
കുറഞ്ഞ ചെലവിൽ മികച്ച യാത്രാനുഭവം ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ നിങ്ങളുടെ കീശ കാലിയാതെ യാത്ര ചെയ്യാൻ കഴിയുന്ന അഞ്ച് രാജ്യങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. ജോർജിയയാണ് പട്ടികയിലെ ആദ്യത്തെ രാജ്യം. യൂറോപ്യൻ നഗരങ്ങളുടെ അതേ പ്രൗഢിയും പർവതനിരകളുടെ മനോഹര കാഴ്ചകളും ആസ്വദിക്കാൻ ജോർജിയ തിരഞ്ഞെടുക്കുന്നതിലൂടെ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും നിങ്ങൾക്ക് കിട്ടുക. പുരാതന നഗരങ്ങൾ, വൈൻ സംസ്‌കാരം എന്നിവയാണ് ജോർജിയയുടെ പ്രത്യേകത. അഞ്ച് മുതൽ ഏഴ് ദിവസം വരെയുള്ള യാത്രയ്ക്ക് ഏകദേശം 65,000മോ 85,000 രൂപയോളമാണ് ചെലവ്.
പ്രകൃതിഭംഗിയും വൈവിദ്ധ്യമാർന്ന സാംസ്‌കാരിക പൈതൃകവും ഒത്തുചേരുന്ന ബഡ്‌ജറ്റ് യാത്രക്കാർക്ക് മികച്ച ലക്ഷ്യസ്ഥാനമാണ് വിയറ്റ്നാം. ഹാ ലോംഗ് ബേയിലെ മനോഹര കായൽ കാഴ്ചകൾ, ഹനോയിയിലെ പുരാതന തെരുവുകൾ, വിളക്കുകളാൽ അലംകൃതമായ ഹോയ് ആൻ നഗരം എന്നിവ സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിക്കും. നിലവിലെ കണക്കുകൾ പ്രകാരം ഏകദേശം 70,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ബഡ്‌ജറ്റിൽ ഒരാഴ്ചത്തെ വിയറ്റ്നാം യാത്ര സുഖകരമായി നിങ്ങൾക്ക് പൂർത്തിയാക്കാൻ സാധിക്കും.
ഇന്ത്യക്കാർക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കുന്ന കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ കഴിയുന്ന രാജ്യമാണ് കസാക്കിസ്ഥാൻ. അൽമാട്ടി നഗരത്തിലെ ആധുനിക ജീവിതരീതിയും നഗരത്തിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന മഞ്ഞുപുതച്ച പർവതനിരകളും സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവമായിരിക്കും നൽകുക. കുറഞ്ഞ വിമാന നിരക്കും താമസ സൗകര്യങ്ങളും ലഭ്യമായതിനാൽ ബഡ്‌ജറ്റ് യാത്രക്കാർക്ക് അനുയോജ്യമായ ലക്ഷ്യസ്ഥാനമാണിത്.
കുറഞ്ഞ സമയത്തിനുള്ളിൽ വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും അടുത്തുള്ള രാജ്യമാണ് ശ്രീലങ്ക. കേരളത്തിന് സമാനമായ ഭൂപ്രകൃതിയാണ് പലയിടത്തും. പച്ചപ്പാർന്ന എല്ലയിലെ തേയിലത്തോട്ടങ്ങൾ, മിരിസയിലെ മനോഹരമായ ബീച്ചുകൾ, കാൻഡിയിലെ ചരിത്രപ്രസിദ്ധമായ സ്മാരകങ്ങൾ, എന്നിങ്ങനെ വൈവിദ്ധ്യമാർന്ന കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഏകദേശം 65,000 രൂപ മുതൽ 90,000 രൂപ വരെയുള്ള ബഡ്‌ജറ്റിൽ ശ്രീലങ്ക സന്ദർശിക്കാവുന്നതാണ്. വിമാന നിരക്കിലെ കുറവും താങ്ങാനാവുന്ന ചെലവുകളും ശ്രീലങ്കയെ മികച്ച ബഡ്‌ജറ്റ് സൗഹൃദ ഡെസ്റ്റിനേഷനാക്കുന്നു.
പഴയ കാലത്തെ സാംസ്‌കാരിക തനിമയും അത്യാധുനിക വാസ്‌തുവിദ്യയും ഒത്തൊരുമിക്കുന്ന രാജ്യമാണ് അസർബൈജാൻ, സഞ്ചാരികൾക്ക് യൂറോപ്യൻ ശൈലിയിലുള്ള യാത്രാനുഭവമാണ് നൽകുക. തലസ്ഥാനമായ ബാക്കു നഗരത്തിന്റെ മനോഹാരിതയും കാസ്‌പിയൻ കടലിന്റെ സാമീപ്യവുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. 27,000 രൂപ മുതൽ 45,000 രൂപ വരെയുള്ള നിരക്കിൽ റിട്ടേൺ ടിക്കറ്റുകൾ ലഭ്യമാകാറുള്ളതിനാൽ കുറഞ്ഞ ചെലവിൽ വിദേശയാത്ര പ്ലാൻ ചെയ്യുന്നവർക്ക് അസർബൈജാൻ മികച്ച ഓപ്ഷനാണ്. ചെലവ് കുറച്ച് അന്താരാഷ്ട്ര ട്രിപ്പ് ആഗ്രഹിക്കുന്നവർക്ക് ഈ രാജ്യം ഒട്ടനവധി കാഴ്ചകളാണ് സമ്മാനിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |