
പ്രകൃതിസുന്ദരമായ ദെെവത്തിൻ്റെ സ്വന്തം നാട്ടിൽ ഈ വേനൽക്കാലത്ത് അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
അൾട്രാവയലറ്റ് സൂചിക പ്രകാരം പലയിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചില ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതുണ്ട്. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാ വയലറ്റ് സൂചിക ഉയരും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാമെന്ന് പറയുന്നു. ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക കൂടുമെന്നാണ് നിഗമനം. എന്താണ് യു.വി. രശ്മികൾ കൂടുന്നതിന് കാരണം? പല കാരണങ്ങളുണ്ടെങ്കിലും പ്രധാനം തണ്ണീർത്തടങ്ങളും വനങ്ങളുമെല്ലാം കുറയുന്നതും പരിസ്ഥിതി സന്തുലനം താളം തെറ്റുന്നതുമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
കാവുകളെ കാത്തില്ലെങ്കിൽ...
നിത്യഹരിത വനങ്ങളേക്കാൾ മൂന്ന് മടങ്ങ് വേഗത്തിൽ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിൽ കാവുകൾക്ക് നിർണ്ണായകമായ പങ്കുണ്ടെന്നാണ് കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ പറയുന്നത്.
കാടില്ലാത്ത ജില്ലയായ ആലപ്പുഴയിലുള്ള 1128 കാവുകളിൽ നാൽപ്പത് ശതമാനത്തിലേറെയുള്ള കാവുകളോടും ചേർന്ന് കുളങ്ങളുണ്ട്. തണ്ണീർത്തട സംരക്ഷണത്തിൽ അവയുടെ പങ്ക് വലുതാണെന്ന് തൻ്റെ പഠനം വെളിപ്പെടുത്തുന്നതായി ഡോ. കണ്ണൻ വാര്യർ പറയുന്നു. കേരളത്തിലെ ഒട്ടുമിക്ക കാവുകളോടും ചേർന്ന് കുളങ്ങൾ കാണപ്പെടുന്നുണ്ട്. കാവും കുളവും ചേർന്ന് ഒരു നീർമറി പ്രദേശമായി പ്രവർത്തിക്കുന്നതിനാൽ അവയുടെ സമീപത്ത്, മറ്റ് ഇടങ്ങളെ അപേക്ഷിച്ച് ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്നില്ല. കൂടാതെ ഭൂമിയിലെ ജലനിരപ്പ് ഉയർത്തുന്നതിലും കാവുകളും കുളങ്ങളും സഹായിക്കുന്നു.
വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിലും തണ്ണീർത്തടങ്ങൾക്ക് മുഖ്യ പങ്കുണ്ട്. കാവുകളിലെ സ്പോഞ്ച് പോലെയുള്ള അടിത്തട്ട് മഴവെള്ളം ഒഴുകിപ്പോകാതെ ആഗിരണം ചെയ്ത് മണ്ണിലേക്കിറക്കുന്നു. കൂടാതെ കുളങ്ങൾ ജല സംഭരണിയായി പ്രവർത്തിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കുള്ളിൽ ഇന്ത്യയിലെ നാൽപ്പത് ശതമാനത്തോളം തണ്ണീർത്തടങ്ങളും അപ്രത്യക്ഷമായി. എങ്കിലും ദൈവവിശ്വാസത്തിൻ്റെ പേരിൽ സംരക്ഷിക്കപ്പെട്ട് പോരുന്നതിനാൽ കാവുകളും കുളങ്ങളും ഒരു പരിധിവരെ നിലനിന്ന് പോരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കണ്ടലും ഏറെ പ്രധാനം
പ്രളയത്തേയും സുനാമിയെയുമെല്ലാം പ്രതിരോധിക്കാനും ടൂറിസം മേഖലയുടെ വളർച്ചയെ സഹായിക്കാനും ഏറെ ഗുണകരമാണ് കണ്ടൽക്കാടുകൾ. പക്ഷേ, കണ്ടൽക്കാടുകൾ സൃഷ്ടിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ നമ്മൾ കൊടുത്തില്ലെന്നതാണ് സത്യം. അഴിമുഖ പ്രദേശങ്ങളിലും തോടുകളിലും പുഴയോരങ്ങളിലും കണ്ടൽ വളരും. ഉപ്പുരസമുള്ള വെള്ളമാണെങ്കിലും വളർച്ചയ്ക്ക് തടസമാവില്ല. തീരങ്ങളിൽ ഈർപ്പമുള്ളതിനാൽ ജലസേചനത്തിന്റെ ആവശ്യവുമില്ല.
ജലശുദ്ധീകരണത്തിനൊപ്പം മത്സ്യം പോലുള്ള ചെറുജീവികളുടെ ആവാസ വ്യവസ്ഥയ്ക്കും കണ്ടൽ ഗുണകരമാണ്. ജലപക്ഷികളും ദേശാടനപക്ഷികളും വർദ്ധിക്കും. ഇവിടെ പ്രത്യുത്‌പാദനം നടത്തുന്ന ഒട്ടനവധി മത്സ്യങ്ങളും ഉഭയജീവികളും മറ്റു ജലജീവികളും, അവയെ ഭക്ഷിക്കുന്ന തണ്ണീർത്തട പക്ഷികളും ഉരഗങ്ങളും സസ്തനികളും കണ്ടൽ ആവാസവ്യവസ്ഥയെ തനതാക്കി മാറ്റുന്നു. ഇതിന്റെ പുഷ്പങ്ങൾ ഒഴുകുന്ന ജലത്തിൽ തട്ടിനിൽക്കുന്നത് സുന്ദരമായ കാഴ്ചയാണ്. കണ്ടലിന്റെ ഇടയിലൂടെ ബോട്ടിംഗും നടത്താം. ഇതുവഴി ടൂറിസം മേഖലയായി ഈ പ്രദേശങ്ങൾ മാറ്റിയെടുക്കാനും കഴിയും.
പരിസ്ഥിതിയുടെ കാവൽ
ശിഖരങ്ങളിൽ നിന്നും മണ്ണിൽ താണിറങ്ങുന്ന കണ്ടലിന്റെ താങ്ങുവേരുകൾ മണ്ണിൽ പിടിച്ചുനിൽക്കാൻ സഹായകമാകും. ചൂടിനേയും വേലിയേറ്റത്തെയും കടലാക്രമണങ്ങളെയും മണ്ണൊലിപ്പിനെയും മലിനീകരണത്തെയും ഫലപ്രദമായി തടയുകയും ചെയ്യും. സൂര്യപ്രകാശത്തിന് നേരെ വളരുന്ന സൂചിവേരുകൾ അന്തരീക്ഷത്തിൽ നിന്നും ഓക്‌സിജൻ വലിച്ചെടുത്തുപയോഗിക്കും. സൂചിവേരുകളിലുള്ള ധാരാളം വായു അറകൾ ജലത്തിനു മുകളിൽ തുറന്നിരുന്ന് വായുലഭ്യത കൂട്ടും. ഉപ്പുവെള്ളത്തിലും വളരുന്നതിനാൽ കായലോരങ്ങളിലെ ഉപ്പിന്റെ അംശം നല്ലതോതിൽ കുറയ്ക്കും. ചുരുക്കത്തിൽ പരിസ്ഥിതിയുടെ കാവലായി കണ്ടലിനെപ്പോലെ മറ്റൊരു ചെടിയില്ലെന്നും പറയാം. തുടർപരിപാലനം ആവശ്യമില്ലാത്ത ചെടി കൂടിയാണ് കണ്ടൽ. അതുകൊണ്ടു തന്നെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് കണ്ടൽച്ചെടി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്.
അപൂർവ ഇനങ്ങളിൽപെട്ട പക്ഷിവർഗങ്ങളുടേയും ഉഭയജീവികളുടേയും മറ്റു ജലജീവികളുടേയും സാന്നിദ്ധ്യത്താൽ സമ്പന്നമാണ് ഓരോ കണ്ടൽക്കാടും. ദേശാടനപക്ഷികൾ ഉൾപ്പെടെ വൈവിദ്ധ്യങ്ങളായ പക്ഷികൾ കണ്ടൽക്കാടുകളിലുമുണ്ട്. ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിൽ കണ്ടൽക്കാടുകൾ ഏറെ പ്രാധാന്യം വഹിക്കുന്നുണ്ട്. കേരളത്തിന് വളരെ നീളത്തിൽ കടൽത്തീരങ്ങളുണ്ടെങ്കിലും കടലോരത്തും കായലോരത്തും നദീമുഖങ്ങളിലും അഴിമുഖത്തെ ചെളിത്തട്ടുകളിലും ചതുപ്പുപ്രദേശത്തുമൊക്കെയായി കണ്ടലുകൾ വളരുന്ന പ്രദേശം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഉടമസ്ഥത സർക്കാരിന്റെയോ സ്വകാര്യവ്യക്തികളുടേയോ കൈവശമാണെങ്കിലും വനം-പരിസ്ഥിതി നിയമങ്ങൾ നഗ്‌നമായി ലംഘിച്ചാണ് കണ്ടൽക്കാടുകൾ പിഴുതുമാറ്റുന്നതെന്നും ആരോപണമുണ്ട്. ലാഭം ലക്ഷ്യമിട്ടുളള നിർമ്മാണപ്രവർത്തനങ്ങൾ, റിസോർട്ടുകളുടെ വ്യാപനം, റിയൽ എസ്റ്റേറ്റ് മാഫിയകളുടെ ഇടപെടലുകൾ, അശാസ്ത്രീയമായ ടൂറിസം പദ്ധതികൾ, കൈയേറ്റങ്ങൾ, വികസനപദ്ധതികൾ, മത്സ്യഫാമുകളുടെ നിർമ്മാണം തുടങ്ങിയവയെല്ലാം കണ്ടൽക്കാടുകളുടെ നാശത്തിന് വഴിയൊരുക്കുന്നു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ഏക്കർകണക്കിന് കണ്ടൽക്കാടുകളാണ് വെട്ടിയും തീവെച്ചും ചതുപ്പുനിലം നികത്തിയും മാലിന്യക്കൂമ്പാരങ്ങൾ വാരിയെറിഞ്ഞും പോയകാലങ്ങളിൽ നശിപ്പിച്ചത്. ഇവയെ നശിപ്പിക്കുമ്പോൾ കാലിന്റെ അടിയിലെ മണ്ണ് തന്നെയാണ് നമ്മൾ നീക്കുന്നതെന്ന് ഓർമ്മകളുണ്ടാകണം.
സഞ്ചാരികൾ കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള കയാക്കിംങ് ആസ്വദിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |