തിരുവനന്തപുരം: കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തി എൻ.എച്ച്.എം പി.ആർ.ഒ
ഷിനിയെ എയർ പിസ്റ്റളുപയോഗിച്ച് വെടിവച്ച വനിതാ ഡോക്ടറുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. നാലു ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടിയതിനെ തുടർന്നാണിത്. വെടിവച്ച തോക്ക് സൂക്ഷിച്ചിട്ടുണ്ടെന്ന് ഡോക്ടർ മൊഴി നൽകിയ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഭർത്താവിന്റെ ക്വാർട്ടേഴ്സിൽ നാളെയെത്തിച്ച് കണ്ടെടുക്കുമെന്ന് വഞ്ചിയൂർ സി.ഐ ഷാനിഫ് പറഞ്ഞു. തോക്ക് അവിടെനിന്ന് മാറ്റിയെങ്കിൽ കോട്ടയത്തെ വീട്ടിൽ പരിശോധന നടത്തും. തെളിവു നശിപ്പിച്ചെങ്കിൽ അതിന് വേറെ കേസെടുക്കും.
ഡോക്ടറെ പാൽക്കുളങ്ങര ചെമ്പകശ്ശേരിയിലെ ഷിനിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഇവിടെയെത്തിയ വഴിയും വെടിവച്ച രീതിയും രക്ഷപ്പെട്ട മാർഗവുമെല്ലാം ഡോക്ടർ പൊലീസിനോട് വിവരിച്ചു. ഷിനിയെ അടുത്തുനിന്ന് വെടിവയ്ക്കാനാണ് കൊറിയർ വിതരണത്തിനെന്ന വ്യാജേനയെത്തിയത്. ഷിനി ഇറങ്ങി വന്നില്ലായിരുന്നെങ്കിൽ തിരിച്ചു പോകുമായിരുന്നു. കൊറിയർ സ്ലിപ്പിൽ ഒപ്പിടാൻ ഷിനി തനിക്കടുത്തേക്ക് വരുമായിരുന്നെന്ന് ഉറപ്പായിരുന്നുവെന്നും പറഞ്ഞു.
തന്നെ ചതിച്ച സുജിത്തിനോടുള്ള വൈരാഗ്യമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി പൊലീസിനോട് ആവർത്തിച്ചു. ഡോക്ടറുടെ പരാതിയിൽ ഷിനിയുടെ ഭർത്താവ് സുജിത്തിനെതിരെ എടുത്ത കേസ് കോടതി കൊല്ലത്തേക്ക് കൈമാറി. ഇരുവരും കൊല്ലത്ത് ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് സൗഹൃദം തുടങ്ങിയതെന്നും അവിടെ വച്ചാണ് പീഡനം നടന്നതെന്നും ഡോക്ടർ മൊഴിനൽകിയിരുന്നു. സുജിത്തിനെ കാണാൻ ഡോക്ടർ മാലദ്വീപിലേക്ക് പോയതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബലം പ്രയോഗിച്ചാണ് ലൈംഗിക പീഡനം നടത്തിയതെന്ന ഡോക്ടറുടെ മൊഴിയിലാണ് കേസെടുത്തിരിക്കുന്നത്.
ഡോക്ടറെ കൊല്ലം, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലുദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. തോക്കും വെടിവച്ച സമയത്ത് ധരിച്ച വസ്ത്രങ്ങളും കണ്ടെത്തണം. കാറിന് വ്യാജനമ്പർ പ്ലേറ്റുണ്ടാക്കിയ എറണാകുളത്തെ കടയിലും ജോലി ചെയ്തിരുന്ന കൊല്ലത്തെ ആശുപത്രിയിലും കൊണ്ടുപോകണമമെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടർ എ.മൻമോഹൻ വാദിച്ചു. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത് ശാരീരികമായും മാനസികമായും പീഡിപ്പിക്കാനാണെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |