തിരുവനന്തപുരം: സ്പോർട്സ് ക്വോട്ട നിയമനത്തിനായി നീക്കിവച്ചിരുന്ന സായുധ പൊലീസ് ബറ്റാലിയനിലെ നാല് എസ്.ഐ ഒഴിവുകളിൽ നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് നേരിട്ട് നിയമനം നടത്താൻ ആഭ്യന്തര വകുപ്പ് ഉത്തരവ്. ഈ തസ്തികയിൽ കായിക താരങ്ങൾക്ക് സ്ഥാനക്കയറ്റം നൽകാനാവില്ലെന്നും അപേക്ഷ ക്ഷണിച്ച് യോഗ്യത വിലയിരുത്തിയ ശേഷമേ നിയമനത്തിൽ തീരുമാനമെടുക്കാനാവൂ എന്നും ഡി.ജി.പി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാവിയിൽ ഉണ്ടാവുന്ന ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർമാരുടെ നാല് ഒഴിവുകൾ സ്പോർട്സ് ക്വോട്ട നിയമനത്തിന് നീക്കിവയ്ക്കണമെന്ന വ്യവസ്ഥയിൽ നേരിട്ടുള്ള നിയമനത്തിന് അനുമതി നൽകിയത്.
സീറ്റൊഴിവ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക്, പോസ്റ്റ്- പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യ യോഗ്യത. എസ്.സി/ എസ്.ടി/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃതമായും ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലുള്ള പിന്നാക്ക വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായുമുള്ള ഫീസിളവ് ലഭിക്കും. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും പാസ്പോർട്ട് ഫോട്ടോയും സഹിതം അതത് കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: തിരുവനന്തപുരം- 0471 2474720, 2467728, എറണാകുളം- 0484 2605322, കോഴിക്കോട്- 0495 2356591, 2723666. വെബ്സൈറ്റ്: www.captkerala.com.
സത്യഭാമയുടെ മുൻകൂർ
ജാമ്യഹർജിയിൽ വിധി ഇന്ന്
കൊച്ചി: നർത്തകൻ ആർ.എൽ.വി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചെന്ന കേസിൽ നൃത്താദ്ധ്യാപിക സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ സംബന്ധിച്ച പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.
അഭിമുഖത്തിൽ ആരുടെയും പേരെടുത്തുപറഞ്ഞിട്ടില്ലെന്നും വീഡിയോ അപ്ലോഡ് ചെയ്തവർക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു സത്യഭാമയുടെ വാദം. നെടുമങ്ങാട് എസ്.സി/എസ്.ടി പ്രത്യേക കോടതി സത്യഭാമയുടെ മുൻകൂർ ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യഹർജിയെ എതിർത്ത് ആർ.എൽ.വി രാമകൃഷ്ണനും കക്ഷിചേർന്നിട്ടുണ്ട്. സത്യഭാമയെ അറസ്റ്റ് ചെയ്യുന്നത് കോടതി നേരത്തെ ഇടക്കാല ഉത്തരവിലൂടെ വിലക്കിയിരുന്നു. ജസ്റ്റിസ് കെ. ബാബുവാണ് ഹർജി പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |