അതിരുകൾക്കും ഭാഷകൾക്കും അപ്പുറം ഒരേ വികാരത്തിൽ മനുഷ്യരെ കൂട്ടിയിണക്കുന്ന ഫുട്ബോളിന്റെ വർണക്കാഴ്ചയിലാണ് ലോകം. ജൂൺ 11ന് കാൽപന്തുകളിയുടെ ആരവത്തിന് കിക്കോഫ് മുഴങ്ങിയപ്പോൾ എല്ലാ കണ്ണുകളും പച്ചപ്പട്ട് വിരിച്ച മൈതാനത്തേക്കായിരുന്നു. ഇതിനിടെ ജൂൺ 20ന് റിലീസ് ചെയ്ത ഒരു മ്യൂസിക് ആൽബമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഫിഫ ട്രിബ്യൂട്ട് മ്യൂസിക് ആൽബമായ 'വൺ അരീന'യെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ലോകമെമ്പാടും ഈ പാട്ട് ആസ്വദിക്കുന്നമ്പോൾ മലയാളികൾ അഭിമാനിക്കാം.
കാരണം ഈ പാട്ടിന് മുന്നിലും പിന്നിലും പ്രവർത്തിച്ചവർ എല്ലാം മലയാളികൾ തന്നെയാണ്. മിഥുൻ കെ എം വരികൾ എഴുതി സംഗീതം നിർവഹിച്ച ഗാനം 18കാരിയായ റോസാൻ ആന്റണിയാണ് ആലപിച്ചിരിക്കുന്നത്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ റോസാൻ തൃശൂർ സ്വദേശിയായ ആന്റണിയുടെയും കൊച്ചി സ്വദേശിയായ ടെസയുടെയും രണ്ടാമത്തെ മകളാണ്. തന്റെ ഗാനങ്ങളെക്കുറിച്ച് റോസാൻ കേരളകൗമുദി ഓൺലെെനിനോട് സംസാരിക്കുന്നു.
എനിക്ക് ആറ് വയസുള്ളപ്പോൾ മുതലാണ് പാട്ടിനോട് കൂടുതൽ താൽപര്യം തോന്നിയത്. എന്റെ അച്ഛനും അമ്മയും പാട്ട് പാടിയിരുന്നു. 13-ാം വയസ് മുതൽ മ്യൂസിക് ക്ലാസിൽ ചേർന്നു. പരസ്യചിത്രങ്ങൾക്ക് വേണ്ടി പാടിയാണ് കരിയർ ആരംഭിച്ചത്. യൂട്യൂബ് ചാനലിൽ പാട്ടുകൾ പാടിയിട്ടുണ്ട്. ക്രോസ് റോഡ്സ് സ്കൂൾ ഓഫ് മ്യൂസിക്കിൽ പരിശീലിക്കുമ്പോഴാണ് ഇംഗ്ലീഷ് ഗാനങ്ങളോട് കൂടുതൽ ഇഷ്ടം തോന്നിയത്. സ്വന്തം കോംപോസിഷനിൽ ഒരു ആൽബം ചെയ്യുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ.
'വൺ അരീന' എന്ന ആൽബത്തിലേക്ക് എത്തിയത് അതിലെ ഗിറ്റാറിസ്റ്റ് വഴിയാണ്. എന്റെ ഇൻസ്റ്റഗ്രാമിലെ ചില മ്യൂസിക് വീഡിയോകൾ കണ്ടാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. വൺ അരീനയുടെ പാട്ടും വരികളും കേട്ടപ്പോൾ തന്നെ എനിക്ക് ഒത്തിരി ഇഷ്ടമായി. ഇംഗ്ലീഷ് ശെെലിയിൽ കേരളത്തിൽ ഗാനങ്ങൾ എടുക്കുന്നത് വളരെ കുറവാണ്. അവസാന നിമിഷമാണ് ഈ ആൽബത്തിൽ എന്നോട് അഭിനയിക്കാൻ പറയുന്നത്. ആലപ്പുഴയിലെ സ്റ്റുഡിയോയിലായിരുന്നു റെക്കോഡിംഗ്. ശേഷം മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലാണ് വീഡിയോ ചിത്രീകരിച്ചത്. മുൻപും ചില സോങ് കവറർ വീഡിയോകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.
'വൺ അരീന'യ്ക്ക് ഇത്രയും വലിയ സ്വീകരണം ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഒരുപാട് പേർ ഗാനത്തെ പ്രശംസിച്ച് എനിക്ക് മെസേജുകൾ അയച്ചിരുന്നു. മെക്സിക്കോ, ലാറ്റിനമേരിക്ക, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം പ്രതികരണങ്ങൾ ലഭിച്ചിരുന്നു. അത് എന്നെ ശരിക്കും ഞെട്ടിച്ചു. ഞാൻ കൂടുതലായും ഇംഗ്ലീഷ് ഗാനങ്ങളാണ് പാടുന്നത്. അതോടൊപ്പം മലയാളം, തമിഴ് ഗാനങ്ങളും ആലപിക്കാറുണ്ട്. നിരവധി സ്റ്റേജ് ഷോയിലും പങ്കെടുക്കാറുണ്ട്.
എന്റെ അമ്മയും അച്ഛനും ചേച്ചിയും അനിയത്തിയുമെല്ലാം നല്ല സപ്പോർട്ടാണ്. ആദ്യം ആൽബത്തിൽ അഭിനയിക്കാൻ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിന്തിച്ചു. പക്ഷേ അവരാണ് എന്നോട് നീ ചെയ്യണമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചത്. എന്റെ അച്ഛൻ ബിസിനസ് മേഖലയിലാണ്. അമ്മ ഷെയർ ട്രേഡിംഗിൽ സജീവമാണ്. അവരെല്ലാം ഇപ്പോൾ വളരെ ഹാപ്പിയാണ്. വാർത്തകളിൽ എന്റെ പേര് വരാൻ തുടങ്ങിയപ്പോൾ മുതൽ ഞാനും അവരും ഡബിൾ ഹാപ്പിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |