SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.20 PM IST

'40 വർഷമായിട്ടും ആ പേടി മാറിയിട്ടില്ല, ആദിത്യ ധർ എന്നെക്കാൾ നന്നായി സിനിമ ചെയ്യുന്നു'; പ്രിയദർശൻ

priyadarshan

തന്റെ മുൻ ശിഷ്യനും ഹിറ്റ് ചിത്രം ദുരന്ധറിന്റെ സംവിധായകനുമായ ആദിത്യ ധറിനെ പ്രശംസിച്ച് സംവിധായകൻ പ്രിയദർശൻ. പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിന് ശേഷവും ഒരു സിനിമ റിലീസ് ചെയ്യുന്ന വെള്ളിയാഴ്ചകളിലെ ടെൻഷൻ തനിക്ക് മാറിയിട്ടില്ലെന്നും പ്രിയദർശൻ പറയുന്നു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഓരോ സിനിമ റിലീസ് ചെയ്യുമ്പോഴും ആദ്യത്തെ രണ്ട് ദിവസം എനിക്ക് വലിയ ടെൻഷനാണ്. ഞാൻ എടുത്ത തീരുമാനങ്ങൾ ശരിയാണോ തെറ്റാണോ എന്നറിയാനുള്ള പരീക്ഷണമാണത്. 40-50 വർഷത്തെ അനുഭവസമ്പത്തുണ്ടായിട്ടും ഇന്നും ആ ഉത്കണ്ഠയ്ക്ക് മാറ്റമില്ല. പ്രേക്ഷകർ സിനിമ എങ്ങനെ സ്വീകരിക്കുമെന്ന് അറിയാനും കാത്തിരിക്കാറുണ്ട്,'- പ്രിയദർശൻ പറഞ്ഞു.

ഇന്നത്തെ കാലത്തുള്ള സംവിധായകരുടെ ആത്മവിശ്വാസത്തേയും അദ്ദേഹം അഭിനന്ദിച്ചു. സന്ദീപ് റെഡി വംഗയെയും (അനിമൽ) ആദിത്യ ധറിനെയും പ്രത്യേകം എടുത്തു പറഞ്ഞു. 'നാല് മണിക്കൂർ നീളമുള്ള സിനിമയെടുക്കാൻ എവിടെ നിന്നാണ് ധൈര്യം കിട്ടുന്നതെന്ന് ഞാൻ അവരോട് ചോദിച്ചു. ഇത് വിജയിക്കും സാർ എന്നായിരുന്നു മറുപടി. ഹിറ്റ് സിനിമകളുടെ ഫോർമുലകൾക്ക് വിരുദ്ധമാണിത്. ഒരു നിർമ്മാതാവും സാധാരണഗതിയിൽ ഇതിന് സമ്മതിക്കില്ല. എന്നാൽ സംവിധായകന്റെ ആത്മവിശ്വാസമാണ് ഇവിടെ പലതും നിശ്ചയിക്കുന്നത്'- പ്രിയദർശൻ പറഞ്ഞു. 'ആക്രോശ്', 'തേസ്' തുടങ്ങിയ ചിത്രങ്ങളിൽ പ്രിയദർശന്റെ സഹായിയായി ആദിത്യ ധർ പ്രവർത്തിച്ചിരുന്നു.


'ഞാൻ ആദിത്യയെ ഒന്നും പഠിപ്പിച്ചിട്ടില്ല, പക്ഷേ അദ്ദേഹം എന്നോടൊപ്പം നിന്നുകൊണ്ട് എല്ലാം സ്വയം കണ്ടുപഠിച്ചു. ഞാനും സിനിമ പഠിച്ചത് മാസ്റ്റേഴ്സിന്റെ സിനിമകൾ കണ്ടാണ്. അദ്ദേഹം പല കാര്യങ്ങളും എന്നെക്കാൾ മികച്ച രീതിയിൽ ചെയ്തു. അതിന്റെ ഫലമാണ് ധുരന്ധർ എന്ന സിനിമ'- പ്രിയദർശൻ കൂട്ടിച്ചേർത്തു.


ആദിത്യ ധറിന്റെ 'ധുരന്ധർ 2' നിലവിൽ ബോക്സ് ഓഫീസിൽ റെക്കാഡുകൾ തകർത്ത് മുന്നേറുകയാണ്. രൺവീർ സിംഗ്, ആർ. മാധവൻ, അർജുൻ രാംപാൽ, സാറ അർജുൻ, സഞ്ജയ് ദത്ത്, രാകേഷ് ബേദി തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYADARSHAN, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY