
പത്തനംതിട്ട: ഗവിയിലെത്തി ഇന്ത്യാക്കാരായി മാറിയ ശ്രീലങ്കൻ തമിഴ് വംശജർക്ക് അര നൂറ്റാണ്ട് കഴിഞ്ഞിട്ടും വീടുകളായില്ല.
ശ്രീലങ്കയിലെ വംശീയ സംഘർഷത്തിൽ ഇന്ത്യയിലേക്ക് കുടിയേറിയവരിൽ 192 കുടുംബങ്ങളാണ് ലയങ്ങളിൽ താമസിക്കുന്നത്. അര നൂറ്റാണ്ട് പഴക്കമുള്ള ലയങ്ങൾ ഭിത്തികൾ പിളർന്ന് തകർച്ചയുടെ വക്കിലാണ്.
1976ലാണ് ശ്രീലങ്കൻ വംശജർ ഗവിയിലെത്തിയത്.
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരമാണ് ഗവിയിൽ താമസിപ്പിച്ചത്.
ഇടുക്കിയിലെ ഏലത്തോട്ടം മേഖലയിലേക്ക് പുനരധിവസിപ്പിക്കണമെന്നാണ് വർഷങ്ങളായി ഇവർ ആവശ്യപ്പെടുന്നത്. അതേസമയം, ഇവർക്കായി പഞ്ചായത്ത് അധികൃതർ സീതത്തോട്, കോട്ടമൺപാറ മേഖലകളിൽ നിർമാണം തുടങ്ങിയ ലൈഫ് വീട് പൂർത്തിയായില്ല. ലൈഫ് വീടുകളുടെ മറവിൽ വൻ തട്ടിപ്പ് നടന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്.തൊഴിൽ ഇല്ലാതെ അങ്ങോട്ടു താമസം മാറാൻ ഗവിയിലെ കുടുംബങ്ങളും തയ്യാറല്ല. പതിനാല് പേർ മാത്രമാണ് ലൈഫ് വീടുകൾക്ക് അപേക്ഷിച്ചത്.
♦ വനംവകുപ്പിന്റെ
15 ലക്ഷം പാഴ്വാക്ക്
ഗവിയ്ക്ക് പുറത്തു താമസിക്കാൻ ഒരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം നൽകാനുള്ള വനംവകുപ്പിന്റെ പാക്കേജ് ഗവി നിവാസികൾ അംഗീകരിച്ചതാണ്. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഒാഫീസിൽ തീരുമാനമാകാൻ കിടക്കുകയാണ് ഫയൽ.
♦ പ്രായം കൂടിയത് വള്ളിയമ്മ
ഗവി ലയങ്ങളിൽ താമസിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയത് 96കാരിയായ വള്ളിയമ്മയാണ്. ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലെ ധനുഷ്കോടിയിലെത്തിയ ശ്രീലങ്കൻ തമിഴർ ഇടുക്കി വള്ളക്കടവ് വഴി ഗവിയിലെത്തുകയായിരുന്നു. ആ യാത്രയിലുണ്ടായിരുന്ന വള്ളിയമ്മ ഉൾപ്പെടെ ഇരുപതോളം ശ്രീലങ്കൻ തമിഴരും അവരുടെ തലമുറയുമാണ് ഗവിയിലുള്ളത്.
# ലയങ്ങൾ
ഗവി ....................................22
മീനാർ................................ 7
കൊച്ചുപമ്പ........................ 7,
ആനച്ചാൽ......................... 5,
പമ്പ എട്ട് ഷെഡ് ...............4,
പതിനാലാം മൈൽ...........3.
(ഒരു ലയത്തിൽ 4 കുടുംബങ്ങൾ
. ആകെ 192 കുടുംബങ്ങൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |