SignIn
Kerala Kaumudi Online
Tuesday, 15 September 2026 4.02 PM IST

വിജയ് തെലുങ്കിൽ

vijay

അരങ്ങേറ്റം പ്രശസ്ത സംവിധായകൻ

വംശി പെയ്‌ഡിപ്പല്ലിയുടെ

ചിത്രത്തിലൂടെ

തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളായ 'ദളപതി" വിജയ് തെലുങ്കിൽ അരങ്ങേറുന്നു. പ്രശസ്ത സംവിധായകൻ വംശി പെയ്‌ഡിപ്പല്ലിയുടെ ചിത്രത്തിലൂടെയായിരിക്കും വിജയ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

പ്രഭാസും ഇല്യാനയുമഭിനയിച്ച മുന്ന എന്ന ക്രൈം ത്രില്ലറിലൂടെ തുടക്കമിട്ട സംവിധായകനാണ് വംശി പെയ്‌ഡിപ്പല്ലി. രണ്ടാമത്തെ ചിത്രമായ ബൃന്ദാവനത്തിൽ ജൂനിയർ എൻ.ടി. ആറും കാജൽ അഗർവാളും സാമന്തയുമായിരുന്നു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ഒഡിയ, കന്നഡ, ബംഗാളി, ബംഗ്ളാദേശി, ഭോജ്‌പുരി, മറാത്തി ഭാഷകളിലേക്ക് ഈ ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്.

മൂന്നാമത്തെ ചിത്രമായ യെവസുവി ൽ അല്ലു അർജുനും രാംചരൺ തേജയുമായിരുന്നു നായകന്മാർ. 35 കോടി മുതൽമുടക്കിലൊരുക്കിയ ചിത്രം 60 കോടിക്ക് മേൽ കളക്ട് ചെയ്തു.

നാഗാർജുന, കാർത്തി, തമന്ന എന്നിവരഭിനയിച്ച ഊപ്പിരി എന്ന ചിത്രമാണ് വംശി പെയ്‌ഡിപ്പല്ലി നാലാമതായി ഒരുക്കിയത്. തോഴാ എന്ന പേരിൽ തമിഴിലും ഒരുക്കിയ ഈ ചിത്രം അതിഗംഭീര വിജയമായി.

മഹേഷ് ബാബു നായകനായ മഹർഷിയാണ് വംശി പെയ്‌ഡിപ്പല്ലി ഒടുവിൽ ചെയ്ത ചിത്രം. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം മഹർഷി സ്വന്തമാക്കിയിരുന്നു.

വംശി ലെയ്‌ഡിപ്പല്ലിയുടെ ആദ്യ ചിത്രമായ മുന്ന നിർമ്മിച്ച ദിൽരാജുവാണ് വിജയ് നായകനാകുന്ന പുതിയ ചിത്രവും നിർമ്മിക്കുന്നത്. ഒരേ സമയം തെലുങ്കിലും തമിഴിലും ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററാണ് വിജയ്‌യുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നൂറ്റി അമ്പത് കോടി മുതൽ മുടക്കി നിർമ്മിച്ച ചിത്രം ബോക്സോഫീസിൽ മുന്നൂറ് കോടിക്ക് മേൽ കളക്ട് ചെയ്തിരുന്നു.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. നയൻതാര നായികയായ കൊലമാവ് കോകില, ശിവകാർത്തികേയൻ, നായകനായ ഡോക്ടർ എന്നീ ചിത്രങ്ങളൊരുക്കിയ നെൽസൺ ദിലീപ് കുമാറിന്റെ ചിത്രത്തിൽ ഇന്റർപോൾ ഏജന്റായാണ് വിജയ്‌ അഭിനയിക്കുന്നത്. ജോർജിയയിൽ ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായത് കഴിഞ്ഞ മാസം അവസാനമാണ്.

സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പൂജാ ഹെഗ്‌ഡേയാണ് വിജയ‌്‌യുടെ നായികയാകുന്നത്. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം.

നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷം വിജയ് തെലുങ്ക് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന.

മാസ്റ്ററിന്റെ സംവിധായകൻ ലോകേഷ് കനകരാജ് മൈത്രി മൂവി മേക്കേഴ്‌സിന് വേണ്ടി ഒരുക്കുന്ന ചിത്രത്തിനും വിജയ് സമ്മതം മൂളിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTOR VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY