SignIn
Kerala Kaumudi Online
Thursday, 25 June 2026 8.39 AM IST

തരിശാകുന്ന കൃഷിസ്ഥലങ്ങൾ

s

നമ്മുടെ സംസ്ഥാനത്ത് കാർഷിക മേഖല ശക്തിപ്പെടുന്നുവെന്നാണ് ഒരാേ കാലത്തെയും സർക്കാരുകളുടെ അവകാശവാദം. കേരളത്തെ സ്വയം പര്യപ്തമാക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്നു. പക്ഷെ, നാട്ടിൽ കാണുന്ന കാഴ്ചകൾ മറിച്ചാണ്. കൃഷിയില്ലാത്ത തരിശു ഭൂമിയുടെ വിസ്തൃതിയേറുന്നു. അരിക്കും പച്ചക്കറിക്കും നാം അന്യസംസ്ഥാനക്കാരെ കൂടുതലായി ആശ്രയിക്കുന്നു. പതിനഞ്ച് വർഷത്തിനുള്ളിൽ തരിശായി മാറിയത് പതിനയ്യായിരം ഹെക്ടറിലേറെ നെൽ വയലുകളാണെന്നാണ് കണക്ക്. പാടശേഖര സമിതികൾ രൂപീകരിച്ച് കർഷകർ കൂട്ടായും ഒറ്റയ്ക്കും കൃഷി ചെയ്തുകൊണ്ടിരുന്ന നെൽവയലുകൾക്ക് പറയാൻ കൊയ്ത്തുപാട്ടിന്റെ ഓർമ്മകൾ മാത്രമാണുള്ളത്. നിലവിൽ നെൽകൃഷി തുടരുന്ന കർഷകർക്ക് നെല്ല് സംഭരിക്കുന്ന മില്ലുടമകളുടെ ഡിമാൻഡുകൾ ഭീഷണിയായിരിക്കുകയാണ്. എടുക്കുന്ന നെല്ലിന് കിഴിവ് കൂട്ടി ചോദിച്ചാണ് കർഷകരെ വലയ്ക്കുന്നത്. ഫലത്തിൽ നെൽകൃഷിയിൽ ലാഭമില്ലാതെ കർഷകർ കളം വിടുന്ന കാഴ്ച വിദൂരത്തല്ല.

പത്തനംതിട്ട ജില്ലയിൽ അപ്പർ കുട്ടനാട്, വള്ളിക്കോട്, കൊടുമൺ, നാരങ്ങാനം പ്രദേശങ്ങളിലാണ് നെൽകൃഷി കൂടുതലായുള്ളത്.

♦ കിഴിവ് കൂടുതൽ ചോദിച്ച് മില്ലുടമകൾ

കഴിഞ്ഞ വർഷം വരെ നൂറ് കിലാേ നെല്ല് സംഭരിച്ചാൽ രണ്ട് കിലോ അധികമായി കിഴിവ് നേടിയിരുന്ന മില്ലുകാർ, ഇത്തവണ കിഴിവ് നാല് കിലോയായി വർദ്ധിപ്പിച്ചു. കിഴിവ് കൂട്ടി തന്നില്ലെങ്കിൽ നെല്ല് സംഭരിക്കില്ലെന്നാണ് മില്ലുകാരുടെ നിലപാ‌ട്. കൊയ്ത്ത് കഴിഞ്ഞ് നെല്ല് ചാക്കിൽ കെട്ടി സൂക്ഷിച്ചിരിക്കുന്ന സന്ദർഭത്തിലാണ് മില്ലുകാരുടെ വിലപേശൽ. സമയബന്ധിതമായി നെല്ല് വിറ്റുപോയില്ലെങ്കിൽ നഷ്ടമുണ്ടാകുമെന്ന ഭീതിയും കർഷകർക്കുണ്ട്.

നാരങ്ങാനം പുന്നോൺ പാടശേഖരത്തിലെ കർഷകർ ഇത്തവണ നെല്ല് വിറ്റപ്പോൾ മില്ലുകാർ കിഴിവ് കൂട്ടി ചോദിച്ചു. കർഷകർ എതിർത്തപ്പോൾ മില്ലുകാർ നെല്ല് എടുക്കാൻ തയ്യാറായില്ല. വിവരം പാഡി ഓഫീസറെ അറിയിച്ചെങ്കിലും അരക്കിലോ മാത്രമാണ് കിഴിവിൽ കുറച്ചത്. നൂറ് കിലോ നെല്ലിന് മൂന്നര കിലോ കിഴിവ് നൽകേണ്ടി വന്നു. വൻ നഷ്ടമാണുണ്ടായതെന്ന് കർഷകർ പറയുന്നു. ഒരു പാടത്തു നിന്ന് ഒരു മില്ലുകാരാണ് നെല്ല് ശേഖരിക്കുന്നത്. അതുകൊണ്ട് അവർ പറയുന്ന കിഴിവിന് നെല്ല് നൽകാൻ കർഷകർ നിർബന്ധിതരാകുകയാണ്.

'കിഴിവ് " കൂട്ടി വാങ്ങാനുള്ള നീക്കം മില്ലുകാരും പാ‌ടശേഖരസമിതികളും തമ്മിലുള്ള തർക്കത്തിന് വഴിയൊരുക്കുന്നുണ്ട്. ഇത് നെല്ല് സംഭരണം പ്രതിസന്ധിയിലാക്കും. നഷ്ടത്തിൽ കർഷകർ നെല്ല് വിൽക്കാൻ നിർബന്ധിതരായാൽ വരുംനാളുകളിലെ കൃഷിയേയും ബാധിക്കും. ഉണക്കം കുറവ്, ജലാംശം എന്നിങ്ങനെയുള്ള കാരണം നിരത്തിയാണ് മില്ലുകാർ കിഴിവ് കൂട്ടുന്നത്. ഇടപാടുകൾ സുതാര്യമാക്കാനും കർഷകർക്ക് സഹായമൊരുക്കാനും പാഡി ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവർ മുന്നിട്ടിറങ്ങാത്തത് പ്രതിസന്ധികൾക്ക് കാരണമാകുന്നു.

മില്ല് ലോബികളും പാഡി ഓഫീസർമാരും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടെന്ന ആരോപണം ശക്തമാണ്. മില്ലുടമകളും കർഷകരുമായി തർക്കമുണ്ടാകുമ്പോൾ പരിഹരിക്കേണ്ട പാഡി ഓഫീസർമാർ അതിന് തയ്യാറാകാതെ മാറി നിൽക്കുന്നതിന് കാരണം മറ്റൊന്നുമല്ലെന്ന് കർഷകർ പറയുന്നു. പുന്നോൺ പാടത്ത് കിഴിവ് കൂട്ടി ചോദിക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് കർഷകർ സമീപിച്ചെങ്കിലും പാഡി ഓഫീസർ കൈമലർത്തി.

♦ കൃഷി വ്യാപകമാകണം

സംസ്ഥാനത്ത് അര നൂറ്റാണ്ട് മുൻപ് എട്ട് ലക്ഷത്തിലേറെ ഹെക്ടർ നെൽ കൃഷി ഉണ്ടായിരുന്നു. ഇപ്പോഴത് രണ്ട് ലക്ഷം ഹെക്ടറിൽ താഴെ മാത്രമാണ്. ആലപ്പഴ ജില്ലയിൽ മാത്രം അഞ്ച് പതിറ്റാണ്ട് മുൻപ് 96,687 ഹെക്ടറിൽ നെല്ല് വിളഞ്ഞിരുന്നു. ഇപ്പോൾ കൃഷി നടക്കുന്നത് ഇരുപത്തിമൂവായിരം ഹെക്ടറിൽ മാത്രം. പ്രതിവർഷം നാൽപ്പത് ലക്ഷം ടൺ അരി ആവശ്യമുള്ള കേരളത്തിൽ ഇപ്പോൾ നടക്കുന്ന ഉത്പാദനം ഏഴ് ലക്ഷം ടൺ മാത്രമാണ്.

പണ്ട് ഗ്രാമങ്ങളിൽ ഉത്പാദിപ്പിക്കുന്ന നെല്ല് നാട്ടിൽ തന്നെയുള്ള മില്ലുകളിൽ കുത്തി സമീപ മേഖലയിൽ കർഷകർ തന്നെ വിറ്റഴിച്ചിരുന്നു. ന്യായമായ വിലയ്ക്ക് ലഭ്യമായിരുന്ന നാടൻ ഉത്പന്നത്തെപ്പറ്റി ഇന്നത്തെ തലമുറയ്ക്ക് അറിയില്ല. ഇന്ന് നാട്ടിലെ വയലുകൾ തരിശായി മാറി. നാടൻ മില്ലുകൾ അപ്രത്യക്ഷമായി. വൻകിട കുത്തക മില്ലുടമകൾ നിശ്ചയിക്കുന്ന വിലയ്ക്ക് നെല്ല് വിൽക്കാൻ കർഷകർ നിർബന്ധിതരായി. കുത്തി പായ്ക്കറ്റുകളിലാക്കി വിൽപ്പനയ്ക്ക് എത്തുന്ന അരിക്ക് മില്ലുടമകൾ നിശ്ചയിക്കുന്ന വില നൽകി വാങ്ങുകയാണ് നമ്മൾ. കുത്തക കമ്പനികൾ കർഷകരെ ചൂഷണം ചെയ്യുകയാണ്. കർഷകരോട് പ്രതിബദ്ധതയുള്ള സർക്കാരും മന്ത്രിമാരും ഉണ്ടെങ്കിൽ മാത്രമേ പഴയ കാർഷിക സംസ്കൃതിയിലേക്ക് കേരളത്തിന് തിരിച്ചുപോകാൻ കഴിയൂ. സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ കർഷകർ കൂട്ടായ്മകളും വ്യക്തികൾ ഒറ്റയ്ക്കും നടത്തുന്ന കൃഷിക്ക് സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും സർക്കാർ നൽകി വരുന്നുണ്ട്. എന്നാൽ, നാടിനെ കൃഷി സംസ്കാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാനും കൃഷി ചെയ്യാൻ താൽപ്പര്യമുള്ള പ്രോത്സാഹനം നൽകാനും കഴിയേണ്ടതുണ്ട്. കൃഷി വ്യാപകമായെങ്കിൽ മാത്രമേ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാനാകൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FARM LANDS, AGRICULTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY