SignIn
Kerala Kaumudi Online
Tuesday, 15 September 2026 5.50 PM IST

ചിത്രയുടെ ഭർത്താവുമായി വഴക്കിട്ടു, പിറ്റേന്നാണ് പണി പാളിയെന്ന് തോന്നിയത്

READ ENGLISH VERSION
mg-sreekumar-chitra

ചിത്ര- എം.ജി ശ്രീകുമാർ കോംബിനേഷനിൽ ഏത്രയോ ഹിറ്റ് ഗാനങ്ങൾ പുറത്തുവന്നിരിക്കുന്നു. ഇന്നും ഗാനമേളകളിൽ അവയെല്ലാം പ്രേക്ഷകർ ആവർത്തിച്ച് ആവശ്യപ്പെടാറുമുണ്ട്. എം.ജി ശ്രീകുമാറിന്റെ കുടുംബവുമായും ചിത്രയ‌്ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. ശ്രീകുമാറിന്റെ സഹോദരി ഓമനക്കുട്ടി ടീച്ചറാണ് ചിത്രയുടെ ഗുരു. എന്നാൽ ഒരിക്കൽ ചിത്രയുടെ ഭർത്താവുമായി വഴക്കിടേണ്ടി വന്ന സാഹചര്യം വെളിപ്പെടുത്തുകയാണ് എം.ജി.

‘കണ്ണീർ കായലിലേതോ’ എന്ന യുഗ്മഗാനത്തിന്റെ റെക്കോർഡിംഗിന് മുൻപായിരുന്നു സംഭവം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് എം.ജി ശ്രീകുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്.

''ചിത്രയുടെ ഭർത്താവ് വിജയനും ഞാനും പണ്ടുമുതലേ സുഹൃത്തുക്കളായിരുന്നു. കണ്ണീര്‍ കായലിലേതോ എന്ന ഗാനം റെക്കോഡ് ചെയ്യുന്നതിന്റെ തലേദിവസം ഞങ്ങൾ രണ്ടുപേരും തമ്മിൽ വഴക്കിട്ടു. എന്തായിരുന്നു കാര്യമെന്ന് ഓർക്കുന്നില്ല. പരസ്പരം ഓരോന്ന് പറഞ്ഞ്, പൊട്ടിത്തെറിച്ച് അത് വഴക്കിൽ കലാശിച്ചു. സൗകര്യമുണ്ടെങ്കിൽ മതി എന്ന മനോഭാവത്തിൽ ഞാനും നിന്നു. എല്ലാം തികച്ചും അപ്രതീക്ഷിതമായിരുന്നു.

കണ്ണീര്‍ കായലില്‍ എന്ന ഗാനം ഞാനും ചിത്രയും ഒരുമിച്ചുള്ള യുഗ്മഗാനമായിരുന്നു. പ്രശ്‌നം ഉണ്ടായതിന്റെ പിറ്റേദിവസം ചിത്ര റെക്കോർഡിങ്ങിനു വേണ്ടി സ്റ്റുഡിയോയിൽ വന്നു. ഞാൻ നോക്കിയപ്പോൾ വിജയനെ കണ്ടില്ല. എന്നെ കണ്ടപ്പോൾ ചിത്ര ഒന്നും സംസാരിച്ചില്ല. അപ്പോൾ തന്നെ ഞാൻ വിചാരിച്ചു പണി പാളിയെന്ന്. കാരണം, ചിത്രയുടെ ഭർത്താവിനോടാണല്ലോ ഞാൻ വഴക്കിട്ടത്. ഇനി ഏതെങ്കിലും സിനിമ വരുമ്പോൾ എംജി ആണെങ്കില്‍ ഞാന്‍ പാടുന്നില്ല എന്നെങ്ങാനും ചിത്ര പറയുമോ എന്നു ഞാൻ ഭയപ്പെട്ടു. അങ്ങനെ പലവിധ ചിന്തകള്‍ മനസ്സിലൂടെ കടന്നുപോയി. അപ്പോഴേക്കും സംവിധായകൻ വന്നു. എനിക്കും ചിത്രയ്ക്കും പാടേണ്ട ഭാഗങ്ങൾ വേർതിരിച്ചു തന്നു. അപ്പോഴൊന്നും ചിത്ര എന്നോടു മിണ്ടിയില്ല.

റെക്കോർഡിങ്ങിനു മുൻപ് ഞാന്‍ പുറത്തുപോയി ചായയൊക്കെ കുടിച്ചു വന്നു. മോണിറ്റര്‍ സമയം ആയി. മൂന്ന് മോണിറ്റര്‍ കഴിയുമ്പോഴാണ് ടേക്ക്. അങ്ങനെ ആദ്യത്തെ മോണിറ്ററിങ്ങിന്റെ ടൈമില്‍ എന്റെ ശബ്ദമൊന്ന് ഇടറി. അപ്പോൾ ചിത്ര എന്നോടു ചേദിച്ചു, ‘ചൂടുവെള്ളം വേണോ’ എന്ന്. അപ്പോഴാണ് ആശ്വാസമായത്. അങ്ങനെ പിണക്കമൊന്നുമില്ലെന്നു മനസ്സിലായി. ദുഃഖത്തിന്റെ അലകളെല്ലാം നീങ്ങി. യാതൊരു വിഷമങ്ങളും ഇല്ലാതെ ഞങ്ങള്‍ രണ്ടുപേരും നല്ല രീതിയില്‍ പാട്ട് പാടി പൂര്‍ത്തിയാക്കി''- എം.ജി ശ്രീകുമാറിന്റെ വാക്കുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG SREEKUMAR, CHITRA, SINGER, HUSBAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY