SignIn
Kerala Kaumudi Online
Saturday, 13 June 2026 5.47 PM IST

വരാൻ പോകുന്നത് ദുരിതകാലം? ഭക്ഷണം മുതൽ ഇന്ധനം വരെ കിട്ടാക്കനിയാകും, സുരക്ഷയ്‌ക്കായി ചെയ്യേണ്ടത്

food-crisis

ഇറാനിലെ സംഘർഷങ്ങൾ വലുതാകുമ്പോൾ ലോകസമ്പദ്‌വ്യവസ്ഥയിൽ അനിശ്ചിതത്വം കൂടും. എണ്ണവിലയിലുണ്ടാകുന്ന കുതിച്ചുചാട്ടം പല രാജ്യങ്ങളെയും സമ്മർദ്ദത്തിലാക്കും. ഈ സാഹചര്യങ്ങൾ ദീർഘകാലം തുടരുകയാണെങ്കിൽ ഒരു ആഗോള മാന്ദ്യ സാദ്ധ്യത നിഷേധിക്കാനാകില്ല. ഘട്ടംഘട്ടമായിട്ടാകും ഇതിന്റെ സാമ്പത്തിക പ്രതിഫലനങ്ങൾ പ്രകടമാകുക. ഗൾഫിൽ നിന്നുള്ള പണവരവിൽ ഉടനെ വലിയ ഇടിവ് ഉണ്ടാകാനിടയില്ല. എന്നാൽ, യുദ്ധം അനിശ്ചിതമായി നീണ്ടാൽ അതും പ്രതിസന്ധിയാകും.

സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യത്തേതും വ്യക്തവുമായ ആഘാതം വിലക്കയറ്റം ആയിരിക്കും. എണ്ണവില ഉയരുമ്പോൾ ഗതാഗതച്ചെലവ് കൂടും. ഫലമായി ഭക്ഷണ സാധനങ്ങൾ, പച്ചക്കറികൾ, നിർമ്മാണ വസ്തുക്കൾ തുടങ്ങിയവയുടെയെല്ലാം വില കൂടും. സാധാരണ മലയാളി കുടുംബത്തിന്റെ ബഡ്ജറ്റിൽ ഇത് മാറ്റങ്ങളുണ്ടാക്കും. പച്ചക്കറി, ധാന്യങ്ങൾ, പാൽ ഉത്പന്നങ്ങൾ എന്നിവയ്ക്ക് നേരിട്ട് വില വർദ്ധിക്കും. പെട്രോൾ, ഡീസൽ, ഗ്യാസ് വില കൂടുമ്പോൾ ഗതാഗതച്ചെലവ് കുതിക്കും. മാന്ദ്യ സാദ്ധ്യത ഉയർന്നാൽ പലിശനിരക്കുകളിൽ മാറ്റമുണ്ടാകാം. ഇത് ഇ.എം.ഐ ഭാരം കൂട്ടും.

മറികടക്കാം വെല്ലുവിളി

ബുദ്ധിപരമായ സാമ്പത്തിക നിയന്ത്രണം ഉള്ള കുടുംബങ്ങളെ ഒരു മാന്ദ്യവും എളുപ്പത്തിൽ തകർക്കില്ല. ഇപ്പോഴെടുക്കുന്ന ചെറിയ സാമ്പത്തിക തീരുമാനങ്ങളാണ് നാളെയുടെ സുരക്ഷ. ബുദ്ധിപരമായ ചെലവുശീലങ്ങളും നിയന്ത്രണവും ഏത് സാമ്പത്തിക വെല്ലുവിളിയും മറികടക്കാൻ സഹായിക്കും.

ചെലവുകൾ എഴുതി സൂക്ഷിക്കുക: ദിവസേന ചെലവാകുന്ന തുകയെ കുറിച്ച് വ്യക്തമായ ധാരണ കിട്ടുമ്പോൾ പണം 'ഒഴുകിപ്പോകുന്നത്' എവിടെയെന്ന് മനസ്സിലാക്കാം.

അനാവശ്യ ചെലവുകൾ തിരിച്ചറിയുക: ഓഫറുകൾ കണ്ടാൽ വാങ്ങുക, ഉപയോഗമില്ലാത്ത സബ്‌സ്‌ക്രിപ്ഷനുകൾ തുടരുക, ബ്രാൻഡ് പ്രാധാന്യം കൊണ്ട് അധികം ചെലവഴിക്കുക എന്നിവ ചെറുതെങ്കിലും പോക്കറ്റ് ചോർത്തും.

ബൾക്ക് വാങ്ങലും പ്ലാനിംഗും: നിത്യോപയോഗ സാധനങ്ങൾ ഓഫറുകളുള്ളപ്പോൾ അധികമായി വാങ്ങുന്നത് ചെലവ് കുറയ്ക്കും. ആഴ്ചയ്ക്കുള്ള ഭക്ഷണക്രമം മുൻകൂട്ടി തീരുമാനിച്ചാൽ അനാവശ്യ വാങ്ങലുകൾ ഒഴിവാക്കാം.

ഊർജ സംരക്ഷണം: വൈദ്യുതി, പെട്രോൾ, ഗ്യാസ് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് ചെലവിൽ നേരിട്ട് പ്രതിഫലിക്കും. ലൈറ്റുകൾ ഓഫ് ചെയ്യുക, എനർജി എഫിഷ്യന്റ് ഉപകരണങ്ങൾ ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങൾ ലാഭമായി മാറും.

നിക്ഷേപ ശീലങ്ങൾ നിലനിർത്തുക: വിലക്കയറ്റ സമയത്ത് നിക്ഷേപം നിറുത്തരുത്. ചെറിയ തുകയെങ്കിലും മാറ്റിവെക്കുന്നത് ഭാവിയിൽ സുരക്ഷിതത്വം നൽകും.

കുടുംബാംഗങ്ങളെ ഉൾപ്പെടുത്തുക: ബഡ്ജറ്റ് നിയന്ത്രണം ഒരാളുടെ ഉത്തരവാദിത്വമല്ല. കുട്ടികളെയും ചെലവിന്റെ പ്രാധാന്യം പഠിപ്പിക്കാം.

(പേഴ്‌സണൽ ഫിനാൻസ് അനിലിസ്റ്റും ഓൺട്രപ്രണർഷിപ്പ് മെന്ററുമാണ് ലേഖകൻ. ഇമെയിൽ : jayakumarkk8@gmail.com)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FINANCE, FOOD CRISIS, FUEL CRISIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY