SignIn
Kerala Kaumudi Online
Saturday, 13 June 2026 11.24 AM IST

ഇത് ട്രെയിനാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അത്യാഡംബര ഹോട്ടലുകളേക്കാൾ സൗകര്യം, ടിക്കറ്റ് കിട്ടാൻ രണ്ട് വർഷം കാത്തിരിക്കണം

train

മറ്റുള്ളവയെ അപേക്ഷിച്ച് ഏറ്റവും ചെലവ് കുറഞ്ഞ യാത്രാമാർഗമാണ് ട്രെയിൻ. അതിനാൽത്തന്നെ ദീർഘദൂര യാത്ര ചെയ്യുന്ന പലരും ട്രെയിനിനെ ആശ്രയിക്കാറുണ്ട്. എന്നാൽ, ലോക്കൽ കോച്ചുകൾ മാത്രമല്ല ട്രെയിനുകളിൽ എസി കോച്ചും മറ്റ് ആഡംബരം നിറഞ്ഞവയും ഉണ്ട്. പ്രത്യേകിച്ച് വിദേശരാജ്യങ്ങളിലാണ് അത്യാഡംബരമായ ട്രെയിനുകൾ കൂടുതലും കാണുന്നത്. അത്തരത്തിൽ ലോകത്തിലെ തന്നെ ഏക 'സെവൻ സ്റ്റാർസ് ട്രെയിനു'ള്ളത് ജപ്പാനിലാണ്.

2013ലാണ് ജപ്പാനിൽ ഈ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. മൂന്ന് ബില്യൺ യെൻ (ഏകദേശം 175 കോടി രൂപ) ആണ് ഇതിന്റെ നിർമാണത്തിനായി ജപ്പാന് ചെലവായത്. ‌ഇങ്ങനെയൊക്കെയാണെങ്കിലും സെവൻ സ്റ്റാര്‍സ് എന്ന പേരിന് ആഡംബര റേറ്റിംഗുമായി യാതൊരു ബന്ധവുമില്ല. ഈ ട്രെയിന്‍ സഞ്ചരിക്കുന്ന ക്യൂഷുവിലെ ഏഴ് പ്രവിശ്യകളെയാണ് സെവൻ സ്റ്റാര്‍സ് എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഫുകുവോക്ക, നാഗ, നാഗസാക്കി, കുമാമോട്ടോ, ഒയിറ്റ, മിയാസാക്കി, കഗോഷിമ എന്നിവയാണവ.

സജീവമായ അഗ്നിപ‌ർവതങ്ങൾ മുതൽ അരിയാകെ കടലിന്റെ തീരദേശ കാഴ്‌ചകൾ വരെ ഈ ട്രെയിനിൽ കയറിയാൽ നിങ്ങൾക്ക് ആസ്വദിക്കാനാകും. ഒരു ലോഞ്ച് കാർ, ഒരു ഡൈനിംഗ് കാർ, അഞ്ച് സ്ലീപ്പർ കാറുകൾ എന്നിവയാണ് സെവൻ സ്റ്റാർ ട്രെയിനിലുള്ളത്. ജപ്പാന്റെ തനത് രീതിയിലാണ് ഓരോ കോച്ചും നിർമിച്ചിരിക്കുന്നത്. ആരെയും അമ്പരപ്പിക്കുന്ന സൗകര്യങ്ങളാണ് ഈ ട്രെയിനിലുള്ളത്. ബ്ലൂ മൂൺ എന്ന പേരിൽ ബാർ കാറും വിശാലമായ കാഴ്‌ചകൾ ആസ്വദിക്കാൻ പറ്റിയ വലിയ ജനാലകളുള്ള ഒബ്‌സർവേഷൻ കാറും കൂടാതെ ഒരു ടീ സെറിമണി മുറിയും ട്രെയിനിലുണ്ട്.

ഇതിൽ ടിക്കറ്റ് കിട്ടാൻ ഒട്ടും എളുപ്പമല്ല. ലോട്ടറി സംവിധാനത്തിലൂടെയാണ് യാത്രക്കാരെ തിര‌ഞ്ഞെടുക്കുന്നത്. ഒരേസമയം 20 -30 പേർക്ക് മാത്രമാണ് ഈ ട്രെയിനിൽ യാത്ര ചെയ്യാനാവുക. മൂന്ന് രാത്രികൾ നീളുന്ന ഈ ആഡംബര ട്രെയിൻ യാത്രയ്‌ക്കായി രണ്ട് വർഷം മുമ്പാണ് ടിക്കറ്റ് ബുക്ക് ചെയ്‌തതെന്ന് പ്രമുഖ ട്രാവൽ വ്ളോഗർമാർ പറഞ്ഞിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN, TRAVEL, SECEN STAR TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY