
തിരുവനന്തപുരം: കെ.സി.എല്ലിൽ ഈ സീസണിലെ ആദ്യ ജയം നേടി ട്രിവാൻഡ്രം റോയൽസ്. ആദ്യ രണ്ട് മത്സരങ്ങളിൽ ആലപ്പിയോടും കൊല്ലത്തോടും തോറ്റിരുന്ന ട്രിവാൻഡ്രം ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യൻസായ കൊച്ചി ബ്ളൂ ടൈഗേഴ്സിനെ തോൽപ്പിച്ചത് 55 റൺസിനാണ്. ട്രിവാൻഡ്രം നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടിയപ്പോൾ കൊച്ചിയുടെ മറുപടി 130/9ൽ ഒതുങ്ങുകയായിരുന്നു. അർദ്ധസെഞ്ച്വറി നേടിയ സിജോമോൻ ജോസഫാണ് (56 നോട്ടൗട്ട് ) ട്രിവാൻഡ്രത്തിന് ബാറ്റിംഗിൽ കരുത്ത് പകർന്നത്.,കൃഷ്ണപ്രസാദ് (25), വിഷ്ണു വിനോദ് (32),അക്ഷയ് മനോഹർ (32) ,വിനോദ് (20 നോട്ടൗട്ട്) എന്നിവർ പിന്തുണയേകി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രത്തിന് ഒൻപതോവറിൽ 74 റൺസ് നേടുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായിരുന്നു.അഭിഷേക് ജെ.നായർ (10),കൃഷ്ണപ്രസാദ് (25), വിഷ്ണു വിനോദ് (32), ഗോവിന്ദ് ദേവ് പൈ (0) എന്നിവർ പുറത്തായശേഷം അക്ഷയ് മനോഹറും (32) , സിജോമോൻ ജോസഫും (56 നോട്ടൗട്ട്) ചേർന്ന് 40 പന്തുകളിൽ 67 റൺസ് കൂട്ടിച്ചേർത്തു. 16-ാം ഓവറിൽ അക്ഷയ് മടങ്ങിയശേഷം സിജോയും വിനോദും (20 നോട്ടൗട്ട്) ചേർന്ന് 26 പന്തുകളിൽ 44 റൺസ് കൂട്ടിച്ചേർത്തു. മറുപടിക്കിറങ്ങിയ കൊച്ചിയെ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ സിജോമോൻ, വി.അജിത്, ശ്രീഹരി നായർ എന്നിവർ ചേർന്നാണ് ചുരുട്ടിയത്. 41 റൺസ് നേടിയ കാർത്തിക് ബി നായർ മാത്രമാണ് കൊച്ചി നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. കൊച്ചിയുടെ മൂന്നാം തോൽവിയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |