SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.47 PM IST

ചെറിയാൻ ഫിലിപ്പിന് മറ്റെന്തെങ്കിലും നിലയുണ്ടോയെന്നറിയില്ല: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
cheriyan-filip-and-pinara

തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവും ഇടതു സഹയാത്രികനുമായ ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാൻ തീരുമാനിച്ചപ്പോൾ മാന്യമായി തന്നെ അദ്ദേഹത്തെ സഹകരിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

'പൊതുരംഗത്ത് നല്ല നിലയിൽ പ്രവർത്തിച്ചുവന്ന ആളാണ് ചെറിയാൻ ഫിലിപ്പ്. ഇപ്പോൾ അദ്ദേഹത്തിന് മറ്റെന്തെങ്കിലും നിലയുണ്ടോയെന്നറിയില്ല'- പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ കഴിഞ്ഞ ദിവസം ചെറിയാൻ ഫിലിപ്പ് ഫേസ്ബുക് പോസ്റ്റിലൂടെ രൂക്ഷമായി നടത്തിയ വിമർശനത്തെപ്പറ്റി വാർത്താലേഖകർ ചോദിച്ചപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചു.

കോൺഗ്രസ് വിട്ടുവന്ന ശേഷം രക്ഷാകർത്താവ് സ്ഥാനത്തിരുന്ന് ചെറിയാൻ ഫിലിപ്പിനെ കൊണ്ടുനടന്നയാളാണല്ലോ മുഖ്യമന്ത്രിയെന്ന് ലേഖകൻ ചൂണ്ടിക്കാട്ടിയപ്പോൾ, താനാരുടെയും രക്ഷാകർത്താവൊന്നുമല്ലെന്ന് നിങ്ങൾക്കറിയാമല്ലോ എന്നായിരുന്നു മറുപടി.

സംസ്ഥാനത്ത് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഒറ്റ വർഷം കൊണ്ടോ, ഒറ്റ ദിവസം കൊണ്ടോ പൂർത്തിയാക്കാവുന്നതല്ല. ചെറിയാൻ ഫിലിപ്പിന്റെ പ്രസ്താവന എന്തിന്റെ ഭാഗമാണെന്ന് തനിക്കിപ്പോൾ പറയാനാവില്ല. പക്ഷേ, അത്തരം ഉത്കണ്ഠയുള്ളവരോടെല്ലാം പറയാനുള്ളത് സർക്കാർ ഫലപ്രദമായ നടപടിയെടുക്കുമെന്നാണ്. ഒട്ടേറെ അനുഭവങ്ങളെ പാഠമാക്കി കൂടുതൽ നടപടിയിലേക്ക് കടക്കും.

റൂം ഫോർ റിവർ പദ്ധതിയെച്ചൊല്ലിയുള്ള ചെറിയാന്റെ വിമർശനത്തിനും മുഖ്യമന്ത്രി മറുപടി നൽകി. പദ്ധതിക്കാര്യത്തിൽ ചില നടപടികളൊക്കെയുണ്ടായി. ഒറ്റയടിക്ക് എല്ലാമുണ്ടാവില്ല. ഞാൻ ഒഴുകട്ടെ എന്ന പുഴ ശുദ്ധീകരണ പരിപാടി പല പ്രദേശങ്ങളിലും നാട്ടുകാർ ഏറ്റെടുത്തു. നദികളിൽ അടിഞ്ഞു കിടക്കുന്ന മണൽ നീക്കുന്നതിനും ചില നടപടികളെടുത്തു- മുഖ്യമന്ത്രി പറഞ്ഞു

TAGS: CHERIYAN FILIP AND PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY