ടുകെട്ടുകൾ നിറഞ്ഞ ബാഗുകൾ താഴേക്ക് വലിച്ചെറിഞ്ഞു. മൊഹാലിയിലെ ചജ്ജു മജ്റയിലുള്ള വെസ്റ്റേൺ ടവേഴ്സ് എന്ന റസിഡൻഷ്യൽ സമുച്ചയത്തിലാണ് സംഭവം. 500 രൂപയുടെ നോട്ടുകൾ അടങ്ങിയ രണ്ട് ബാഗുകളാണ് താഴേക്ക് എറിഞ്ഞത്. നോട്ടുകൾ റസിഡൻഷ്യൽ കോംപ്ലക്സിലുടനീളം ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.

രാവിലെ നടക്കാനിറങ്ങിയവരാണ് പണം ചിതറിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധികൃതരെ വിവരമറിയിച്ചത്. ഉടൻ തന്നെ ഇ ഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പണം പിടിച്ചെടുക്കുകയും ഫ്ളാറ്റിൽ മണിക്കൂറുകളോളം പരിശോധന തുടരുകയും ചെയ്തു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പണം ഒളിപ്പിക്കാൻ ബാഗുകൾ താഴേക്ക് എറിയുകയായിരുന്നു എന്നാണ് കരുതുന്നത്.

മൊഹാലിയിൽ മാത്രമല്ല ചണ്ഡീഗഡ് സെക്ടർ 16, പട്യാല എന്നിവിടങ്ങളിലായി 12 കേന്ദ്രങ്ങളിൽ ഇ.ഡി ഒരേസമയം റെയ്ഡ് നടത്തി. വെസ്റ്റേൺ ടവേഴ്സിലെ 906-ാം നമ്പർ ഫ്ളാറ്റിലായിരുന്നു റെയ്ഡ്. പ്രമുഖ ബിൽഡർമാരുടെയും ഹൗസിംഗ് പ്രോജക്റ്റുകളിലും ഓഫീസുകളിലും പരിശോധന നടന്നു.

മൊഹാലി ഏരിയ ഡവലപ്‌മെന്റ് അതോറിട്ടിയിൽ ഉൾപ്പെട്ടിരിക്കുന്ന ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നതെന്ന് ഇ ഡി വൃത്തങ്ങൾ സൂചിപ്പിച്ചു. ലൈസൻസുകൾ സംഘടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ജനങ്ങളിൽ നിന്ന് വൻതോതിൽ പണം തട്ടിയെടുത്തുവെന്ന് ആരോപണമുണ്ട്. ഫ്ളാറ്റിൽ നിന്ന് നോട്ടുകെട്ടുകൾ താഴേക്ക് എറിയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS, RAID, ED, MOHALI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360