SignIn
Kerala Kaumudi Online
Sunday, 04 October 2026 1.44 PM IST

2 കൊടുത്തു 4 വാങ്ങി !

isl

ഐ.എസ്.എൽ : ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം

എ.ടി.കെ മോഹൻ ബഗാന് ജയം

ഫറ്റോർഡ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം. ഇന്നലെ ഗോവയിലെ ഫറ്റോർഡയിലെ പണ്ഡിറ്ര് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എടികെ മോഹൻ ബഗാൻ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. ഹ്യൂഗോ ബൗമസ് ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തിൽ ലിസ്‌റ്റൺ കൊളോക്കോയും പെനാൽറ്റിയിലൂടെ റോയ് കൃഷ്ണയും ബഗാനായി ഓരോ ഗോൾ വീതം നേടി. സഹൽ അബ്ദുൾ സമദും,​ ജോർഗെ ഡയസുമാണ് ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്.

നിലവിലെ ചാമ്പ്യൻമാരായ മുംബയ് സിറ്റിയിൽ നിന്ന് കൊൽക്കത്തയിൽ എത്തിയ ബൗമസ് മൂന്നാം മിനിട്ടിൽ തന്നെ തകർപ്പൻ ഗോളിലൂടെ ബഗാനെ മുന്നിലെത്തിച്ചു. ഐ.എസ്.എല്ലിലെ ഉദ്ഘാടന മത്സരത്തിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്.

എന്നാൽ 24-ാം മിനിട്ടിൽ സഹലിലൂടെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. മലയാളിത്തിളക്കമുള്ള ഗോളായിരുന്നു ഇത്. രാഹുൽ കെ.പിയുടെ പാസിൽ നിന്നായിരുന്നു സഹലിന്റെ ഗോൾ.

മൂന്ന് മിനിട്ടിനകം ലഭിച്ച പെനാൽറ്റി ഗോളാക്കി റോയ് കൃഷ്ണ ബഗാന് വീണ്ടും ലീഡ് നൽകി.39-ാം മിനിട്ടിൽ ബൗമസ് തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി. ഇടവേളയ്ക്ക് പിരിയുമ്പോൾ ബഗാൻ 3-1ന് മുന്നിലായിരുന്നു. അമ്പതാം മിനിട്ടിൽ കൊളോക്കോ ബഗാന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. 69-ാം മിനിട്ടിൽ ഡയസ് ബ്ലാസ്റ്റേഴ്സിനായി ഒരു ഗോൾ കൂടി മടക്കിയെങ്കിലും പിന്നീട് ലക്ഷ്യം നേടാൻ കേരള ടീമിനായില്ല.

ഇന്നത്തെ മത്സരം

ബംഗളൂരു -നോർത്ത് ഈസ്റ്റ്

(രാത്രി 7.30 മുതൽ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA