
റേഡിയോ ജോക്കി, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരക എന്നീ വിലാസത്തിൽ തുടക്കം.അഭിനയരംഗത്തേക്ക് ചുവടുവച്ചത് സീരിയലുകളിലൂടെയും വെബ് സീരീസിലൂടെയും. ഇനി വെള്ളിത്തിരയിൽ . ഒരുപിടി ചിത്രങ്ങളിൽ സാന്നിദ്ധ്യം അറിയിച്ചു. ഭീമന്റെ വഴിയിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരടെ മനസിൽ ഇടം നേടി ദിവ്യ എം. നായർ. ഇപ്പോൾ റീത്ത കൗൺസിലർ എന്ന വിലാസവുമുണ്ട്. മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന പുഴു ആണ് പുതിയ ചിത്രം. അഭിനയജീവിതത്തിലെ വിശേഷങ്ങൾ ദിവ്യ എം.നായർ പങ്കുവയ്ക്കുന്നു.
തുടക്കം ആങ്കറിംഗിലൂടെ
പഠനകാലം മുതലേ കലാമേഖലയാണ് തന്റെ ജീവിതപാതയായി ദിവ്യ സ്വീകരിച്ചത്. 'പതിനഞ്ചാം വയസുമുതൽ ആങ്കറിംഗ് ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിൽ റേഡിയോ വരുന്നുണ്ടെന്ന് കേട്ട് അതിലേക്ക് അപേക്ഷിച്ചു. അങ്ങനെ ആറുവർഷം റേഡിയോയിൽ ജോലി ചെയ്തു. അവിടെ നിന്ന് ഇറങ്ങി, ഇനി എന്തുചെയ്യുമെന്ന ചോദ്യം വന്നപ്പോൾ ഡബ്ബിംഗിലേക്ക് തിരിഞ്ഞു. അങ്ങനെ ഡബ്ബിംഗും അവതരണവും പരസ്യങ്ങളും ചെയ്യാൻ തുടങ്ങി. സിനിമയിൽ അഭിനയിച്ചുകൂടെ എന്ന് ഡബ്ബ് ചെയ്യാൻ പോകുന്ന സിനിമകളുടെ സംവിധായകരിൽ ചിലർ ചോദിക്കാൻ തുടങ്ങി.ആസമയത്താണ് ജിസ് ജോയ്യുടെ ബൈസിക്കിൾ തീവ്സ് സിനിമയിൽ അവസരമുണ്ട് എന്ന് അറിയുന്നത്. അതിൽ നിന്നാണ് സിനിമാജീവിതം തുടങ്ങുന്നത്.ചെമ്പൻ വിനോദ് ചേട്ടനാണ് എന്നെ ഭീമന്റെ വഴിയിൽ അഭിനയിക്കാൻ വിളിച്ചത്. ഒരു കഥാപാത്രം ഉണ്ട്, കഥ കേൾക്കാൻ വരാമോ എന്നു ചോദിച്ചു. കേട്ടപ്പോൾ നല്ല കഥാപാത്രം ആണെന്ന് മനസിലായി. അങ്ങനെയാണ് ഞാൻ കൗൺസിലർ റീത്തയാകാൻ തീരുമാനിക്കുന്നത്. കുറ്റിപ്പുറത്തെ ഗ്രാമപ്രദേശമായിരുന്നു ലൊക്കേഷൻ. വളരെ മനോഹരമായ ഒരിടം. ഷൂട്ടിംഗ് സമയത്ത് ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസും എല്ലാം അവിടുത്തെ ഒരു റിസോർട്ടിൽ ആയിരുന്നു താമസം. ഷൂട്ട് ഇല്ലാത്ത സമയത്ത് എല്ലാവരും കൂടിയിരുന്ന് വർത്തമാനം പറയും അല്ലെങ്കിൽ ഏതെങ്കിലും ഗെയിംസ് കളിക്കും. ഏകദേശം 45 ദിവസം നീണ്ട ഷൂട്ട് ഞാൻ ഒരുപാട് ആസ്വദിച്ചു.""

റീത്ത സെൽഫ് മെയ്ഡ്
സെൽഫ് മെയ്ഡായ സ്ത്രീയാണ് റീത്ത. ഒറ്റയ്ക്ക്, സുഖമില്ലാത്ത അമ്മയ്ക്കൊപ്പം ജീവിക്കുന്ന ഒരു കഥാപത്രമാണ് . നാടിനെ സേവിക്കണം എന്നുള്ളത് കൊണ്ടായിരിക്കുമല്ലോ അവർ കൗൺസിലർ ആയത്. കൂടാതെ നാട്ടുകാർക്ക് എല്ലാവർക്കും പ്രിയപ്പെട്ടവളും. അതേസമയം അവരോട് മോശമായി പെരുമാറുന്നവരോട് തിരിച്ചും അതെ രീതിയിൽ പ്രതികരിക്കാൻ അവർക്ക് അറിയാം. അടിക്കേണ്ടവനെ അടിക്കാനും ചീത്ത പറയേണ്ടവനെ ചീത്ത പറയാനും നല്ല സുഹൃത്തുക്കളുടെ കൂടെയിരുന്ന് മദ്യപിക്കാനും അവർക്ക് ഒരു മടിയുമില്ല. എന്റെ വ്യക്തിത്വവും ഏറെക്കുറെ അതുപോലെയാണ്. ഞാൻ നോ പറയേണ്ടിടത് നോ പറഞ്ഞുതന്നെയാണ് ജീവിക്കുന്നത്. നോ പറയേണ്ട സാഹചര്യങ്ങളിൽ അത് പറയാൻ പലർക്കും പേടിയാണ്. പലപ്പോഴും അത്തരം സാഹചര്യങ്ങളിൽ പ്രതീക്ഷിക്കാത്ത രീതിയിൽ, വേറെയൊരു തലത്തിലേക്ക് കാര്യങ്ങൾ നീങ്ങും. റീത്തയെപ്പോലെ ഞാനും ആരെയും ആശ്രയിക്കാതെ സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കുന്നയാളാണ്. റീത്തയുടെ കുറെ കാര്യങ്ങൾ എന്നിൽ ഉള്ളതുതന്നെയാണ്.
പെണ്ണുങ്ങളെല്ലാം പൊളി
ഭീമന്റെ വഴിയിൽ ചെമ്പൻ വിനോദ് അവതരിപ്പിച്ച മഹർഷി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച ഭീമനോട് പറയുന്നുണ്ട്, 'പെണ്ണുങ്ങൾ എല്ലായിടത്തും പൊളിയല്ലേ ഭീമാ" എന്ന്. ഭീമന്റെ വഴിയിലെ എല്ലാ സ്ത്രീ കഥാപാത്രങ്ങളും പൊളിയാണ്. 'ഒരു സിനിമയുടെ ഭൂരിഭാഗവും എഴുത്തുകാരനിലൂടെയാണ് ഉണ്ടാകുന്നത്. എഴുത്തുകാരന്റെ സൃഷ്ടിയിൽ ഏതുതരത്തിലുള്ള മാറ്റം കൊണ്ടുവരാനും സംവിധായകന് സ്പേസ് ഉണ്ട്. ഭീമന്റെ വഴിയുടെ തിരക്കഥാകൃത്തുകൂടിയായ ചെമ്പൻ വിനോദിന് സ്ത്രീകളോടുള്ള സമീപനമാണ് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളിൽ കാണാൻ കഴിയുന്നത്. സെറ്റിൽ ആൺപെൺ വ്യത്യാസമില്ലാതെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. കൂടാതെ അതിലെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാവരും ജീവിതത്തിലും നല്ല ശക്തരാണ്.""
ചിന്താഗതി മാറ്റണം
മുൻപത്തെ പോലെ അല്ല ഇപ്പോൾ, ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ആണെന്നോ പെണ്ണെന്നോ ഇല്ലാതെ പുതുതലമുറയിലെ ഒരു നല്ല ശതമാനവും കുട്ടികളും മദ്യപിക്കുന്നവരാണ്. നമ്മുടെ ചിന്താഗതിയുടെ പ്രശ്നമാണ്. മദ്യപിക്കുന്ന, പുകവലിക്കുന്ന, അല്ലെങ്കിൽ ആൺകുട്ടികളുടെ തോളത്ത് കൈയിട്ടു നടക്കുന്ന പെൺകുട്ടികളെ അംഗീകരിക്കാൻ ഇപ്പോഴും സമൂഹം തയ്യാറായിട്ടില്ല. മദ്യപിക്കുന്നത് കൊണ്ടോ, രാത്രി എവിടെയെങ്കിലും പോയി വൈകി വരുന്നത് കൊണ്ടോ മോശക്കാരനും മോശക്കാരിയുമാകുമെന്ന് എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ നാട്ടിലുള്ളവരുടെ കാഴ്ചപ്പാട് മാറേണ്ട സമയം കഴിഞ്ഞു. കേരളത്തിൽ മാത്രമേ ഇത്രയും അധികം പ്രശ്നമുള്ളൂ. ഇന്ത്യയിലെ പല മെട്രോ നഗരങ്ങളിലും പോയിക്കഴിഞ്ഞാൽ നാട്ടുകാരുടെ ഭാഗത്തുനിന്ന് ഇത്രയും വിമർശനങ്ങളില്ല. അവിടുത്തെ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ജീവിതരീതികൾ, വസ്ത്രധാരണം, ചിന്താഗതി എല്ലാം വ്യത്യസ്തമാണ്. ഞാൻ പല സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോൾ കാണുന്നതാണ്, അവർക്ക് ഇഷ്ടമുള്ളത് ചെയ്യുന്നതിൽ ഒരു ബുദ്ധിമുട്ടുമില്ല. അതേസമയം നമ്മുടെ നാട്ടിൽ എല്ലാം ഒളിച്ചാണ് ചെയ്യുന്നത്. അടിസ്ഥാനപരമായി നോക്കിയാൽ ഇവിടെ പെൺകുട്ടികൾക്ക് ആരുടെയും തുറിച്ചുനോട്ടമില്ലാതെ പോകാൻ പറ്റിയ ഒരു പബ് ഇല്ല.
നമ്മുടെ വീട്ടുകാരും ഇതൊന്നും അംഗീകരിക്കില്ല. എനിക്കറിയാവുന്ന എത്രയോ സ്ത്രീകൾ മദ്യപിക്കാറുണ്ട്. അത് സിനിമയിൽ യഥാർത്ഥ്യമെന്നോണം തുറന്നുകാണിച്ചു. അത്രയേ ഉള്ളു. ഞാൻ രണ്ടെണ്ണം അടിക്കും എന്ന തുറന്ന് പറയുന്നത് തെറ്റല്ല. ഒരു ജനപ്രതിനിധി ആയതുകൊണ്ട് മദ്യപിക്കാൻ പാടില്ല എന്നില്ലലോ.
സിനിമ നടിയാണെങ്കിലും ഡോക്ടർ ആണെങ്കിലും ഏതു മേഖലയിൽ നിന്നുള്ളതാണെങ്കിലും താല്പര്യമുണ്ടെങ്കിൽ ചെയ്യാം. ഞാൻ മദ്യപിക്കാറില്ല. എന്നുകരുതി മദ്യപിക്കുന്നത് തെറ്റാണെന്ന് പറഞ്ഞാൽ അത് വിഡ്ഢിത്തമാണ്. രാഷ്ട്രീയക്കാരും സിനിമ നടന്മാരും നടിമാരും പള്ളീലച്ചനും എല്ലാം തെറ്റ് ചെയ്യുന്നത് സമൂഹം കാണുന്നുണ്ടല്ലോ. മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന, ഉപദ്രവിക്കാത്ത മനുഷ്യനാകുന്നതാണ് പ്രധാനം.

പുതിയ സിനിമകൾ
മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുഴു ആണ് റിലീസ് ചെയ്യാനുള്ളത്. രണ്ട് സിനിമകളുടെ കഥ കേട്ടെങ്കിലും വേണ്ടന്ന് വെച്ചു. ചില വേഷങ്ങൾ ചെയ്യാനുള്ള ആത്മവിശ്വാസമില്ല. ഇനിയും ഒരുപാട് നല്ല അവസരങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. അമ്മ ഇൗശ്വരിക്കും പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൾ സൗപർണികയ്ക്കും ആറാം ക്ലാസിൽ പഠിക്കുന്ന മകൻ ഋഷികേശിനും ഒപ്പം കൊച്ചി പാലാരിവട്ടത്താണ് ദിവ്യയുടെ താമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |