SignIn
Kerala Kaumudi Online
Monday, 14 September 2026 9.36 AM IST

'പഞ്ചാബി ഹൗസ്' നിർമാണത്തിൽ പിഴവ്; ഹരിശ്രീ അശോകന് 17 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് കോടതി

harisree-ashokan

കൊച്ചി: പ്രശസ്‌ത സിനിമാ താരം ഹരിശ്രീ അശോകന്റെ 'പഞ്ചാബി ഹൗസ്' എന്ന വീടിന്റെ നിർമാണത്തിന് വരുത്തിയ ഗുരുതരമായ പിഴവിന് 17,83,641 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി. 'പഞ്ചാബി ഹൗസ്' എന്ന പേരിൽ നിർമിച്ച വീടിന്റെ പണികൾ പൂർത്തിയായി അധികനാൾ താമസിക്കും മുമ്പ് തറയോടുകളുടെ നിറം മങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽ കൂടി വെള്ളവും മണ്ണും പ്രവേശിക്കാൻ തുടങ്ങുകയും ചെയ്‌തു.

എതിർകക്ഷികളായ എറണാകുളത്തെ പികെ ടൈൽസ് സെന്റർ, കേരള എജിഎൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്‌ത ഫ്ലോർ ടൈൽസ് ആണ് അശോകൻ വാങ്ങിയത്. എൻഎസ് മാർബിൾ വർക്‌സിന്റെ ഉടമ കെഎ പയസിന്റഎ നേതൃത്വത്തിലാണ് ടൈൽസ് ഇടുന്ന പണികൾ നടന്നത്. പണി പൂർത്തിയായി അധികനാൾ കഴിയും മുമ്പ് തന്നെ തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങി, വെള്ളവും മണ്ണും പുറത്തേക്കെത്തുകയും ചെയ്‌തു. എതിർ കക്ഷികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു.

ഉൽപ്പന്നം വാങ്ങിയതിന് രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും, ഉല്പന്നത്തിന്റെ ന്യൂനത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറന്റിയുമായി ബന്ധപ്പെട്ട രേഖകളൊന്നുമില്ല എന്നതുമടക്കമുള്ള നിലപാടുകളാണ് എതിർകക്ഷികൾ കോടതിയിൽ സ്വീകരിച്ചത്. ടൈൽസ് വിരിച്ചത് തങ്ങളല്ലെന്നും അവർ വാദിച്ചു.

ഇൻവോയ്‌സും വാറന്റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപഭോക്താവിനെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്‌ത എതിർ കക്ഷികളുടെ പ്രവർത്തി അധാർമിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതകളുടെയും നേർചിത്രമാണിതെന്ന് കോടതി വിലയിരുത്തി. ഉപഭോക്താവിനെ വ്യവഹാരത്തിന് നിർബന്ധിതനാക്കിയ എതിർ കക്ഷികളുടെ പ്രവർത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡിബി ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അം​ഗങ്ങളുമായ ബെഞ്ച് അഭിപ്രായപെട്ടു.

ഉപഭോക്താവിനെ അനാവശ്യമായി വലയ്‌ക്കുന്ന അധാർമ്മികമായ വ്യാപാര രീതിയുടെയും സേവനത്തിലെ ഗുരുതരമായ ന്യൂനതയുടെയും ഉത്തമ ദൃഷ്ടാന്തമാണ് ഈ പരാതിയിൽ നിന്ന് വെളിവാക്കപ്പെടുന്നതെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.

പരാതിക്കാരനുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് രണ്ടാം എതിർകക്ഷി 16,58,641 രൂപ നൽകണം. കൂടാതെ, നഷ്ടപരിഹാരമായി എതിർകക്ഷികൾ ഒരു ലക്ഷം രൂപയും കോടതിച്ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നൽകുവാനും കോടതി നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARISREE AHOKAN, PUNJABIHOUSE, CONSUMER COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY