
പുതിയ അസോസിയേഷൻ തിരഞ്ഞെടുപ്പിന് നടപടിയെടുക്കാതെ സ്പോർട്സ് കൗൺസിൽ
തിരുവനന്തപുരം : സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ സംസ്ഥാന കബഡി അസോസിയേഷനെ സ്പോർട്സ് കൗൺസിൽ സസ്പെൻഡ് ചെയ്തത് 2017ലാണ്. വർഷം ഒൻപത് കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പിലൂടെ പകരം സംവിധാനം ഒരുക്കാതെ തങ്ങൾ രൂപീകരിച്ച ടെക്നിക്കൽ കമ്മറ്റിയുമായി മുന്നോട്ടുപോയ കൗൺസിൽ കേന്ദ്ര കായികനയപ്രകാരം തെരെഞ്ഞെടുപ്പിന് മുൻകൈ എടുത്ത ദേശീയ കബഡി ഫെഡറേഷനുമായും സഹകരിച്ചില്ല. ഇതോടെ കേരളത്തിലെ കബഡി അസോസിയേഷന്റെ അഫിലിയേഷൻ തന്നെ റദ്ദാകുന്ന സ്ഥിതിയിലാണ്. അങ്ങനെ സംഭവിച്ചാൽ കേരളത്തിലെ കബഡി താരങ്ങളുടെ ഭാവി ഇരുട്ടിലാകും.
2017ലെ അസോസിയേഷന്റെ സസ്പെൻഷനെത്തുടർന്നുള്ള കേസിൽ 2023ലാണ് കേരള ഹൈക്കോടതി നാലുമാസത്തിനുള്ളിൽ അസോസിയേഷൻ തിരഞ്ഞെടുപ്പ് നടത്താൻ സ്പോർട്സ് കൗൺസിലിനെ ചുമതലപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെയുള്ള കാലയളവിൽ കായികതാരങ്ങളുടെ ഭാവിയെക്കരുതി ടെക്നിക്കൽ കമ്മറ്റി രൂപീകരിക്കാനും കോടതി അനുമതി നൽകിയിരുന്നു. നാലുമാസത്തേക്ക് രൂപീകരിച്ച കമ്മറ്റിയാണ് 40 മാസത്തോളമായിട്ടും തുടരുന്നത്.
ഈ വർഷം കേന്ദ്ര കായികനയം പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാന അസോസിയേഷനുകളിലെ പ്രതിസന്ധികൾ പരിഹരിക്കാനും തിരഞ്ഞെടുപ്പിന് അഡ്ഹോക്ക് കമ്മറ്റി രൂപീകരിക്കാനുമുള്ള അവകാശം ദേശീയ ഫെഡറേഷനാണ് . ഇതനുസരിച്ച് ദേശീയ കബഡി ഫെഡറേഷൻ തങ്ങളുടെ പ്രതിനിധിയേയും അന്താരാഷ്ട്ര കായികതാരത്തേയും ഒളിമ്പിക് അസോസിയേഷൻ പ്രതിനിധിയേയും ഉൾപ്പെടുത്തി അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു. ഈ കമ്മറ്റിയിലേക്ക് പ്രതിനിധിയെ നൽകണമെന്ന ഫെഡറേഷന്റെ ആവശ്യവും കൗൺസിൽ തള്ളിക്കളഞ്ഞു. കഴിഞ്ഞ കൗൺസിൽ ഭരണസമിതി രാജിവച്ചൊഴിഞ്ഞപ്പോൾ ഫെഡറേഷൻ വീണ്ടും ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചെങ്കിലും ഭരണസമിതി ഇല്ലെന്ന കാരണം പറഞ്ഞ് കൗൺസിൽ സെക്രട്ടറി പ്രതിനിധിയെ നൽകാതെ ഉഴപ്പുകയാണ്. ഹൈക്കോടതിയിൽ കാര്യങ്ങൾ വ്യക്തമാക്കി സത്യവാംഗ്‌മൂലം നൽകി തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടിയും കൗൺസിലിൽ നിന്നുണ്ടാകുന്നില്ല.
ഈ വർഷം അവസാനത്തിനകം തിരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാന അസോസിയേഷനുകളുടെ അഫിലിയേഷൻ റദ്ദാകുമെന്ന് കായികനയം വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ ഇഴച്ചിൽ. അഫിലിയേഷൻ റദ്ദായാൽ കേരളത്തിലെ കബഡി താരങ്ങൾക്ക് ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാൻ പോലും കഴിയാതെവരും.
ഇന്ത്യൻ ക്യാമ്പ്
നഷ്ടമായ അഞ്ജിത
അസോസിയേഷനിലെ അസ്ഥിരതയുടെ ബലിയാടാണ് അഞ്ജിത സുരേഷ് എന്ന കബഡി താരം. കഴിഞ്ഞ വർഷം അഞ്ജിതയ്ക്ക് ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചിരുന്നു. എന്നാൽ സെലക്ഷൻ ലഭിച്ച വിവരം അഞ്ജിതയെ കൃത്യസമയത്ത് അറിയിക്കുന്നതിൽ ടെക്നിക്കൽ കമ്മറ്റിയും സ്പോർട്സ് കൗൺസിലും വീഴ്ച്ചവരുത്തി. അന്നത്തെ ഭരണസമിതി തങ്ങൾക്ക് ഇഷ്ടമില്ലാത്ത ജീവനക്കാർക്ക് എതിരെ നടപടിയെടുക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിച്ചതൊഴിച്ചാൽ നഷ്ടം വന്നത് കായിക താരത്തിന് മാത്രമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |