തിരുവനന്തപുരം: നിയമസഭയിൽ ചോദ്യങ്ങൾ പരിഗണിക്കുന്നതിന്റെ തലേന്ന് വൈകിട്ട് അഞ്ചിനകം മന്ത്രിമാർ ഉത്തരങ്ങൾ നിയമസഭാ സെക്രട്ടേറിയറ്റിന് കൈമാറണമെന്ന് സ്പീക്കർ എ.എൻ ഷംസീറിന്റെ റൂളിംഗ്. ധനമന്ത്രി കെ.എൻ ബാലഗോപാൽ മുൻ സമ്മേളനങ്ങളിൽ 256ഉം നടപ്പ് സമ്മേളനത്തിൽ 199ഉം നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉന്നയിച്ച ക്രമപ്രശ്നത്തിലാണ് റൂളിംഗ്.
നിയമസഭാ ചട്ടം 47പ്രകാരം തലേന്ന് ഉത്തരങ്ങൾ നൽകാനാവാത്ത സാഹചര്യത്തിലാണ് 15ദിവസത്തെ സമയപരിധി ഉപയോഗിക്കാനാവുന്നത്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിനോട് യോജിപ്പില്ല. എല്ലാ ചോദ്യങ്ങൾക്കും ഉടൻ ഉത്തരം നൽകണം. ബഡ്ജറ്റ് തിരക്ക് കാരണമാണ് മറുപടി വൈകിയതെന്നും 15 ദിവസ കാലപരിധി ഇനിയും അവശേഷിക്കുന്നുവെന്നുമായിരുന്നു ബാലഗോപാലിന്റെ വിശദീകരണം.
കിഫ്ബി രേഖകൾ ഉടൻ സഭയിൽ വയ്ക്കണം: സ്പീക്കർ
തിരുവനന്തപുരം: കിഫ്ബിയുടെ വാർഷിക റിപ്പോർട്ടും ഫണ്ട് ട്രസ്റ്റി കമ്മിഷന്റെ ഫിഡലിറ്റി സർട്ടിഫിക്കറ്റും നടപ്പു സമ്മേളനത്തിൽ തന്നെ നിയമസഭയിൽ വയ്ക്കണമെന്ന് സ്പീക്കർ എ.എൻ.ഷംസീറിന്റെ റൂളിംഗ്. ബഡ്ജറ്റിനൊപ്പം സഭയിൽ സമർപ്പിക്കേണ്ടിയിരുന്നതാണ് ഫിഡലിറ്റി സർട്ടിഫിക്കറ്റ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉന്നയിച്ച ക്രമപ്രശ്നത്തിലാണ് സ്പീക്കറുടെ റൂളിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |