SignIn
Kerala Kaumudi Online
Saturday, 19 September 2026 5.30 PM IST

തമ്മിലടി: സെക്രട്ടേറിയറ്റ് അസോ. ഓഫീസ് പൊലീസ് പൂട്ടി

kerala-police

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷൻ നേതാക്കളുടെ തമ്മിലടി വീണ്ടും മൂർച്ഛിച്ചതോടെ കന്റോൺമെന്റ് പൊലീസ് അസോസിയേഷൻ ഓഫീസ് പൂട്ടി സീൽ വച്ചു. ഭാരവാഹി തിരഞ്ഞെടുപ്പിനെച്ചൊല്ലി ഉടലെടുത്ത തർക്കത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ 7.30 ഓടെ എം.എസ്. ഇർഷാദും കെ. ബിനോദും നേതൃത്വം നൽകുന്ന ഔദ്യോഗിക വിഭാഗത്തിന്റെ ഓഫീസിൽ കയറി ഉമ്മൻചാണ്ടിയെ അനുകൂലിക്കുന്ന എം.എസ്. ജ്യോതിഷ് പ്രസി‌ഡന്റായ വിഭാഗം നിരാഹാര സമരം ആരംഭിച്ചതാണ് സംഘർഷാവസ്ഥയ്ക്കിടയാക്കിയത്. ചെന്നിത്തലയെ അനുകൂലിക്കുന്നവരാണ് ഔദ്യോഗികവിഭാഗം. ജ്യോതിഷും വിരലിലെണ്ണാവുന്ന പ്രവർത്തകരും ഓഫീസിൽ നിരാഹാരം ആരംഭിച്ചതോടെ മറുവിഭാഗം പൊലീസിൽ പരാതി നൽകി. ഓഫീസിലെത്തിയ പൊലീസ് സമരക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതോടെ സമരക്കാരെ പുറത്താക്കി പൊലീസ് ഓഫീസ് പൂട്ടുകയായിരുന്നു. പുറത്ത് നിരാഹാരം നടത്താനുള്ള ശ്രമവും തടഞ്ഞു. തുടർന്ന് സെക്രട്ടേറിയറ്റ് അനക്‌സിനു മുന്നിൽ ജ്യോതിഷിന്റെ നേതൃത്വത്തിലുള്ള വിഭാഗം പ്രതിഷേധ പ്രകടനം നടത്തി. ഔദ്യോഗിക പക്ഷത്തിനെതിരെ ഉണ്ടായത് കടുത്ത നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി പ്രസിഡന്റും രംഗത്തെത്തി.

രണ്ടാഴ്ച മുമ്പ് അസോസിയേഷൻ ഓഫീസിൽ വച്ച് ഇരുവിഭാഗം നേതാക്കൾ തമ്മിലുണ്ടായ കൈയാങ്കളിയിൽ ഏതാനും പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ 11 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. സംഘടനാ തിരഞ്ഞെടുപ്പിനു പിന്നാലെ ആഗസ്റ്റിലാണ് അസോസിയേഷൻ രണ്ടു വിഭാഗങ്ങളായി പിരിഞ്ഞ് ചേരിപ്പോര് തുടങ്ങിയത്. തുടർന്ന് ഇരുവിഭാഗവും സ്വന്തം നിലയിൽ ഭാരവാഹികളെ പ്രഖ്യാപിച്ചു. തർക്കം പരിഹരിക്കാൻ പി.സി.വിഷ്‌ണുനാഥ്, എം.ലിജു എന്നിവരുൾപ്പെട്ട സമിതിയെ കെ.പി.സി.സി നിയോഗിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.

 അക്രമികൾക്കെതിരെ നടപടി വേണം: കെ.സുധാകരൻ
സെക്രട്ടേറിയറ്റ് അസോസിയേഷൻ ഓഫീസിലെ അക്രമത്തിന് കാരണക്കാരായവർക്കെതിരെ നടപടി എടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു. വ്യവസ്ഥാപിതമായ നടപടികളിലൂടെ തിരഞ്ഞെടുക്കപ്പെട്ട എം.എസ്. ഇർഷാദിന്റെയും കെ. ബിനോദിന്റെയും നേതൃത്വത്തിലുള്ള ഭരണസമിതി കാലാവധി പൂർത്തീകരിക്കാനിരിക്കെ ഓഫീസിന്റെ താഴും മറ്റും തകർത്ത് ചിലർ അതിക്രമം കാട്ടിയത് സർവീസ് സംഘടനാ അച്ചടക്കത്തിന്റെ കടുത്ത ലംഘനമാണെന്ന് സുധാകരൻ പറഞ്ഞു. അസോസിയേഷൻ ഓഫീസ് എതിരാളികളുടെ കൈയിലെത്തിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണോ ഇപ്പോഴത്തെ സംഭവങ്ങളെന്ന് സംശയമുണ്ട്. സംഘടനാ മര്യാദയ്ക്ക് നിരക്കാത്ത നടപടികൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കാനാവില്ല. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സർക്കാർ സ്വീകരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA