
പകൽ ആലസ്യത്തോടെ ഉറങ്ങുകയും രാത്രി ഊർജ്ജസ്വലതയോടെ ഉണരുകയും ചെയ്യുന്ന
പട്ടായ എന്നു കേട്ടാൽ നൈറ്റ് ലൈഫിന്റെയും മസാജ് സെന്ററുകളുടെയും ചിത്രമാവും പലുടെയും മനസിൽ തെളിയുക. ഈ പേരുദോഷം മാറ്റിയെടുത്ത്, ശാന്തമായ നീലക്കടലിന്റെയും പ്രകൃതിസൗന്ദര്യത്തിന്റെയും ബുദ്ധക്ഷേത്രങ്ങളുടെയും സംസ്‌കാരത്തിന്റെയും നാടാകാനുള്ള ശ്രമത്തിന്റെ തെളിമയുള്ള ചിത്രങ്ങളാണ് ഇപ്പോൾ പട്ടായയിലേക്കു പോകുന്ന ഒരു സഞ്ചാരിയുടെ മുന്നിൽ തെളിയുക.
തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പട്ടായയിലേക്കുള്ള യാത്രയിലെ പച്ചപ്പു നിറഞ്ഞ ഭൂപ്രകൃതിയും മാങ്ങ, ചക്ക, വാഴപ്പഴം തുടങ്ങിയ പല പഴവർഗങ്ങളും കേരളത്തെ നന്നായി ഓർമ്മപ്പെടുത്തും
വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്കൻ ഭടന്മാർ പട്ടായയിൽ ആണ് തമ്പടിച്ചിരുന്നത്. അന്ന് മത്സ്യബന്ധന തുറമുഖം മാത്രമായിരുന്ന പട്ടായയെ കുത്തഴിഞ്ഞ ലൈംഗികതയുടെ നഗരമാക്കി മാറ്റിയത് അമേരിക്കൻ സൈനികരായിരുന്നു. തായ് പെൺകുട്ടികളെ തങ്ങളുടെ ആവശ്യങ്ങൾക്കായി മദ്യവും മയക്കു മരുന്നും നൽകിയും ഡോളറുകൾ കാണിച്ചും മയക്കിയെടുത്തു. പിന്നെയത്, ചുണ്ടിൽ ചായം പുരട്ടിയും രാത്രി പകലാക്കിയും സഞ്ചാരികളെ കാത്തിരിക്കുന്ന തായ് യുവതികളുടെ ജീവിതോപാധിയായി മാറി.
പല രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ എല്ലാ സുഖങ്ങളും തേടി വന്നിറങ്ങുന്ന സ്ഥലമാണ് പട്ടായ. മനോഹരമായ കടൽത്തീരങ്ങൾ, വൃത്തിയുള്ള റോഡുകൾ, സുഖകരമായ കാലാവസ്ഥ, രസകരമായ വിനോദങ്ങൾ... വ്യത്യസ്തമായ കാഴ്ചകളുമായി പട്ടായ സഞ്ചാരികളെ മാടിവിളിക്കുന്നു. രാവിലെ തുറക്കുന്ന മസാജ് പാർലറുകൾ രാത്രി പുലരുവോളം തുറന്നിരിക്കും. വ്യത്യസ്ത ഡ്രസ് കോഡിലുള്ള, അർദ്ധനഗ്നരായ പെൺകുട്ടികൾ സഞ്ചാരികളെ കാത്ത് മസാജ് പാർലറുകൾക്കു മുന്നിൽ നിരന്നിരിക്കുന്ന കാഴ്ച നഗരത്തിലുടനീളം കാണാം. മണിക്കൂറിന് 200 മുതൽ 400 ബാത്ത് വരെയാണ് (ഒരു ബാത്ത് 3.20 ഇന്ത്യൻ രൂപ) വരെയാണ് ചാർജ്. അകത്തു നടക്കുന്ന മസാജ് പുറത്തു കാണും വിധം ഗ്ലാസിട്ടതാണ് പല മസാജ് സെന്ററുകളും.
ബീച്ച് സൗന്ദര്യം ആസ്വദിക്കാൻ തായ്ലാന്റിന്റെ കടലോരമേഖലയായ പട്ടായയും, നഗരസൗന്ദര്യം ആസ്വദിക്കാൻ ബാങ്കോക്കുമാണ് വിനോദസഞ്ചാരികൾ തിരഞ്ഞെടുക്കുക. മീൻപിടിത്ത ഗ്രാമം മാത്രമായിരുന്ന പട്ടായയിലേക്ക് ബാങ്കോക്കിൽ നിന്ന് ആളുകൾ അവധി ആഘോഷിക്കാൻ എത്തിത്തുടങ്ങിയതോടെയാണ് ഈ കടൽത്തീരത്തിന് പുതിയ മുഖം കൈവന്നത്.
പകലും രാത്രിയും ഈ നഗരത്തിന് രണ്ടു മുഖമാണ്. പകൽ കുടുംബസമേതം ആഘോഷിക്കാൻ കടലിനു നടുവിൽ പാരച്യൂട്ടിൽ പറക്കാനും സ്പീഡ് ബോട്ടുകളിൽ ചീറിപ്പായാനും കടലിനടിയിൽ പോയി പവിഴപ്പുറ്റുകളും മത്സ്യങ്ങളെയും മറ്റും കാണുവാനും അവസരമുണ്ട്. താമസത്തിനും ഭക്ഷണത്തിനും മദ്യത്തിനും ഉൾപ്പെടെ എല്ലാറ്റിനും താരതമ്യേന ചെലവ് കുറവാണ്. പെട്ടിക്കടകളിൽ മുതൽ മദ്യവും ലഹരിവസ്തുക്കളും സുലഭം. നമ്മുടെ നാട്ടിലെപ്പോലെ ഒരു പരിശോധനയുമില്ലെങ്കിലും അലമ്പുകാട്ടിയാൽ പിടികൂടാൻ എല്ലായിടത്തും ക്യാമറക്കണ്ണുകളുണ്ട്. വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിലെല്ലാം ചെറിയ ബുദ്ധക്ഷേത്രങ്ങൾ കാണാം. രാവിലെ ഈ ക്ഷേത്രങ്ങൾക്കു മുന്നിൽ ആഹാരപദാർത്ഥങ്ങൾ അർപ്പിക്കുക പ്രത്യേകതയാണ്.
കാഴ്ചകളുടെ
പറുദീസ
പട്ടായയിലെ ടൈഗർ പാർക്കിൽ പ്രത്യേക പരിശീലനം ലഭിച്ച ശാന്തനായ കടുവയ്‌ക്കൊപ്പം ചേർന്നുനിന്നും തൊട്ടുതലോടിയും ഫോട്ടോയെടുക്കാൻ സഞ്ചാരികളുടെ തിരക്കാണ്.
സാഗ്‌ചുറി ഒഫ് ട്രൂത്ത്: ആണികളില്ലാതെ നിർമ്മിച്ച ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ ആരെയും അമ്പരപ്പിക്കും. ക്ഷേത്രത്തിലെ ഓരോ കൊത്തുപണിയും പുരാതന തായ് തത്ത്വചിന്തകളെയും വിശ്വാസങ്ങളെയും പ്രതിഫലിപ്പിക്കുന്നു.
ഒരു വനിതയുടെ ഉടമസ്ഥതയിൽ 1600 ഏക്കറിൽ പരന്നു കിടക്കുന്ന നൂംഗ് നൂച്ച് ബൊട്ടാണിക്കൽ ഗാർഡൻ ലോകത്തുള്ള സകല സസ്യജാലങ്ങളുടെയും പറുദീസയാണ്. ഫ്രഞ്ച്, ഇറ്റാലിയൻ ഉദ്യാനങ്ങൾ മുതൽ കള്ളിച്ചെടികൾ, വിദേശ ഓർക്കിഡുകൾ എന്നിവയ്ക്കു പുറമേ, ലോകത്തുള്ള സകല ജന്തുജാലങ്ങളുടെയും ജീവസുറ്റ ശില്പങ്ങൾ. പരമ്പരാഗത തായ് നൃത്തങ്ങളും ആയോധനകലകളും അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ, തായ് ആനകളുടെ മെയ്‌വഴക്കത്തോടെയുള്ള അഭ്യാസങ്ങൾ... ഇതൊക്കെ കണ്ട് അത്ഭുതം കൂറാം.
പട്ടായ തീരത്തേക്ക് കണ്ണുംനട്ടിരിക്കുന്ന കൂറ്റൻ സ്വർണ ബുദ്ധപ്രതിമയുള്ള ബിഗ് ബുദ്ധ ഹിൽ, തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ വാട്ടർ പാർക്കുകളിൽ ഒന്നായ രാമായണ വാട്ടർ പാർക്ക്,
മലഞ്ചെരുവിൽ കൊത്തിയെടുത്ത ഭീമാകാരമായ സ്വർണ്ണ ബുദ്ധപ്രതിമയായ ഖാവോ ചി ചാൻ തുടങ്ങിയവയും പ്രധാന ആകർഷണമാണ്.
രാത്രി വെളിച്ചത്തിൽ തിളങ്ങുന്ന, രണ്ടര കിലോമീറ്റർ നീണ്ടുകിടക്കുന്ന വാക്കിംഗ് സ്ട്രീറ്റ് പട്ടായ നഗരത്തിന്റെ പ്രധാന ആകർഷണമാണ്. ഇവിടെ വാഹനങ്ങൾക്ക് പ്രവേശനമില്ല. പേരുപോലെ തന്നെ, നടന്ന് കാഴ്ചകൾ കാണാനുള്ള തെരുവാണിത്. അണിഞ്ഞൊരുങ്ങി ശരീരം വിൽക്കാൻ കാത്തു നിൽക്കുന്നവർ മാത്രമല്ല,ഭക്ഷണശാലകളും നൃത്തശാലകളും വഴിയരികിൽ നിന്ന് മാജിക്ക് കാണിക്കുന്നവരും പൊയ്ക്കാലിൽ നടക്കുന്നവരും ഭീകരരൂപികളുടെ വേഷം കെട്ടിയവരുമായി നിരവധി തായ്ലൻഡുകാർ നിത്യജീവിതത്തിനുള്ള പണം ഇവിടെ നിന്ന് കണ്ടെത്തുന്നു. നമ്മുടെ നാട്ടിലെപ്പോലെ പിടിച്ചുപറിയില്ല. സ്ത്രീകൾക്കും രാത്രി സുരക്ഷിതരായി നടക്കാം, കാഴ്ചകൾ ആസ്വദിക്കാം. സ്വവർഗാനുരാഗികൾക്ക് മാത്രമായുള്ള തെരുവാണ് ബോയ്സ് സ്ട്രീറ്റ്.
അൽ കസർ
സ്റ്റേജ് ഷോ
പട്ടായയുടെ മറ്റൊരു മുഖ്യ ആകർഷണം, തായ്ലൻഡിന്റെ സംസ്‌കാരം വെളിവാക്കുന്ന ഒരുമണിക്കൂർ നേരത്തെ സ്‌റ്റേജ് ഷോയാണ്- അൽകസർ ഷോ. സ്റ്റേജിനു താഴെ നിന്ന് നർത്തകിമാർ ഉയർന്നുവരുന്നതും യന്ത്ര ഊഞ്ഞാലിൽ ആടുന്നതും. ഉയരങ്ങളിൽ നിന്ന് സ്റ്റേജിലേക്ക് തൂങ്ങിയിറങ്ങി വരുന്നതുമായ ദൃശ്യ വിസ്മയം! ആധുനിക സാങ്കേതിക മികവോടെയുള്ള വിശാലമായ സ്റ്റേജിൽ തുടർച്ചയായുള്ള വർണ വിസ്മയ കാഴ്ചകൾ ഒരു ത്രിമാന (ത്രി-ഡി) സിനിമയെന്നതു പോലെ കാണികളെ പിടിച്ചിരുത്തും. തായ് സാസ്കാരികത്തനിമ പ്രദർശിപ്പിക്കുന്ന ഷോയിൽ അല്പവസ്ത്രധാരികളായി സ്‌റ്റേജ് പ്രകടനങ്ങളിൽ പങ്കെടുക്കുന്ന സുന്ദരികൾ എല്ലാവരും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവരാണെന്ന അറിവ് നമ്മെ അത്ഭുതപ്പെടുത്തും.
പട്ടായ നഗരത്തിൽ നിന്ന് അധികം അകലെയല്ലാത്ത, ചെറുകുന്നിനു താഴെയായി സ്ഥിതി ചെയ്യുന്ന കോറൽ ദ്വീപ് ബീച്ചിൽ സ്പീഡ് ബോട്ടിലെത്തി പാരച്യൂട്ടിൽ പറക്കാം. വെള്ളത്തിനു മുകളിലും താഴെയുമുള്ള എല്ലാ ജലവിനോദങ്ങളും ആസ്വദിക്കാം.
മുതല ഫ്രൈ
രുചിക്കാം!
പട്ടായിലെ മറ്റൊരു പ്രധാന ആകർഷണം, ഒരുലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഫ്‌ളോട്ടിംഗ് മാർക്കറ്റാണ്. വെള്ളത്തിൽ, മരത്തടിയിൽ നിർമ്മിച്ചിട്ടുള്ള ഈ മാർക്കറ്റിലേക്ക് ഒരേസമയം കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന വാഹനത്തിലും തോണിതുഴഞ്ഞും എത്താം. ഒഴുകുന്ന കടകളാണ് പ്രധാന ആകർഷണം. ചെറുവള്ളങ്ങളിലാണ് കച്ചവടം. കരകൗശല വസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി എന്തും ഈ മാർക്കറ്റിൽ കിട്ടും. മുതല ഫ്രൈ മുതൽ പുഴു, തേൾ, പാറ്റ, പുൽച്ചാടി, ഈച്ച തുടങ്ങിയ ജീവികളെ ഫ്രൈ ചെയ്തത് രുചിച്ചു നോക്കേണ്ടവർക്ക് അതും ഇവിടെ കിട്ടും!
ലോകത്തെ ഏറ്റവും വലിയ രത്ന നിർമ്മാണശാലയും പട്ടായയിലാണ്. സഞ്ചാരികൾക്ക് 'ജം ഗാലറി"യിലെ ഗുഹയ്ക്കുള്ളിലൂടെ പ്രത്യേക വാഹനത്തിൽ യാത്ര ചെയ്യാം. ദശലക്ഷം വർഷങ്ങളെടുത്ത് ഭൂമിക്കടിയിൽ രത്നം രൂപപ്പെടുന്നതു മുതൽ ആഭരണം ആയിത്തീരുന്നതു വരെയുള്ള ദൃശ്യവിസ്മയ കാഴ്ച സിനിമയിലെന്നപോലെ ആസ്വദിക്കാം.
'മാൽഡുഗി"യിലെ
മലയാള സിനിമ!
പട്ടായയിലെ 'മാൽഡുഗി" ഇന്ത്യൻ റസ്റ്റോറന്റിൽ ആർട്ട് ഗ്യാലറിയിലെന്നപോലെ മലയാള സിനിമാ പോസ്റ്ററുകൾ ഭിത്തിയിൽ ചില്ലിട്ടു വച്ചിരിക്കുന്നത് നമ്മെ അത്ഭുതപ്പെടുത്തും അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം, കൊടിയേറ്റം, അരവിന്ദന്റെ ചിദംബരം, എം.ടിയുടെ നിർമ്മാല്യം, കെ.ജി. ജോർജിന്റെ യവനിക, കെ.എസ്. സേതുമാധവന്റെ ചട്ടക്കാരി തുടങ്ങി ശ്രദ്ധേയമായ മലയാള സിനിമകളുടെ നിരവധി പോസ്റ്ററുകൾക്കു പുറമേ .ഷൂട്ടിംഗിന് ഉപയോഗിച്ച 1958 മോഡൽ ക്യാമറ, രാജ്കപൂർ, ദേവാനന്ദ്, ദിലീപ് കുമാർ, രാജേഷ് ഖന്ന, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, രജനീകാന്ത് തുടങ്ങിയ സൂപ്പർ താരങ്ങളുടെ പേരുകൾ നിറച്ച 'ഐ ലവ് ബോളിവുഡ്" ബോർഡുമെല്ലാം ഇവിടെയുണ്ട്.
ബാങ്കോക്കിലെ മാൽഗുഡി ഇന്ത്യൻ റസ്റ്റോറന്റിന്റെ ഭിത്തിയിൽ ആർ.കെ. നാരായണിന്റെ ഭാവനയിൽ വിരിഞ്ഞ മാൽഗുഡി ഡെയ്സ് സാങ്കല്പിക പട്ടണത്തിലെ റെയിൽവേ സ്റ്റേഷനും, ബ്രിട്ടീഷ് ചക്രവർത്തിയുടെ പ്രതിമയും ആർ.കെ. ലക്ഷ്മണിന്റെ കാർട്ടൂൺ കഥാപാത്രങ്ങളും എല്ലാമുണ്ട്. ഇന്ത്യൻ വംശജനും തായലന്റിലെ പ്രമുഖ സിനിമാ നിർമ്മാതാവും ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയുമായ വിവേക് വാർദൻ ബന്ദിയുടേതാണ് പട്ടായയിലും ബാങ്കോക്കിലുമുള്ള മാൽഗുഡി ഇന്ത്യൻ റസ്റ്റോറന്റ്. വിവേകിന് ഇന്ത്യൻ സിനിമയോടും ആർ.കെ. നാരായണിന്റെ മാൽഗുഡി ഡെയ്സിനോടുമുള്ള താത്പര്യമാണ് റസ്റ്റോറന്റുകളിൽ ഇവയ്‌ക്ക് ഇരിപ്പിടമൊരുക്കിയത്.
(ബോക്സ്)
പേരുദോഷം
മാറുന്നു
തായ്ലൻഡിലേക്കു പോകുന്നുവെന്നു കേട്ടാൽ നെറ്റി ചുളിക്കാത്ത മലയാളികൾ, യാത്ര തായ്ലൻഡിലെ പട്ടായയിലേക്കെന്നു കേട്ടാൽ മറുപടി 'ആക്കിയ" ചിരിയായിരിക്കും. തിരിച്ചു വന്നാൽ 'മസാജ് നടത്തിയിട്ട് എങ്ങനെ" എന്ന് കുത്തിക്കുത്തി ചേദിക്കും. 'അമർ അക്ബർ ആന്റണി" എന്ന നാദിർഷാ സിനിമയിലെ നായകരായ പൃത്ഥിരാജും ഇന്ദ്രജിത്തും ജയസൂര്യയും പട്ടായയിൽ പോകാൻ പണം സ്വരൂപിക്കുന്നതു കണ്ട മലയാളികൾ പട്ടായ എന്നു കേട്ടാൽ സദാചാര പൊലീസാകും!
സെക്സ് ടൂറിസ്റ്റ് കേന്ദ്രം എന്ന പേരുദോഷം മാറ്റി, കുറഞ്ഞ ചെലവിൽ സഞ്ചാരികൾക്ക് കൂടുതൽ കാഴ്ചകളും സാഹസികതയും ഒരുക്കുന്ന ലോകത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള ശ്രമത്തിലാണ് തായ്ലൻഡ് സർക്കാർ. രാജകുടുംബവും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രിയും ചേർന്നാണ് ഭരണം. സൈന്യത്തിനും നിർണായക സ്വാധീനമുണ്ട്. ടൂറിസ്റ്റ് കേന്ദ്രമാണെങ്കിലും പട്ടായയിൽ ക്രമസമാധാന പാലനത്തിനായി ഒരു പൊലീസുകാരനെപ്പോലും തെരുവിൽ കാണില്ല. ശാന്തശീലരായ ജനത നമ്മെ അത്ഭുതപ്പെടുത്തും. പലപ്പോഴും പ്രശ്നക്കാരാകുന്നത്, പട്ടായയെക്കുറിച്ച് കേട്ടറിവുമായെത്തുന്ന സഞ്ചാരികൾ- പ്രത്യേകിച്ച്, മലയാളികൾ ആവേശം മൂത്ത് കാട്ടിക്കൂട്ടുന്ന 'വികൃതി"കളാണ്!
പക്ഷികളും മൃഗങ്ങളും മനുഷ്യരും ചേർന്ന് ദിവസം മുഴുവൻ വൈവിദ്ധ്യമാർന്ന വിനോദ പ്രദർശനം നടക്കുന്ന ബാങ്കോക്കിൽ സഫാരി വേൾഡിലേക്കുള്ള യാത്ര സഞ്ചാരികൾക്ക് മറക്കാനാവില്ല . കാട്ടിലൂടെയുള്ള യാത്രയിൽ കടുവ. സിംഹം, സീബ്ര, ജിറാഫ്, കരടി തുടങ്ങി സകല വന്യമൃഗങ്ങളെയും അടുത്തു കാണാനും അവസരമുണ്ട്.
പുറത്ത് പ്രചരിക്കുന്ന കാര്യങ്ങളല്ല തായ്ലൻഡ് ടൂറിസത്തിന്റെ നട്ടെല്ല്. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് വിനോദങ്ങൾക്കായി എന്തെല്ലാം ചെയ്യാമോ അതെല്ലാം ഈ രാജ്യം ചെയ്യുന്നുണ്ട്. അതുകൊണ്ട് കുടുംബങ്ങളുടെ പ്രധാന വിനോദകേന്ദ്രമായി തായ്ലൻഡ് മാറിക്കഴിഞ്ഞു. പരമാവധി 50,000 രൂപ മുടക്കിയാൽ നാലു രാത്രിയും അഞ്ചു പകലും എല്ലാ ചെലവുകളോടും കൂടി പോയി വരാൻ ടൂർ ഗ്രൂപ്പുകൾ മത്സരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |