SignIn
Kerala Kaumudi Online
Saturday, 19 September 2026 4.00 PM IST

2600 പേർക്ക് യാത്ര ചെയ്യാം; പക്ഷേ കയറുന്നത് വെറും 60 യാത്രക്കാർ; ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന് സംഭവിച്ചത്

hydrogen-train
ഹൈഡ്രജൻ ട്രെയിൻ

ഈ വർഷം ജൂലായ് മാസത്തോടെയാണ് ഇന്ത്യയിൽ ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിച്ചത്. ഹരിയാനയിലെ ജിന്ദ് റെയിൽവെ സ്‌റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിൻ ഫ്ളാഗ്ഓഫ് ചെയ്തത്. ജിന്ദിനും സോനിപ്പത്തിനുമിടയിൽ 89 കിലോ മീറ്ററാണ് സർവ്വീസ് ആരഭിച്ചത്. അഞ്ച് രൂപ മുതൽ പരമാവധി 25 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. പ്രതിദിനം രണ്ടു സർവീസ്. ഇതിന് 300 കിലോഗ്രാം ഹൈഡ്രജൻ വേണ്ടിവരും. ജിന്ദിൽ ഹൈഡ്രജൻ ഉത്പാദന പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ, ഹൈഡ്രജൻ ട്രെയിൻ സർവീസിൽ നിർണായകമായ ഒരു മാറ്റം ഇന്ത്യൻ റെയിൽവെ നടത്തിയേക്കും.

ജൂലായ് 17ന് ആരംഭിച്ച ഹൈഡ്രജൻ ട്രെയിൻ സർവീസ് വിജയകരമായാണ് സർവീസ് നടത്തുന്നത്. എന്നാൽ നിലവിൽ സർവീസ് നടത്തുന്ന 89 കിലോമീറ്റർ ജിന്ദ്-സോണിപത് റൂട്ടിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് ഹൈഡ്രജൻ പവർ ട്രെയിൻ ഉടൻ ഡൽഹിയിലേക്ക് നീട്ടുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2600 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ട്രെയിനിൽ നിലവിൽ ഏകദേശം 40 മുതൽ 60 വരെ യാത്രക്കാർ സഞ്ചരിക്കുന്നുള്ളൂ എന്നാണ് റിപ്പോർട്ട്.

ഡൽഹി മാർക്കറ്റിന് സമീപമുള്ള ആസാദ്പൂർ സ്റ്റേഷനിലേക്ക് ട്രെയിൻ സർവീസ് നീട്ടാൻ പദ്ധതിയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിലവിലെ റൂട്ടിൽ യാത്രക്കാരുടെ എണ്ണം കുറവായതിനാൽ എല്ലാ ദിവസവും ഒരു റൗണ്ട് ട്രിപ്പ് മാത്രമേ നടത്തുന്നുള്ളൂ. ജിന്ദിനും സോണിപത്തിനും ഇടയിൽ രണ്ട് റിട്ടേൺ ട്രിപ്പുകൾ നടത്തുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്.

യാത്രക്കാരുടെ എണ്ണം കുറഞ്ഞതിന് പിന്നിൽ?

മുമ്പ് ഇതേ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ഡെമു സർവീസിന് പകരമായാണ് ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ഈ ട്രെയിൻ എത്തിയത്. ഡെമു സർവീസിലും താരതമ്യേന കുറഞ്ഞ യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്. ഹൈഡ്രജൻ ട്രെയിനിന് പുറമെ മൂന്ന് ഡെമു ട്രെയിനുകളും ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. ഈ രണ്ട് നഗരങ്ങൾക്കിടയിലും പൊതുവെ ഓഫീസ് ജീവനക്കാർ, വ്യാവസായ തൊഴിലാളികളോ ആയ യാത്രക്കാരുടെ പങ്കാളിത്തം വളരെ കുറവാണ്. അതുകൊണ്ട് ഹൈഡ്രജൻ സർവീസ് ഡൽഹിയിലേക്ക് നീട്ടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

എന്നാൽ 2,600 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന 10 കോച്ചുകളുള്ള ഹൈഡ്രജൻ ട്രെയിൻ ഡൽഹിയിലേക്ക് നീട്ടുകയാണെങ്കിൽ പ്രവർത്തന വെല്ലുവിളികൾ ഉണ്ടാകുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. ഡൽഹിയിൽ നിന്ന് സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് റെയിൽവേ ട്രാക്കുകളിലെ ശേഷി പരിമിതികൾ കാരണം വലിയ യാത്രക്കാരെ ഉൾക്കൊള്ളാൻ 18 മുതൽ 20 വരെ കോച്ചുകൾ ആവശ്യമാണെന്ന് ഉദ്യോഗസ്ഥൻ പറയുന്നു.

എന്നാൽ ഇന്ധനശേഷി ഒരു തടസമാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഫുൾ ടാങ്കിൽ ട്രെയിനിന് 250 മുതൽ 300 കിലോമീറ്റർ വരെ ഓടാൻ കഴിയും. നിലവിൽ ജിന്ദിൽ മാത്രമേ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമുള്ളൂ. അതുകൊണ്ട് ഒരു ദിശയിൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. ജിന്ദിനും ഡൽഹിക്കും ഇടയിലുള്ള ദൂരം 150 കിലോമീറ്ററാണ്.

തദ്ദേശീയമായി വികസിപ്പിച്ചത്

പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചതാണ് ഹൈഡ്രജൻ എൻജിൻ. പുകയും മലിനീകരണവുമില്ല. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് എൻജിൻ പ്രവർത്തിക്കാനുള്ള വൈദ്യുതി ഉത്പാദിപ്പിക്കും. ഇതിനുള്ള ഹൈഡ്രജൻ ഫ്യൂവൽ സെല്ലും ഇന്ത്യ വികസിപ്പിച്ചതാണ്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലായിരുന്നു ഡിസൈനിങ്ങും നിർമാണവും നടന്നത്. ഫ്രാൻസ്, യു.എസ്, ജപ്പാൻ, ചൈന, ജർമനി എന്നിവരാണ് ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തുന്ന മറ്റ് രാജ്യങ്ങൾ. ലോകത്തെ ഏറ്റവും ശക്തമായ ഹൈഡ്രജൻ എൻജിനും ഇന്ത്യയടേതാണ്. അഞ്ച് രൂപ മുതൽ പരമാവധി 25 രൂപ വരെയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. പ്രതിദിനം രണ്ടു സർവീസ്. ഇതിന് 300 കിലോഗ്രാം ഹൈഡ്രജൻ വേണ്ടിവരും.

English Summary

India's hydrogen train service, launched in July from Jind, is scheduled for extension to Delhi's Azadpur station. This decision stems from low passenger numbers on its initial 89 km Jind-Sonipat route, which averages only 40-60 riders against a 2600 capacity. Railways plans this expansion despite potential operational challenges.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRST HYDROGEN TRAIN, HYDROGEN TRAIN 2600 PASSENGERS, HYDROGEN TRAIN 60 PASSENGERS, HYDROGEN RAILWAY, HYDROGEN TRAIN TECHNOLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360