SignIn
Kerala Kaumudi Online
Sunday, 17 May 2026 5.53 PM IST

കന്യകമാരെ കല്ല്യാണം കഴിക്കാൻ പുതിയ നിയമം നടപ്പിലാക്കി താലിബാൻ ഭരണകൂടം

thaliban-child-marriage

കാബൂൾ: കന്യകയായ ഒരു പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന പുതിയ നിയമവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഭാര്യാഭർതൃ വേർപിരിയലിന്റെ തത്വങ്ങൾ എന്ന തലക്കെട്ടിലുള്ള 31 വകുപ്പുകളുള്ള നിയമാവലിയിലാണ് ഇക്കാര്യമുള്ളത്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ നിയമാവലിക്ക് അംഗീകാരം നൽകി.

നേരത്തെ പ്രസിദ്ധീകരിച്ച ഈ നിയമാവലിയിൽ വിവിധ സാഹചര്യങ്ങളിൽ വിവാഹബന്ധം വേർപെടുത്തുന്നതിനുള്ള മതപരവും നിയമപരവുമായ നടപടിക്രമങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ശൈശവ വിവാഹം, കാണാതായ ഭർത്താക്കന്മാർ, നിർബന്ധിത വിവാഹ മോചനം, വിവാഹേതര ബന്ധം തുടങ്ങിയ വിഷയങ്ങളും ഇതിൽ ഉൾപ്പെടുന്നു. പുതിയ നിയമപ്രകാരം പിതാക്കന്മാർക്കും മുത്തശ്ശന്മാർക്കും ശൈശവ വിവാഹങ്ങളിൽ അധികാരം നൽകിയിട്ടുണ്ട്.

പെൺകുട്ടികളുടെ വിവാഹം ആർത്തവാരംഭത്തിനുശേഷം ആവശ്യമെങ്കിൽ റദ്ദാക്കാമെന്നും എന്നാൽ അതിന് താലിബാൻ കോടതിയുടെ അംഗീകാരം ആവശ്യമാണെന്നും പുതിയ നിയമത്തിൽ പറയുന്നു. പ്രായപൂർത്തിയായ കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിന് സമ്മതമായി കണക്കാക്കാം എന്നും എന്നാൽ ഒരു ആൺകുട്ടിയുടെയോ മുമ്പ് വിവാഹിതയായ സ്ത്രീയുടെയോ നിശബ്ദതയ്ക്ക് സമാനമായ പരിഗണന നൽകില്ല എന്നും മറ്റൊരു വകുപ്പ് പറയുന്നു.

അതേസമയം,​ അഫ്ഗാനിസ്ഥാന്റെ ചില ഭാഗങ്ങളിൽ നിലവിലുള്ള ആചാരങ്ങൾക്ക് നിയമപരമായ സാധുത നൽകുന്നതാണ് ഈ പുതിയ നിയമങ്ങളെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. കടങ്ങൾ തീർക്കാനോ സാമ്പത്തിക സഹായം നേടാനോ കുട്ടികളെ വിവാഹത്തിനായി വാഗ്ദാനം ചെയ്ത കേസുകൾ ചില മനുഷ്യാവകാശ സംഘടനകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ബാലികമാരെ വിവാഹം കഴിപ്പിക്കുന്നതിനായി നൽകുന്ന തുക 500 ഡോളർ മുതൽ 3,000 ഡോളർ വരെയാണെന്നാണ് റിപ്പോർട്ട്. ഇത്തരം സംഭവങ്ങൾക്ക് അംഗീകാരം നൽകുന്നതിന് തുല്ല്യമാണ് പുതിയ നിയമങ്ങളെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടികാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, AFGANISTAN, THALIBAN, CHILD MARRIAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360