തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നവംബർ മൂന്ന് മുതൽ അഞ്ച് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. കണ്ണൂർ ചെമ്പേരിയിൽ 45 മിനിട്ടിൽ 49 മില്ലിമീറ്റർ മഴയാണ് പെയ്തത്. ആറളത്ത് 45 മിനിട്ടിൽ 42 മില്ലിമീറ്റർ, പെരിങ്ങോമിൽ അര മണിക്കൂറിൽ 37 മില്ലിമീറ്റർ, മൂവാറ്റുപുഴയിൽ അര മണിക്കൂറിൽ 25 മില്ലിമീറ്റർ, കോട്ടയം അയ്മനത്ത് അരമണിക്കൂറിരിൽ 30 മില്ലിമീറ്റർ, പുതുപ്പള്ളിയിൽ 15 മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴ പെയ്തു.
കനത്ത മഴയെ തുടർന്ന് ഡാമുകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മലമ്പുഴ ഡാം പരമാവധി ജലനിരപ്പായ 115.06 മീറ്ററിലേക്ക് ഉടൻ എത്തും. 2018ന് ശേഷം ആദ്യമായാണ് മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിലേക്ക് എത്തുന്നത്. പരമാവധി ജലനിരപ്പിൽ എത്തിയാൽ സ്‌പിൽവേ ഷട്ടറുകൾ കൂടുതൽ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാം ടോപ്പിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനത്തിലും നിയന്ത്രണമുണ്ടാകും.
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |