SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.12 PM IST

ഒളിമ്പിക്സുകളുടെ സ്വന്തം ഒക്സാന വിടചൊല്ലി

oksana

8 ഒളിമ്പിക്സുകളിൽ പങ്കെടുത്ത ഉസ്ബെക്കിസ്ഥാൻ വനിതാ ജിംനാസ്റ്റിക്സ് താരം ഒക്സാന ചുസോവിറ്റിന ഇനി മത്സരിക്കാനില്ല

ടോക്യോ : മൂന്ന് രാജ്യങ്ങളെ പ്രതിനിധീകരിച്ച് എട്ട് ഒളിമ്പിക്സുകൾ. രണ്ട് ഒളിമ്പിക് മെഡലുകൾ. ടോക്യോയിലെ ഒളിമ്പിക് ജിംനാസ്റ്റിക് വേദിയിൽ നിന്ന് ഉസ്ബെക്കിസ്ഥാൻകാരി ഒക്സാന ചുസോവിറ്റിന നിറകണ്ണുകളോടെ ഇന്നലെ വിടചൊല്ലിയപ്പോൾ അവരുടെ മക്കളുടെ പ്രായം പോലുമില്ലാത്ത സഹമത്സരാർത്ഥികളും വിതുമ്പുന്നുണ്ടായിരുന്നു.

ജിംനാസ്റ്റിക്സ് വേദിയിലെ മുത്തശ്ശിയെന്ന് വേണമെങ്കിൽ ഒക്സാനയെ വിളിക്കാം. കാരണം നിലവിലെ ചാമ്പ്യൻ സിമോൺ ബെൽസിനേക്കാൾ മൂത്തതാണ് ഒക്സാനയുടെ മകൻ. അർബുദരോഗിയായ ആ മകന്റെ ചികിത്സയ്ക്ക് പണമുണ്ടാക്കാൻ വേണ്ടിയാണ് ഒക്സാന ഒരിക്കൽ നിറുത്തിപ്പോയ മത്സരവേദിയിലേക്ക് വീണ്ടും വന്നതെന്നത് മറ്റൊരു കണ്ണീർക്കഥ.

1991ൽ തന്റെ പതിമൂന്നാം വയസ്സിൽ പഴയ സോവിയറ്റ് യൂണിയന്റെ ജൂനിയർ ചാമ്പ്യനായി ശ്രദ്ധനേടി തുടങ്ങിയ ചുസോവിറ്റിനയുടെ ആദ്യ ഒളിമ്പിക്സ് 1992ൽ ബാഴ്‌സലോണയിലായിരുന്നു . അന്ന് ടീമിനത്തിൽ സ്വർണം നേടി. പിന്നീട് ഉസ്ബക്കിസ്ഥാൻ താരമായി രണ്ട് ഒളിമ്പിക്‌സിൽ കൂടി മത്സരിച്ചു. 2000 സിഡ്‌നി ഗെയിംസോടെ വിരമിക്കാൻ ഒരുങ്ങിയെങ്കിലും മകൻ അലിഷറിന്റെ രക്താർബുദ ചികിത്സയ്ക്കായി വീണ്ടും ജിംനാസ്റ്റിക് ഫ്ലോറിലിറങ്ങി. ഒളിമ്പിക്സിലും ലോകചാമ്പ്യൻഷിപ്പുകളിലും ലോകകപ്പുകളിലും പ്രൈസ്‌ മണിക്കായി പങ്കെടുത്തു.

മകന്റെ ചികിത്സ ജർമ്മനിയിലായതിനാലാണ് ബെയ്ജിംഗ് ഒളിമ്പിക്‌സിൽ അവർക്ക് വേണ്ടി മാറ്റുരച്ച് ആദ്യ വ്യക്തിഗത ഒളിമ്പിക് മെഡൽ നേടിയത്. ലണ്ടൻ ഒളിമ്പിക്‌സിലും ജർമ്മനിക്കുവേണ്ടി മത്സരിച്ച ഒക്സാന മകന്റെ രോഗം ഭേദമായതോടെ ഉസ്ബക്കിസ്ഥാനിലേയ്ക്ക് മടങ്ങി. റിയോ ഒളിമ്പിക്‌സിൽ ജന്മനാടിനുവേണ്ടിയാണ് മാറ്റുരച്ചത്. റിയോയിൽ വച്ച് കൂടുതൽ ഒളിമ്പിക്‌സിൽ മാറ്റുരച്ച താരമെന്ന റെക്കോഡും സ്വന്തമാക്കി .ഇത്തവണ ടോക്യോയിൽ അത്ഭുതങ്ങൾ പുറത്തെടുക്കാൻ ഒക്സാനയ്ക്ക് കഴിഞ്ഞില്ല. വോൾട്ടിൽ 14.166 പോയിന്റ് മാത്രമായിരുന്നു സമ്പാദ്യം. ഫൈനലിന് യോഗ്യതയും ലഭിച്ചില്ല.

രണ്ട് ഒളിമ്പിക് മെഡലുകൾ, പതിനൊന്ന് ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ, രണ്ട് ലോകകപ്പ് മെഡലുകൾ, എട്ട് ഏഷ്യൻ ഗെയിംസ് മെഡലുകൾ, നാല് ഏഷ്യൻ ചാമ്പ്യൻഷിപ്പ് മെഡലുകൾ, നാല് യൂറോപ്യൻ ചാമ്പ്യൻഷിപ്പ് മെഡലുകൾ എന്നിങ്ങനെ നേട്ടങ്ങളുടെ ഒരു വലിയ ശേഖരവുമായാണ് ഒക്സാന മടങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, OKSANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360