SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.14 AM IST

പെണ്ണായാൽ പൊന്നുനേടും !

cricket-gold

അയ്ചി നഗോയ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണവുമായി വനിതാ ക്രിക്കറ്റ് ടീം

ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത് 147 റൺസിന്

ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് സ്വർണം

നഗോയ : ഹർമൻപ്രീത് കൗറിനും സംഘത്തിനും അടവുകൾ ഒന്നും പിഴച്ചില്ല. ഏഷ്യൻ ഗെയിംസിലെ വനിതാ ക്രിക്കറ്റ് സ്വർണം ഇക്കുറിയും ഇന്ത്യയിലേക്കുതന്നെ വന്നു. ഇന്നലെ നടന്ന ഫൈനലിൽ 147 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. ഇതോടെ ഈ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടക്കാരായും ഹർമൻപ്രീതും സംഘവും തിളങ്ങി.

ഇന്നലെ നഗോയയിലെ നിസിഹിൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയർത്തിയത് 216/3 എന്ന സ്കോർ. മറുപടിക്കിറങ്ങിയ ലങ്കയെ 15.4 ഓവറിൽ വെറും 69 റൺസിന് ചുരുട്ടിക്കെട്ടുകയും ചെയ്തു. അർദ്ധസെഞ്ച്വറി നേടിയ സ്മൃതി മാന്ഥനയും (79), 48 റൺസ് നേടിയ ഓപ്പണർ ഷെഫാലി വെർമ്മയും പുറത്താകാതെ 49 റൺസ് നേടിയ റിച്ച ഘോഷുമാണ് ഇന്ത്യൻ ബാറ്റിംഗിൽ തിളങ്ങിയത്. ഹർമൻപ്രീത് 19 റൺസെടുത്ത് പുറത്തായി.

ഷെഫാലിയും സ്മൃതിയും ചേർന്ന് ഓപ്പണിംഗിൽ ആദ്യ പത്തോവറിൽ അടിച്ചുകൂട്ടിയത് 99 റൺസാണ്. 29 പന്തുകളിൽ മൂന്ന് വീതം ഫോറും സിക്സും പറത്തിയ ഷെഫാലി മടങ്ങിയശേഷമെത്തിയ ഹർമൻ 15-ാം ഓവറിൽ ടീം സ്കോർ 141ൽ വച്ച് മടങ്ങി. 45 പന്തുകളിൽ അഞ്ച് ഫോറുകളും ഏഴ് സിക്സുകളും പായിച്ച സ്മൃതി 17-ാമത്തെ ഓവറിൽ പുറത്താകുമ്പോൾ ഇന്ത്യ 163/3 എന്ന നിലയിലായിരുന്നു. 22 പന്തുകളിൽ ആറ് ഫോറുകളും മൂന്ന് സിക്സുകളും പായിച്ച റിച്ചയുടെ അവസാന ഓവറുകളിലെ വെടിക്കെട്ടാണ് ഇന്ത്യയെ 200 കടത്തിയത്.

മറുപടിക്കിറങ്ങിയ ലങ്കയ്ക്ക് വേണ്ടി ക്യാപ്ടൻ ചമരി അട്ടപ്പട്ടു (29) പൊരുതിയെങ്കിലും ഫലമുണ്ടായില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തി ദീപ്തി ശർമ്മയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി ഷെഫാലിയും ശ്രേയങ്കയും ശ്രീചരണിയും ചേർന്ന് ലങ്കയെ അരിഞ്ഞിട്ടു. ലങ്കൻ നിരയിൽ ചമരിയെക്കൂടാതെ കവിഷ ദിൽഹരിയും(11) കൗശിനിയും (14) മാത്രമാണ് രണ്ടക്കം കടന്നത്.

കഴിഞ്ഞ ഏഷ്യൻ ഗെയിംസ് ഫൈനലിലും ഇന്ത്യ ശ്രീലങ്കയെയാണ് തോൽപ്പിച്ചത്. അന്ന് മലയാളി താരം മിന്നുമണി ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.

11000

സ്മൃതി മാന്ഥന അന്താരാഷ്ട്ര ക്രിക്കറ്റിൽ 11000 റൺസ് തികയ്ക്കുന്ന ആദ്യ വനിതാ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി. ഏഷ്യൻ ഗെയിംസ് ഫൈനലിൽ വ്യക്തിഗത സ്കോർ 13ലെത്തിയപ്പോഴാണ് സ്മൃതി ഈ നേട്ടത്തിലെത്തിയത്. ടെസ്റ്റിൽ 788 റൺസ്, ഏകദിനത്തിൽ 5411, ട്വന്റി-20യിൽ 4867 എന്നിങ്ങനെയാണ് സ്മൃതിയുടെ സമ്പാദ്യം.

2

ഇന്ത്യയുടെ ഏഷ്യൻ ഗെയിംസിെ രണ്ടാം വനിതാ ക്രിക്കറ്റ് സ്വർണം. പാകിസ്ഥാന്റ രണ്ട് സ്വർണമെന്ന റെക്കാഡിനൊപ്പം ഇന്ത്യയുമെത്തി. ആദ്യമായി ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റ് ഉൾപ്പെടുത്തിയ 2010ലും 2014ലുമാണ് പാകിസ്ഥാൻ സ്വർണം നേടിയിരുന്നത്. ഇക്കുറി ബംഗ്ളാദേശിനെ ലൂസേഴ്സ് ഫൈനലിൽ തോൽപ്പിച്ച് പാകിസ്ഥാൻ വെങ്കലം നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360