SignIn
Kerala Kaumudi Online
Monday, 13 July 2026 6.45 AM IST

ഏകാദശി നോറ്റ് ഗുരുവായൂരപ്പനെ തൊഴാൻ പതിനായിരങ്ങൾ

news-photo-

ഗുരുവായൂർ: ഏകാദശീവ്രതം നോറ്റ് ഗുരുവായൂരപ്പനെ തൊഴുത് സായൂജ്യമടയാൻ പതിനായിരങ്ങൾ ഗുരുപവനപുരിയിലെത്തി. ഉദയാസ്തമയ പൂജയോടെയായിരുന്നു ഏകാദശി വിളക്കാഘോഷം. ഇന്നലെ രാവിലെ ക്ഷേത്രത്തിൽ കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലമേറ്റി. കൊമ്പൻമാരായ രവികൃഷ്ണനും വിഷ്ണുവും പറ്റാനകളായി. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ മേളം അകമ്പടിയായി.

കാഴ്ചശീവേലിക്കുശേഷം പഞ്ചവാദ്യത്തോടെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പും നടന്നു. കൊമ്പൻ രാജശേഖരനാണ് കോലമേറ്റിയത്. രാവിലെ മുതൽ ദർശനത്തിന് വൻതിരക്കായിരുന്നു. കിഴക്കെ നടപ്പന്തലും സത്രം വളപ്പും പിന്നിട്ട് തെക്കെ ഔട്ടർ റിംഗ്‌റോഡിൽ പന്തായിൽ അയ്യപ്പക്ഷേത്രത്തിനു സമീപം വരെ എത്തിയിരുന്നു ദർശനത്തിനുള്ള വരി. രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ വരിയിൽ നിന്നവരെ മാത്രമാണ് ക്ഷേത്രദർശനത്തിന് അനുവദിച്ചത്. വി.ഐ.പികൾ ഉൾപ്പെടെയുള്ള മറ്റുള്ളവർക്ക് ഉച്ചയ്ക്ക് രണ്ടിനുശേഷമാണ് ദർശനം അനുവദിച്ചത്.

ദശമി ദിവസമായ ബുധനാഴ്ച പുലർച്ചെ മൂന്നിന് തുറന്ന ക്ഷേത്രനട ദ്വാദശിപ്പണ സമർപ്പണത്തിനുശേഷം ഇന്നു രാവിലെ എട്ടിന് മാത്രമേ അടയ്ക്കൂ. തുടർന്ന് ശുദ്ധിച്ചടങ്ങുകൾ പൂർത്തിയാക്കി ഒമ്പതിന് നടതുറക്കും. ഭക്തർക്ക് ദർശനം അനുവദിക്കുമെങ്കിലും നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല. നാളെ ത്രയോദശി ചടങ്ങുകളോടെ ഏകാദശി ആഘോഷങ്ങൾക്ക് സമാപനമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUVAYOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA