സർക്കാരിന്റേത് അനാവശ്യ സമ്മർദ്ദം
ഗവർണർ റബർ സ്റ്റാമ്പായി
ന്യൂഡൽഹി : കണ്ണൂർ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വിവാദ പുനർ നിയമനം കടുത്ത വിമർശനത്തോടെ സുപ്രീംകോടതി തള്ളിയത് സർക്കാരിനും ചാർസലറായ ഗവർണർക്കും ഒരുപോലെ പ്രഹരമായി. താത്പര്യ സംരക്ഷണത്തിന് സർക്കാരിന്റെ അനാവശ്യ സമ്മർദ്ദം. പദവി മറന്ന് വഴങ്ങിക്കൊടുത്ത ഗവർണറുടെ വീഴ്ച. ഇവ രണ്ടുമാണ് സുപ്രീംകോടതി തുറന്നു കാട്ടിയത്.
ചാൻസലറാണ് സർവകലാശാലയുടെ പരമാധികാരിയെന്നും കോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് തീരാകളങ്കമായ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകിയത്. സർക്കാർ- ഗവർണർ പോര് കാരണം എട്ട് സർവകലാശാലകളിൽ ഒരു വർഷത്തിലേറെയായി വി.സി നിയമനം മുടങ്ങിയിരിക്കുകയാണ്.
ചാൻസലർക്കുമേൽ സർക്കാരിന്റെ നിരന്തര സമ്മർദ്ദം ക്രമക്കേടിനും അപ്പുറമാണ് കോടതി പറഞ്ഞു. രാഷ്ട്രീയ മേധാവിയുടെ സമ്മർദ്ദമായേ കാണാനാകൂ.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ. ബിന്ദുവും സമ്മർദ്ദത്തിലാക്കിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ചാൻസലർ സർക്കാരിന് മുന്നിൽ എന്തിന് കീഴടങ്ങി? .ഇങ്ങനെ റബ്ബർ സ്റ്റാമ്പാകാൻ ചാർസലർക്കാവില്ല. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വിധിയിൽ ഇങ്ങനെ മറുപടി നൽകി. നിയമം അധികാരം നൽകിയിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കേണ്ടത് ഉത്തരവാദിത്വമാണ്. പകരം മറ്റുള്ളവരുടെ നിർദ്ദേശ പ്രകാരം പ്രവർത്തിച്ചാൽ കീഴടങ്ങലാണ്. നിയമവിരുദ്ധവും. സർവകലാശാലയുടെ താത്പര്യമായിരിക്കണം മുഖ്യം. സർവകലാശാലാ നിയപ്രകാരമാണ് ചാൻസലർ തീരുമാനമെടുക്കേണ്ടത്. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചാൻസലറുടെ മനസിലുണ്ടായിരുന്നില്ല. അതിനാലാണ് പുതിയ വിജ്ഞാപനമിറക്കിയിരുന്നതെന്ന് മനസ്സിലാക്കാം. എന്നാൽ, പൊടുന്നനെയാണ് മന്ത്രിയുടെയടക്കം ഇടപെടലുണ്ടാകുന്നതും പുനർനിയമന ഉത്തരവിറങ്ങുന്നതും.
മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ജെ.ബി. പർദിവാലയാണ് വിധി വായിച്ചത്. ജസ്റ്റിസ് മനോജ് മിശ്ര വിധിക്കൊപ്പം ചേർന്നു. ഹൈക്കോടതിയുടെ അനുകൂല വിധിയെ ചോദ്യംചെയ്ത് ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഷിനോ പി. ജോസ് എന്നിവർ സമർപ്പിച്ച ഹർജിയിലാണ് നടപടി.
വിവാദ ബില്ലിനും തിരിച്ചടി;
ചാൻസലർ സർവാധികാരി
എം.എച്ച്. വിഷ്ണു
ചാൻസലറാണ് വാഴ്സിറ്റികളിലെ അധികാരിയെന്ന് സുപ്രീംകോടതി വിധിച്ചത് ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കാനുള്ള ബില്ലിന് തിരിച്ചടിയായി
ബിൽ ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരിക്കയാണ്. ബിൽ സുപ്രീംകോടതി ഉത്തരവിനെതിരാണെന്ന് കേന്ദ്രത്തിനും ഗവർണർക്കും വ്യാഖ്യാനിക്കാനാവും
വി.സി നിയമനങ്ങളിൽ കോടതി ഉത്തരവ് പ്രതിഫലിക്കും. പ്രോചാൻസലറായ വകുപ്പ് മന്ത്രിയുടേതുൾപ്പെടെ സർക്കാർ ഇടപെടൽ പരിമിതപ്പെടും
ഇനി സർക്കാരിന്റെ ശുപാർശയോ പാനലോ ഇല്ലാതെ ഗവർണർക്ക് വി.സിയുടെ ചുമതല കൈമാറാം. കണ്ണൂർ വി.സിയുടെ ചുമതല മുതിർന്ന പ്രൊഫസർക്ക് നൽകിയേക്കും
വി.സിമാരുടെ കാലാവധി കഴിയുമ്പോൾ പകരം ചുമതല നൽകുന്നതിനു പോലും ഗവർണർ ഇപ്പോൾ സർക്കാരിന്റെ ശുപാർശ തേടുന്നുണ്ട്
സാങ്കേതിക വാഴ്സിറ്റിയിൽ ഗവർണർ താത്കാലിക വി.സിയാക്കിയ സിസാതോമസിനെതിരേ നടപടിയുമെടുത്തു
സർക്കാരും ഗവർണറും സ്വന്തം സെർച്ച് കമ്മിറ്റികൾക്ക് ശ്രമിച്ചതോടെയാണ് 8 വാഴ്സിറ്റികളിൽ വി.സി നിയമനം നിലച്ചത്. സെർച്ച്കമ്മിറ്റി വിപുലീകരണ ബില്ലിലും ഇനി അനക്കമുണ്ടാകാൻ ഇടയില്ല
സർക്കാർ ഇടപെടൽ
മന്ത്രി ബിന്ദു 2 കത്തുകളെഴുതുകയും അഡ്വക്കേറ്റ് ജനറൽ ചട്ടവിരുദ്ധമായി നിയമോപദേശം നൽകുകയും ചെയ്തു
മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി മോഹനൻ, നിയമോപദേശകൻ രവീന്ദ്രനാഥ് എന്നിവരും സ്വാധീനിച്ചു
സ്വന്തം ജില്ലയിലെ സർവകലാശാല, നാട്ടുകാരൻ എന്നായിരുന്നു മുഖ്യമന്ത്രി രാജ്ഭവനിലെത്തി ശുപാർശ ചെയ്തത്
റിവ്യൂ ഹർജി നൽകില്ല. ഇന്ന് ഡൽഹി ജാമിയ മിലിയയിൽ ഹിസ്റ്ററി പ്രൊഫസറായി സ്ഥിര ജോലിയിൽ ചുമതലയേൽക്കും
- ഡോ. ഗോപിനാഥ് രവീന്ദ്രൻ
ഗവർണറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നിയമനം നടത്തേണ്ടത്. വിധി അംഗീകരിക്കുന്നു
- ആർ.ബിന്ദു, ഉന്നതവിദ്യാഭ്യാസ മന്ത്രി
മുഖ്യമന്ത്രിയിൽ നിന്ന് കടുത്ത സമ്മർദ്ദം ഉണ്ടായതു കൊണ്ടാണ് കണ്ണൂർ വി.സി പുനർനിയമന ഉത്തരവിൽ ഒപ്പു വച്ചത്
- ഗവർണർ ആരിഫ് മുഹമ്മദ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |