
ലോകത്ത് വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് മൂത്രക്കല്ല് അഥവാ കിഡ്നി സ്റ്റോൺ. വൃക്കകളിൽ ധാതുക്കളും ലവണങ്ങളും അടിഞ്ഞുകൂടി ഉണ്ടാകുന്ന രോഗമാണിത്. അസഹനീയമായ വേദന ഉണ്ടാക്കുന്ന ഇത് ഒരിക്കൽ വന്നവർക്ക് വീണ്ടും വരാനുള്ള സാദ്ധ്യത ഏറെയാണ്. ഇത്തരത്തിൽ കിഡ്നി സ്റ്റോൺ വരാൻ സാധ്യതയുള്ളവർക്ക് സാധാരണ കൊടുക്കുന്ന ഉപദേശം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കുന്നത് മൂത്രം നേർപ്പിക്കാനും കല്ലുണ്ടാക്കുന്ന ധാതുക്കൾ അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന വിശ്വാസം. എന്നാൽ ഈ ധാരണ തെറ്റാണെന്നാണ് പ്രശസ്ത വൈദ്യശാസ്ത്ര മാസികയായ ദ ലാൻസെറ്റിൽ 2026-ൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത്.
1,600-ലധികം ആളുകളിൽ നടത്തിയ പഠനമനുസരിച്ച് വെള്ളം കുടിക്കുന്നതിന്റെ അളവ് വർദ്ധിപ്പിച്ചത് കൊണ്ട് മാത്രം വൃക്കയിൽ കല്ല് വീണ്ടും ഉണ്ടാകാനുള്ള സാധ്യത കുറയുന്നില്ല. വെള്ളം കുടിക്കുന്നതിനേക്കാൾ ശരീരം എത്രത്തോളം മൂത്രം പുറന്തള്ളുന്നു എന്നതിലാണ് കാര്യമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരു ദിവസം ഏറ്റവും കുറഞ്ഞത് 2.5 ലിറ്റർ മൂത്രം ശരീരത്തിൽ നിന്ന് പുറത്തുപോകുന്നുണ്ടെങ്കിൽ മാത്രമേ കല്ലുകളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുവെന്നാണ് പഠനം പറയുന്നത്.
വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് വെറും ജലാംശത്തിന്റെ കുറവ് കൊണ്ട് മാത്രമല്ല. ഭക്ഷണരീതിയും ജീവിതശൈലിയും ഇതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരിക്കൽ കല്ല് വന്ന പകുതിയോളം പേർക്കും പത്ത് വർഷത്തിനുള്ളിൽ അത് വീണ്ടും വരാൻ സാദ്ധ്യതയുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതിനാൽ ഒരു സമഗ്രമായ പ്രതിരോധ രീതിയാണ് പഠനം മുന്നോട്ടുവയ്ക്കുന്നത്.
മൂത്രം അമിതമായി സാന്ദ്രമാകുമ്പോഴാണ് കാൽസ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിവ കല്ലുകളായി മാറുന്നത്. ഇത് തടയാൻ വെള്ളം കുടിക്കുന്നത് സഹായിക്കുമെങ്കിലും അതോടൊപ്പം മറ്റ് മുൻകരുതലുകൾ കൂടി എടുക്കേണ്ടതുണ്ട്. സാധാരണഗതിയിൽ ദിവസം 2 മുതൽ 2.5 ലിറ്റർ വരെ മൂത്രം പുറത്തുപോകുന്ന രീതിയിൽ വെള്ളം കുടിക്കണം. എന്നാൽ ഇന്ത്യയെപ്പോലെ ചൂട് കൂടുതലുള്ള രാജ്യങ്ങളിൽ, വിയർപ്പിലൂടെ ധാരാളം ജലം നഷ്ടപ്പെടുന്നതിനാൽ ഓരോരുത്തരുടെയും ആവശ്യകത കാലാവസ്ഥയ്ക്കും അധ്വാനത്തിനുമനുസരിച്ച് വ്യത്യസ്തമായിരിക്കും. ചുരുക്കത്തിൽ കിഡ്നി സ്റ്റോൺ വന്നവരും വരാൻ സാധ്യതയുള്ളവരും ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിന് മുൻഗണന നൽകുന്നതിനൊപ്പം മറ്റുചില പ്രധാനപ്പെട്ട കാര്യങ്ങളും ചെയ്യേണ്ടതുണ്ട്.
ഉപ്പും പ്രോട്ടീനും നിയന്ത്രിച്ചുള്ള സമീകൃതാഹാരം ഉറപ്പ് വരുത്തുക എന്നതാണ് ഇതില് പ്രധാനപ്പെട്ടത്, ശരിയായ ശരീരഭാരം നിലനിർത്തുക എന്നത് അത്യാവശ്യമാണ്. കൃത്യമായ ഭക്ഷണക്രമം, വ്യായാമം, ആവശ്യമെങ്കിൽ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ എന്നിവ ചേർന്നുള്ള ഒരു ജീവിതശൈലിയിലൂടെ മാത്രമേ വൃക്കയിലെ കല്ലുകളെ പൂർണമായും അകറ്റി നിർത്താൻ സാധിക്കൂവെന്നാണ് പഠനം പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |