SignIn
Kerala Kaumudi Online
Tuesday, 21 April 2026 6.23 AM IST

ഷിംലയിലെ കുതിരകൾ

Increase Font Size Decrease Font Size Print Page
a

ഹിമാചലിന്റെ കുളിരു തേടിയുള്ള യാത്ര നെടുമ്പാശേരിയിൽ നിന്ന് ആരംഭിച്ച് ഡൽഹി എയർപോർട്ടിലെത്തുമ്പോൾ, ടൂർ ഓപ്പറേറ്ററുടെ പ്രതിനിധി ഭൂബേന്ദ്ര സിംഗ് ഠാക്കൂർ നിറഞ്ഞ പുഞ്ചിരിയുമായി എയർപോർട്ടിനു വെളിയിൽ കാത്തുനില്പുണ്ട്. ഇനിയങ്ങോട്ടുള്ള പത്തു ദിവസത്തേക്ക് നാലു പേരടങ്ങിയ ഞങ്ങളുടെ സംഘത്തിന്റെ സർവ ക്ഷേമത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ചുമതലക്കാരൻ,​ ഒരേസമയം കാർ ഡ്രൈവറും ടൂറിസ്റ്റ് ഗൈഡുമായ ഈ ഹിമാചൽ പ്രദേശുകാരനാണ്.

ഡൽഹിയിൽ നിന്ന് തുടങ്ങി ഷിംല,​ കുളു- മണാലി,​ ധർമ്മസ്ഥല,​ ഡൽഹൗസി,​ വാഗാ ബോർഡർ,​ സുവർണ ക്ഷേത്രം എന്നിവിടങ്ങളിലൊക്കെ സഞ്ചരിച്ച് അതത് ഇടങ്ങളിൽ ഭക്ഷണവും താമസവുമൊരുക്കി,​ പത്തുദിവസം കഴിഞ്ഞ് ഞങ്ങളെ ഡൽഹി എയർപോർട്ടിൽ തിരികെയെത്തിക്കുക എന്ന ഭാരിച്ച ദൗത്യമാണ് ഠൂക്കൂർ സാബിന്.
ഡൽഹിയിൽ നിന്ന് കുരുക്ഷേത്ര വഴി ഷിംലയിലേക്കുള്ള 340 കി.മീ. ദൂരം,​ എട്ടൊമ്പത് മണിക്കൂറർ യാത്രാദൈർഘ്യമുള്ള റോഡ് യാത്രയുടെ വിരസത നീങ്ങിത്തുടങ്ങിയത് മലനിരകളിലേക്ക് മന്ദം മന്ദം നീങ്ങി ഷിംലയുടെ സുഖമുള്ള തണുപ്പ് ഏറ്റുവാങ്ങാൻ തുടങ്ങിയതോടെയാണ്.

ഷിംലയുടെ പച്ചപ്പുകളിലൂടെ തെളിഞ്ഞ വായു ശ്വസിച്ചു തുടങ്ങിയപ്പോൾ യാത്രയുടെ വൈബ് തന്നെ മാറി. 'കുന്നുകളുടെ രാജ്ഞി" എന്നാണ് ഷിംല അറിയപ്പെടുന്നത്. നിത്യഹരിത വനങ്ങളാൽ ചുറ്റപ്പെട്ട, മഞ്ഞുമൂടിയ കൊടുമുടികൾ, നീണ്ടുനീണ്ടു പോകുന്ന താഴ്വരകൾ, വെള്ളിയരഞ്ഞാണം കെട്ടിയതു പോലെ അഗാധ ഗർത്തങ്ങളിലേയ്ക്ക് ഒഴുകിപ്പോകുന്ന നീർച്ചാലുകൾ, തടാകങ്ങൾ... ഷിംല ലക്ഷ്യമാക്കി ഹിമാചലിന്റെ ഹൃദയധമനികളിലൂടെയുള്ള പ്രയാണത്തിനിടയിൽ മനസിലുടക്കുന്ന കാഴ്ചകളാണ് ഇവ. ഹിമാലയ പർവത നിരകളുടെ വടക്കുപടിഞ്ഞാറായി, സമുദ്രനിരപ്പിൽ നിന്ന് 2130 മീറ്റർ ഉയരത്തിൽ പരന്നുകിടക്കുകയാണ്, ഹിമാചൽ പ്രദേശിന്റെ വേനൽക്കാല തലസ്ഥാനമായ ഷിംല. ഇന്ത്യയിലെ പ്രധാന സുഖവാസ കേന്ദ്രങ്ങളിലൊന്നായാണ് ഷിംല അറിയപ്പെടുന്നത്.

ചരിത്ര

വഴികൾ


പതിനെട്ടാം നൂറ്റാണ്ടിന് മുമ്പുവരെ പുറംലോകത്ത് അധികമൊന്നും അറിയപ്പെടാതിരുന്ന, നിബിഡ വനങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നു ഷിംല. ആകെയുണ്ടായിരുന്നത് ഒരു പുരാതന ക്ഷേത്രവും ഏതാനും ആദിവാസി കുടിലുകളും മാത്രം! നേപ്പാൾ രാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു അന്ന് ഈ മേഖല. ഒരു കരാറിന്റെ അടിസ്ഥാനത്തിൽ 1863-ലാണ് ബ്രിട്ടീഷുകാർ ഇത് കൈവശപ്പെടുത്തിയത്. അടുത്തവർഷം തന്നെ ലോറൻസ് പ്രഭു ഷിംലയെ ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചു. അതോടെ ഇംഗ്ലണ്ടിലെ കാലാവസ്ഥയുമായി താദാത്മ്യപ്പെടുന്ന ഈ ഹിമാലയൻ താഴ്വരയിലിരുന്ന് അവർ വേനൽക്കാലത്ത് ഇന്ത്യ ഭരിച്ചു!

പ്രകൃതി കനിഞ്ഞരുളിയ നൈസർഗികമായ അനുഭൂതികൾക്കൊപ്പം കൊളോണിയൽ കാലഘട്ടത്തിലെ നിർമ്മിതികളുടെ ശേഷിപ്പുകളായ ബംഗ്ലാവുകൾ, വലിയ കെട്ടിടങ്ങൾ, ആകർഷകമായ ഇരുമ്പ് വിളക്കുകൾ, കാൽനടക്കാർക്ക് നിർബാധം നടക്കാനായി മാൾ റോഡുകൾ, ഷോപ്പിംഗിനും ഷിംലയുടെ പാരമ്പര്യത്തനിമയുള്ള ഭക്ഷണങ്ങൾ രുചിക്കാനുമുള്ള റസ്റ്റോറന്റുകൾ... ഇവയെല്ലാം ചേരുമ്പോൾ ഷിംല സഞ്ചാരികളുടെ പറുദിസയായി മാറുന്നു.

ഷിംലയുടെ പിന്നാമ്പുറങ്ങളിലെ മലമടക്കുകളിൽ അവിടവിടെയായി വിതാനിച്ചിട്ടുള്ള കുതിരസവാരി സ്‌പോട്ടുകൾ, റോക്ക് ക്ലൈംബിംഗ്, മൗണ്ടൻ സൈക്ലിംഗ്, പാരാഗ്ലൈഡിംഗ് സംവിധാനങ്ങൾ, ഐസ് സ്‌കേറ്റിംഗ്, ട്രക്കിംഗ് സൗകര്യങ്ങൾ എന്നിവയൊരുക്കി മാമലകളുടെ രാജ്ഞിയായ ഷിംല സാഹസിക ടൂറിസ്റ്റുകളെയും ഹണിമൂൺ ട്രിപ്പുകാരെയുമൊക്കെ തന്നിലേക്ക് ആവാഹിച്ചെടുക്കുകയാണ്.

നാൽദരയും

കുഫ്രിയും


ഷിംലയ്ക്കടുത്തുള്ള രണ്ട് പ്രധാന ഹിൽ സ്റ്റേഷനുകളാണ് നാൽ ദരയും കുഫ്രിയും. ചെങ്കുത്തായ ഹിമാലയ പർവത നിരകൾക്കും ഇടതൂർന്ന ദേവദാരു മരങ്ങൾക്കുമിടയിൽ മൂടൽമഞ്ഞു പെയ്യുന്ന വെള്ളിമേഘങ്ങൾക്കു കീഴെ ഒരു ദിവാസ്വപ്നം പോലെ സഞ്ചാരിയുടെ മനംകവരുന്ന പ്രദേശമാണ് നാൽദര. നാഗരാജാക്കന്മാരുടെ അന്തപുരം എന്നാണ് ഈ വാക്കിന്റെ അർത്ഥം. സമുദ്രനിരപ്പിൽ നിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഈ പ്രദേശത്താണ് ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന പ്രകൃതിനിർമ്മിതമായ ഗോൾഫ് കോഴ്സ് ഗ്രൗണ്ട്.

നൂറ്റാണ്ടുകൾ പഴക്കമുള്ള രണ്ട് ക്ഷേത്രങ്ങൾ, ഷൂട്ടിംഗ് പോയിന്റ്, ചൈനയുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ മഞ്ഞുമലകളുടെ വിദൂര ദൃശ്യങ്ങൾ, താഴ്വരയിലൂടെ സ്വച്ഛന്ദമായി ഒഴുകുന്ന സത്‌ലജ് നദിയുടെ സുന്ദരദൃശ്യങ്ങൾ തുടങ്ങി സഞ്ചാരികളുടെ മനം കവരാനായി പ്രകൃതി ഒളിപ്പിച്ചുവച്ചിരിക്കുന്ന സുന്ദരചിത്രങ്ങൾ നിരവധിയാണ്! കുതിര സവാരി ചെയ്യാൻ പേടിയുള്ള സഞ്ചാരികൾ ഇവിടേയ്ക്ക് തിരിഞ്ഞുനോക്കേണ്ടതില്ല!

ദുർഘടമായ ഈ കാനന പാതയിലൂടെ കാൽനടയാത്ര അധികൃതർ വിലക്കിയിട്ടുണ്ട് എന്നതു തന്നെ കാരണം. 500 രൂപയുടെ ടിക്കറടുത്ത് കുതിരപ്പുറത്തു കയറിയെങ്കിലേ ഇവിടെ സഞ്ചരിക്കാനാവൂ.

പണ്ടുകാലങ്ങളിൽ ഒരു മര്യാദയുമില്ലാതെ, തോന്നുംപടിയായിരുന്നു സവാരിക്കുതിരകളുടെ നിരക്ക്. ആളും തരവും നോക്കി ആയിരവും രണ്ടായിരവും ചിലപ്പോൾ അതിലധികവുമൊക്കെ ഈടാക്കിയാണ് സഞ്ചാരികളെ കാഴ്ചകൾ കാണിക്കാനായി കുതിരപ്പുറത്തു കയറ്റി കൊണ്ടുപോയിരുന്നത്. ഈ പിടിച്ചുപറി അവസാനിപ്പിക്കാൻ അധികൃതർ ഇടപെട്ടതിന്റെ ഫലമായി കുതിരക്കാർക്കായി 'നാൽധര അശ്വപാലക ടൂറിസ്റ്റ് കല്യാൺ സംഘം" എന്ന പേരിൽ ട്രേഡ് യൂണിയൻ രൂപീകരിക്കുകയും, കുതിരസവാരിക്കുള്ള ചാർജ് 500 രൂപയായി നിജപ്പെടുത്തുകയും ചെയ്തു.


ഷിംലയിൽ നിന്ന് 13 കിലോമീറ്ററോളം അകലെയുള്ള മറ്റൊരു മലമ്പ്രദേശമാണ് കുഫ്രി. കുഫ്രി എന്നാൽ തടാകം എന്നാണ് അർത്ഥം. നാൽധരയിലേതുപോലെ,​ കുതിരകളെ വാടകയ്‌ക്കെടുത്ത് മഞ്ഞു മലകളുടെ ദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ട് പച്ചപുതച്ച താഴ്വരകളിലൂടെ ഇവിടെ അശ്വാരൂഢരായി സഞ്ചരിക്കാം. കുഫ്രിയിൽ മാത്രമായി രണ്ടായിരത്തിലധികം കുതിരകൾ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. വനങ്ങളിലൂടെ യാത്രചെയ്താൽ കുഫ്രിയിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ 'മഹാസൂ പീക്കി"ൽ എത്താം. ഹിമാലയൻ നാഷണൽ പാർക്ക്, ഇന്ദിരാഗാന്ധി ടൂറിസ്റ്റ് പാർക്ക് എന്നിവയുടെ സമീപ പ്രദേശങ്ങൾ മഞ്ഞമലകളുടെ സുന്ദരദൃശ്യങ്ങൾ ആസ്വദിക്കാൻ പറ്റിയ ഇടങ്ങളാണ്. ഹിമാലയൻ വന്യജീവി സംരക്ഷണ മൃഗശാല, ജഖുവിലെ ഹനുമാൻ മന്ദിർ, കുഫ്രി ഫൺ വേൾഡ്, ഗ്രീൻ വാലി തുടങ്ങിയ സന്ദർശന കേന്ദ്രങ്ങളോടൊപ്പം കയാക്കിംഗ്, ട്രക്കിംഗ്, ഐസ് സ്‌കേറ്റിംഗ് എന്നീ സാഹസിക വിനോദങ്ങൾക്കും കുഫ്രിയിൽ അവസരമുണ്ട്


മനോഹരമായ കുന്നുകളുടെയും മലമടക്കുകളുടെയും ഇടയിലൂടെ നിരവധി പാലങ്ങളും തുരങ്കങ്ങളും കടന്ന് കൽക്ക- ഷിംല നാരോഗേജ് റെയിൽപ്പാതയിലൂടെ കൽക്കയിൽ നിന്ന് 76 കിലോമീറ്റർ കൂകിപ്പാഞ്ഞെത്തുന്ന മലയോര തീവണ്ടി ഷിംലയിലെ മുഖ്യ ആകർഷണമാണ്. 103 ടണലുകൾ,​ 912 വളവുകൾ,​ 969 പാലങ്ങൾ,​ മനോഹരമായ 20 റെയിൽവേ സ്റ്റേഷനുകൾ... യൂറോപ്പിലെ ആൽപ്സ് മൗണ്ടൻ ട്രെയിൻ യാത്രപോലെ ഒരു ഹിമാലയൻ ട്രെയിൻ യാത്ര! യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഈ തീവണ്ടിയിൽ പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് സഞ്ചാരികൾക്ക് മലമടക്കുകളിലൂടെ നാലഞ്ച് മണിക്കൂറിലേറെ സഞ്ചരിക്കാനാകും.

സത് ലജ് നദിയുടെ സാന്നിദ്ധ്യവും യമുനയുടെ കൈവഴികളായ ഗിരി , പബ്ബാർ നദികളിലെ നീരൊഴുക്കുകളുമൊക്കെ കുളിരുകോരി പുളകിതയായ ഷിംലയുടെ അരഞ്ഞാണങ്ങൾ പോലെയാണ്. മൂന്നോ നാലോ ദിവസം തങ്ങാൻ തയ്യാറെടുക്കുന്ന സഞ്ചാരികൾക്കായി നിരവധി ക്ഷേത്രങ്ങൾ, ക്രിസ്ത്യൻ പള്ളികൾ, പക്ഷി സങ്കേതങ്ങൾ, വാക്സ് മ്യൂസിയം, വെള്ളച്ചാട്ടങ്ങൾ തുടങ്ങി തീരാത്ത നിരവധി കാഴ്ചകൾ കാത്തിരിക്കുന്നുണ്ട് ഷിംലയിൽ. ചണ്ഡിഗഢ് വഴിയും ഡൽഹി വഴിയും ഷിംലയിലെത്താം. ചണ്ഡിഗഢിൽ നിന്ന് റോഡ് മാർഗം ഏകദേശം 120 കിലോമീറ്ററാണ് ഷിംലയിലേക്കുള്ള ദൂരം.

(ലേഖകന്റെ ഫോൺ: 94460 97241)​

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.