
ഗ്ളാസ്ഗോ : കോമൺവെൽത്ത് ഗെയിംസ് അത്‌ലറ്റിക്സിന്റെ ആദ്യ ദിനത്തിൽ യോഗ്യതാറൗണ്ടിൽ മത്സരിച്ച മലയാളിതാരം എം.ശ്രീശങ്കറിന് ഫൈനലിലേക്ക് എത്താൻ വേണ്ടിവന്നത് ഒരൊറ്റചാട്ടം മാത്രം. ആദ്യ ശ്രമത്തിൽ തന്നെ 8.01 മീറ്റർ ചാടിയ ശ്രീശങ്കർ യോഗ്യതാ റൗണ്ടിന്റെ ഗ്രൂപ്പ് എയിലെ ഒന്നാമനായാണ് വ്യാഴാഴ്ച നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടിയത്.10 പേർ മത്സരിച്ച ഗ്രൂപ്പ് എയിൽ നിന്ന് ആറുപേർ ഫൈനലിലേക്ക് യോഗ്യത നേടി. രണ്ടാം സ്ഥാനത്തെത്തിയ ഓസ്ട്രേലിയയുടെ ക്രിസ്റ്റഫർ മിത്രേവ്സ്കി ചാടിയത് 7.89 മീറ്ററാണ്.
യോഗ്യതാ റൗണ്ടിന്റെ ബി ഗ്രൂപ്പിൽ നിന്ന് 8.10 മീറ്റർ ചാടിയ ജമൈക്കൻ താരം തജേയ് ഗെയ്ലും 8.04 മീറ്റർ ചാടിയ സെന്റ് വിൻസന്റ് ആൻഡ് ഗ്രെനേഡ താരം റയാൻ ഉറോയ്‌യും ശ്രീശങ്കറിനെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഫൈനലിലേക്ക് എത്തുമ്പോൾ സ്വർണപ്രതീക്ഷയിലാണ് ശങ്കു. ഈ സീസണിൽ 8.39 മീറ്റർ ചാടിയിട്ടുള്ള ശങ്കുവിന് ഫൈനലിൽ ആവേശം ഉയരുമ്പോൾ കൂടുതൽ ദൂരവും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ബി ഗ്രൂപ്പിൽ 7.77 മീറ്റർ ചാടിയ ലോകേഷ് സത്യനാഥനും ഫൈനലിലെത്തിയിട്ടുണ്ട്.
തേജസ് ഫൈനലിൽ
ഇന്നലെ നടന്ന പുരുഷ 110 മീറ്റർ ഹഡിൽസിന്റെ പ്രാഥമിക റൗണ്ടിൽ നിന്ന് ഇന്ത്യൻ താരം തേജസ് ഷിർസേ ഫൈനലിലേക്ക് യോഗ്യത നേടി.ആദ്യ ഹീറ്റ്സിൽ മത്സരിച്ച തേജസ് 13.76 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.
ഗുരീന്ദർ വീർ പുറത്ത്
പുരുഷ 100 മീറ്ററിൽ ദേശീയ റെക്കാഡിന് ഉടമയായ ഇന്ത്യൻ താരം ഗുരീന്ദർവീർ സിംഗിന് സെമിയിലേക്ക് കടക്കാനായില്ല. നാലാം ഹീറ്റ്സിൽ 10.39 സെക്കൻഡിൽ ഫിനിഷ് ചെയ്തെങ്കിലും 11 ഹീറ്റ്സുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 17 പേരിൽ ഗുരീന്ദർവീർ ഉൾപ്പെട്ടില്ല.ഈ വർഷം റാഞ്ചിയിൽ നടന്ന ഫെഡറേഷൻ കപ്പിൽ 10.09 സെക്കൻഡിൽ ഫിനിഷ് ചെയ്തിരുന്ന താരമാണ് ഗുരീന്ദർ വീർ.
സജൻ പ്രകാശ് ഫൈനലിൽ
200 മീറ്റർ ബട്ടർ ഫ്ളൈ നീന്തലിൽ മലയാളി താരം സജൻ പ്രകാശ് ഫൈനലിലേക്ക് യോഗ്യത നേടി. രണ്ടാം ഹീറ്റ്സിൽ മത്സരിച്ച സജൻ ഒരു മിനിട്ട് 58.59 സെക്കൻഡിൽ രണ്ടാമതായാണ് ഫിനിഷ് ചെയ്‌തത്.
പ്രൊതിഷ്ത ഏഴാമത്
ജിംനാസ്റ്റിക്സിൽ വനിതകളുടെ വോൾട്ട് ഫൈനലിൽ മത്സരിച്ച ഇന്ത്യൻ താരം പ്രൊതിഷ്ത സാമന്ത ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ബോക്സിംഗ് : സച്ചിൻ
ക്വാർട്ടർ ഫൈനലിൽ
ഇന്നലെ നടന്ന പുരുഷ വിഭാഗം 60 കിലോ ബോക്സിംഗിന്റെ പ്രീ ക്വാർട്ടറിൽ ബ്രിട്ടീഷ് ബോക്സർ വില്യം ഹെവിറ്റിനെ 4-1ന് ഇടിച്ചിട്ടുവീഴ്ത്തി ഇന്ത്യൻ താരം സച്ചിൻ സിവാച്ച്. ഒളിമ്പിക് മെഡലിസ്റ്റായ ഇന്ത്യൻ ബോക്സർ വിജേന്ദർ സിംഗിന്റെ അനന്തരവനാണ് സച്ചിൻ. മൂന്ന് റൗണ്ട് പോരാട്ടത്തിൽ ആദ്യ രണ്ട് റൗണ്ടുകളിലും കൃത്യമായ പ്രതിരോധവും വേഗതയേറിയ കൗണ്ടർ അറ്റാക്കുകളും കൊണ്ട് ബ്രിട്ടീഷ് താരത്തെ നിയന്തിച്ചുനിറുത്തിയ സച്ചിൻ അവസാനറൗണ്ടിൽ കൂടുതൽ മികവ് പുറത്തെടുത്താണ് വിജയിച്ചത്. ക്വാർട്ടറിൽ ബോട്സ്വാനയുടെ ട്രഷർ മൊറേമിയാണ് വിജേന്ദറിന്റെ എതിരാളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |